പന്നിഫാം ആരംഭിക്കുന്നതിന് കൈക്കൂലി നൽകി, ഒടുവിൽ ചതി; വെളിപ്പെടുത്തലുമായി ഉടമ

ഇടുക്കി പട്ടയക്കുടിയിൽ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് അടച്ചുപൂട്ടിയ പന്നിഫാം ആരംഭിക്കുന്നതിന് രാഷ്ട്രീയക്കാര്‍ക്ക് ലക്ഷങ്ങൾ കൈക്കൂലി നല്‍കിയെന്ന് ഉടമയുടെ വെളിപ്പെടുത്തല്‍. ഫാം പൂട്ടാനെത്തിയ അധികൃതര്‍ക്ക് മുന്നില്‍ പ്രവാസി വനിതാ സംരഭക ആത്മഹത്യാ ഭീഷണി മുഴക്കിയതോടെ സംഭവം വിവാദമായിരുന്നു. മുന്നറിയിപ്പ് നല്‍കാതെയാണ് ഫാം ഒഴിപ്പിക്കാനെത്തിയതെന്നും ആരോപണം.

പ്രവാസി വനിതാ സംരഭകയായ വണ്ണപ്പുറം സ്വദേശി ബിന്ദു തോമസ് 2017 സെപ്റ്റംബറിലാണ് പട്ടയക്കുടി ആദിവാസി കോളനിയ്ക്ക് സമീപമുള്ള ഭൂമിയിൽ പന്നി ഫാം തുടങ്ങിയത്. അനധികൃത ഫാമിൽ നിന്നുള്ള മാലിന്യം കുടിവെള്ള ശ്രോതസിലേക്ക് ഒഴുക്കിവിടുന്നു എന്ന് ചൂണ്ടിക്കാട്ടി നാട്ടുകാര്‍ പ്രതിഷേധം തുടങ്ങുകയും ഹൈക്കോടതിയെ സമീപിച്ച് ഫാം പൂട്ടാനുള്ള ഉത്തരവ് വാങ്ങുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ  ഫാം ഒഴിപ്പിക്കുവാനായി പഞ്ചായത്ത് ഉദ്യോഗസ്ഥരും, പൊലീസും സ്ഥലത്തെത്തിയപ്പോൾ  ഉടമ ബിന്ദു തോമസ് പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.പന്നി ഫാമിന് ലൈസൻസ് വാങ്ങി നൽകാമെന്ന് കബളിപ്പിച്ച് പഞ്ചായത്ത് മെമ്പർമാരും പ്രാദേശിക രാഷ്ട്രീയ നേതാക്കളും ലക്ഷങ്ങൾ തട്ടിയതായി ബിന്ദു ആരോപിക്കുന്നു.

ഹൈക്കോടതിയിൽ പുനഃപരിശോധന ഹർജി നല്‍കാനാണ് തീരുമാനം. പഞ്ചായത്തിൽ നിന്ന് കൃത്യമായ അറിയിപ്പ് ലഭിക്കാതെയാണ് ഫാം ഒഴിപ്പിച്ചതെന്നും ആരോപണമുണ്ട്.