ആര്‍എസ്എസ് ഗാന്ധിയെ ആഘോഷിക്കുമ്പോള്‍..!

മഹാത്മാഗാന്ധിയുടെ 150–ാം ജന്‍മവാര്‍ഷികം ആഘോഷിക്കുകയാണ് രാജ്യം. ഇനിയും നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും ചേതംവരാത്ത ഓര്‍മകള്‍ ഗാന്ധിജിയുടെ ജീവിതം തന്നെ സന്ദേശങ്ങളായി നമ്മുടെ ഉള്ളിലുണ്ട്. രാഷ്ട്രീയ സന്ദേശങ്ങള്‍ക്കൊപ്പം മഹാത്മാവിന്റെ  സാമൂഹികവും ആത്മീയവും തത്വചിന്താപരവുമായ ഉള്‍ക്കാഴ്ചകള്‍ ലോകമൊട്ടുക്ക് ഉള്‍ക്കൊണ്ടിട്ടുണ്ട്. എന്നാലോ? ആ ദര്‍ശനങ്ങളുടെ മുഴുവന്‍ എതിരാളികളാണ് ഇന്നത്തെ നമ്മുടെ രാജ്യത്തെ ഭരണാധികാരികള്‍ എന്നത് മറന്നുകൂടാ. ഗാന്ധിജിയുടെ 150–ാം ജന്‍മവാര്‍ഷികം ആഘോഷിക്കുമ്പോള്‍ പ്രധാനമന്ത്രി ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധികള്‍ രാജ്യത്തോട് പറയാനിടയുള്ള കാര്യങ്ങള്‍, അവരുടെ മാതൃസംഘടനയായ ആര്‍.എസ്.എസ് എക്കാലത്തും പുലര്‍ത്തിപ്പോന്ന നിലപാടുകളോട് ചേര്‍ത്തുവച്ച് പരിശോധിക്കുന്നത് നന്നായിരിക്കും.

മഹാത്മാ ഗാന്ധിയുടെ സമ്പൂര്‍ണകൃതികള്‍ പരിശോധിച്ചാല്‍ 1947 ഏപ്രിലില്‍ ആണ് ആദ്യമായി ഗാന്ധിജി ആര്‍.എസ്.എസിനെക്കുറിച്ച് ഒരു അഭിപ്രായം പറയുന്നത്. അതിങ്ങനെയാണ്.  ഏത് സംഘടനയും ജീവിതമോ മതമോ സംരക്ഷിക്കണമെന്നുണ്ടെങ്കില്‍ ആദ്യം ചെയ്യേണ്ടത് പൊതുജനമധ്യത്തില്‍ പ്രവര്‍ത്തിക്കുക എന്നതാണ്. ഇന്നും ആര്‍.എസ്.എസ് പൊതുരംഗത്ത് നില്‍ക്കുന്ന സംഘടനയല്ല. മറിച്ച് രഹസ്യസ്വഭാവത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. 

അപ്പോഴും ഗാന്ധിജിക്ക് ആര്‍.എസ്.എസിനെക്കുറിച്ച് രണ്ടഭിപ്രായം ഉണ്ടായിരുന്നെങ്കില്‍, സംഘത്തിന് ഗാന്ധിജിയെക്കുറിച്ച് അങ്ങനെയായിരുന്നില്ല. സ്വാതന്ത്ര്യാനന്തരം കല്‍ക്കത്തയില്‍ ഹിന്ദു – മുസ്ലിം ഐക്യത്തിനായി നിരാഹാരമിരുന്ന ഗാന്ധിയെ ഓര്‍ഗനൈസര്‍ വിശേഷിപ്പിച്ചത് രാജ്യം കത്തിയെരിയുമ്പോള്‍ വീണവായിക്കുന്ന നീറോ എന്നായിരുന്നു. കലാപത്തില്‍ ഹിന്ദുക്കളെ അനുകൂലിക്കുകയും മുസ്ലിങ്ങളെ എതിര്‍ക്കുകയും ചെയ്യാത്തതിനായിരുന്നു ഈ വിശേഷണം. പക്ഷേ ആ സത്യഗ്രഹത്തിലൂടെ കല്‍ക്കത്തയില്‍ ശാന്തി തിരിച്ചുകൊണ്ടുവരാന്‍ മഹാത്മാവിന് സാധിച്ചു എന്നതാണ് ചരിത്രം.

