ആൽഫൈന് ഭക്ഷണം കോടുത്തത് ജോളി; സംശയം തോന്നിയില്ല; ഷീനയുടെ മൊഴി

കൂടത്തായി കൊലപാതക പരമ്പരയില്‍ ഷാജുവിന്റെ സഹോദരി ഷീനയുടെ മൊഴി തിരുവമ്പാടി പൊലീസ് രേഖപ്പെടുത്തി. ഷാജുവിന്റെയും സിലിയുടെയും മകൾ ആൽഫൈന്റെ മരണവുമായി ബന്ധപ്പെട്ടാണ് അന്വേഷണ സംഘം ഷീനയുടെ മൊഴിയെടുത്തത്. ആൽഫൈന് നൽകാനുള്ള ഭക്ഷണം എടുത്തു നൽകിയത് ജോളിയാണെന്നാണു ഷീന അന്വേഷണ സംഘത്തിനു മൊഴി നൽകിയിരിക്കുന്നത്. ഭക്ഷണം നൽകിയപ്പോൾ സംശയങ്ങൾ ഉണ്ടായിരുന്നില്ലെന്നും ഷീന മൊഴിനൽകി. 

ഷാജുവിന്റെ മൂത്തമകന്റെ ആദ്യകുര്‍ബാന വിരുന്ന് നടക്കുന്നതിനിടെ അടുക്കളയില്‍വച്ച് കുഞ്ഞിനുള്ള ഭക്ഷണം ജോളി കൈമാറുന്നത് കണ്ടെന്ന് സാക്ഷി മൊഴി നല്‍കിയിരുന്നു. മുറ്റത്തെ പന്തലില്‍ ബന്ധുക്കളോടൊപ്പം ഭക്ഷണം കഴിക്കുകയായിരുന്ന ഷാജുവിന്റെ ഭാര്യ സിലി, വീടിനകത്തായിരുന്ന കുഞ്ഞിനു ഭക്ഷണം നല്‍കാന്‍ ഷാജുവിന്റെ സഹോദരിയെ വിളിച്ചേല്‍പ്പിക്കുകയായിരുന്നു. ഇതു കേട്ട ജോളി അടുക്കളയിലെത്തി ബ്രെഡില്‍ സയനൈഡ് ചേര്‍ത്തു നല്‍കുകയായിരുന്നുവെന്നാണു സൂചന.

ജോളിയും ഷാജുവിന്റെ മാതാപിതാക്കളും അയല്‍വാസിയായ സ്ത്രീയും ജോലിക്കാരിയുമാണ് ഈ സമയം അടുക്കളയില്‍ ഉണ്ടായിരുന്നതെന്നും ദൃക്‌സാക്ഷി മൊഴി നല്‍കിയിരുന്നു. കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിലേക്കു വാഹനം പുറപ്പെട്ടതിനു പിന്നാലെ ഷാജുവിന്റെ പിതാവ് സക്കറിയാസിനെയും കൂട്ടി ജോളി മറ്റൊരു വാഹനത്തില്‍ പുറപ്പെട്ടു. കുഞ്ഞിനു നല്‍കിയ ഭക്ഷണത്തിന്റെ ബാക്കി പിന്നീട് ആര്‍ക്കും കണ്ടെത്താനും കഴിഞ്ഞില്ല.

ജോളിയുടെ ഭർത്താവ് ഷാജുവിനെയും പിതാവ് സക്കറിയാസിനെയും ചോദ്യം ചെയ്യുകയാണ്. ജോളിയോടൊപ്പവും വേവ്വേറെയും ചോദ്യം ചെയ്യും. രണ്ടാം പ്രതി മാത്യുവിനെ ക്രൈംബ്രാഞ്ച് ഓഫിസിലും ചോദ്യം ചെയ്യുകയാണ്. ഇതിനിടെ അന്വേഷണ സംഘം ജോളിയുടെ ജന്മദേശമായ കട്ടപ്പനയിലെത്തി പിതാവിന്റെയും സഹോദരന്റെയും മൊഴിയെടുത്തു. ജോളിക്കായി വ്യാജ ഒസ്യത്ത് ഉണ്ടാക്കി എന്ന ആരോപണത്തിൽ ലാൻഡ്–റവന്യൂ തഹസിൽദാർ ജയശ്രീ കലക്ടർക്കു വിശദീകരണം നൽകി.