ഇതേ സന്ദര്‍ഭം ഡല്‍ഹിയില്‍ ആവര്‍ത്തിക്കുന്നതാണ് പിന്നീട് കാണുന്നത്. 1947 സെപ്തംബറിനും 1948 ജനുവരിക്കും ഇടയില്‍ ആര്‍.എസ്.എസ് ഗാന്ധിജിക്കെതിരേ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഗാന്ധിജിയുടെ ജീവചരിത്രമെഴുതിയ രാമചന്ദ്ര ഗുഹ ചൂണ്ടിക്കാട്ടുന്നുണ്ട്. മുസ്ലിങ്ങള്‍ക്കു മേല്‍ വിദ്വേഷം ചൊരിഞ്ഞ പ്രസംഗങ്ങളിലെല്ലാം ഗാന്ധിജിയെ അപമാനിക്കാനും ആര്‍.എസ്.എസ് നേതാക്കള്‍ മറന്നില്ല. ഒക്ടോബര്‍ അവസാനവാരത്തെ ഒരു പൊലീസ് റിപ്പോര്‍ട്ട് ഗുഹ ഇങ്ങനെ ഉദ്ധരിക്കുന്നു – സംഘ് വളണ്ടിയര്‍മാര്‍ കരുതുന്നത് ‍ഡല്‍ഹിയില്‍ കുറച്ചുനാള്‍ മുമ്പ് ഉണ്ടായതുപോലൊരു ഉന്‍മൂലനശ്രമം ഉണ്ടായാല്‍ മാത്രമേ മുസ്ലിങ്ങളെ രാജ്യത്തുനിന്ന് തുടച്ചുനീക്കാന്‍ കഴിയൂ എന്നാണ്. അതിനു പക്ഷേ ആദ്യം മഹാത്മാ ഗാന്ധി ഡല്‍ഹിയില്‍ നിന്ന് മാറണം. അതിനുവേണ്ടിയാണ് അവര്‍ കാത്തിരിക്കുന്നത്. 

ഗാന്ധിജി ഈ പൊലീസ് റിപ്പോര്‍ട്ടുകള്‍ വായിച്ചിരിക്കണമെന്നില്ല. പക്ഷേ ആര്‍.എസ്.എസിന്റെ നീക്കങ്ങളെക്കുറിച്ച് അദ്ദേഹത്തിന് സ്വന്തം കേന്ദ്രങ്ങള്‍ വഴി അറിയാന്‍ കഴിഞ്ഞിരുന്നു. നവംബര്‍ 15ന് അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയില്‍ സംസാരിക്കുമ്പോള്‍ ഈ നീക്കങ്ങളെക്കുറിച്ച് അദ്ദേഹം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഓര്‍മിപ്പിക്കുന്നുണ്ട്. മുസ്ലിങ്ങള്‍ക്കെതിരായ കുല്‍സിത നീക്കള്‍ക്കു പിന്നില്‍ ആര്‍.എസ്.എസ് ആണെന്നു തന്നെ അദ്ദേഹം തുറന്നുപറഞ്ഞു. പിറ്റേന്ന് പ്രാര്‍ഥനാ യോഗത്തില്‍ അദ്ദേഹം പറഞ്ഞു. ഒരു ഭാഗത്ത് മുസ്ലിംലീഗ് മതധ്രുവീകരണം നടത്തുമ്പോള്‍ മറുഭാഗത്ത് ഹിന്ദു മഹാസഭ ആര്‍.എസ്.എസിന്റെ പിന്തുണയോടെ നടത്തുന്നത് മുസ്ലിങ്ങളെ രാജ്യത്തുനിന്ന് ഓടിക്കാനുള്ള ശ്രമങ്ങളാണ്.

പിന്നീടുള്ള മാസങ്ങളില്‍‌ കാണുന്നത് ഗാന്ധിജിക്കെതിരേ ആര്‍.എസ്.എസ് നിലപാട് കര്‍ക്കശമാക്കുന്നതാണ്. 1947 ഡിസംബറില്‍ ഡല്‍ഹിയില്‍ ആര്‍.എസ്.എസ് യോഗത്തെ അഭിസംബോധന ചെയ്ത് സര്‍സംഘ ചാലക് എം.എസ്.ഗോള്‍വാള്‍ക്കര്‍ പ്രഖ്യാപിച്ചു. മുസ്ലിങ്ങളെ ഇന്ത്യയില്‍ നിലനിര്‍ത്താന്‍ ഒരു ശക്തിക്കും കഴിയില്ല. അവര്‍ രാജ്യം വിട്ടേ മതിയാകൂ. മഹാത്മാ ഗാന്ധിക്ക് അവരെ ഇന്ത്യയില്‍ നിര്‍ത്തേണ്ടത് വോട്ടുകിട്ടാന്‍ ആവശ്യമായിരിക്കും. പക്ഷേ ആ സമയം ആകുമ്പോഴേക്ക് അവര്‍ ബാക്കിയുണ്ടാകില്ല. മഹാത്മാ ഗാന്ധിക്ക് അവരെ ഇനി തെറ്റിദ്ധരിപ്പിക്കാന്‍ കഴിയില്ല. ഇങ്ങനെയുള്ള ആളുകളെ നിശ്ശബ്ദരാക്കാന്‍ നമ്മുടെ കയ്യില്‍‌ വഴി ഇല്ലാഞ്ഞിട്ടല്ല. മറിച്ച് ഹിന്ദുക്കളായ ആളുകളോട് ശത്രുത കാട്ടാതിരിക്കുക എന്നത് നമ്മുടെ പാരമ്പര്യമാണ്, അതുകൊണ്ടാണ്. പക്ഷേ നിര്‍ബന്ധിക്കപ്പെട്ടാല്‍, നമ്മള്‍ക്ക് അതും ചെയ്യേണ്ടിവരും. 

1948ല്‍ കല്‍ക്കത്തയിലേതുപോലെ ഒരു സത്യഗ്രഹത്തിലൂടെ ഡല്‍ഹിയിലും സമാധാനം പുന:സ്ഥാപിക്കാന്‍ ഗാന്ധിജിക്ക് കഴിഞ്ഞു. തുടര്‍ന്ന് പാക്കിസ്ഥാനിലേക്ക് പോകാനിരുന്ന അദ്ദേഹം പക്ഷേ അതിനു മുന്‍പ് തന്നെ എന്നേക്കുമായി നിശ്ശബ്ദനാക്കപ്പെട്ടു. ഒരു മുന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനും അന്ന് ഹിന്ദുമഹാസഭാ പ്രവര്‍ത്തകനുമായ നാഥുറാം വിനായക ഗോദ്സെയുടെ തോക്കിന്‍ മുനയാല്‍.

ചരിത്രം ഇതായിരിക്കുമ്പോഴാണ്  പ്രചാരക് ആയ  പ്രധാനമന്ത്രി തൊട്ടു താഴോട്ടുള്ള ആര്‍.എസ്.എസ്  നേതാക്കള്‍ ഈ 150–ാം ജന്‍മവാര്‍ഷികത്തില്‍ ഗാന്ധിജിയെ പുകഴ്്ത്തിപ്പാടാന്‍ പോകുന്നത്. പിന്നെ ഒരു കാര്യമുണ്ട്. നരേന്ദ്ര മോദിയാണ് പുതിയ ഇന്ത്യയുടെ രാഷ്ട്രപിതാവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറയുക, ഒരിക്കല്‍ കൂടി ട്രംപ് ഭരണം വരട്ടെയെന്ന് മോദി പ്രചാരണം നടത്തുക – ഇതെല്ലാം സംഭവിക്കുന്ന ലോകത്ത് ഗാന്ധിജിക്ക് നേരിടുന്ന ഈ ദുര്യോഗം എത്ര നിസ്സാരമെന്ന് കരുതി നാം സമാധാനിക്കുക. അതേ വഴിയുള്ളൂ.