സന്തോഷം; ഗാന്ധിയെ ഓര്‍ക്കാന്‍ എന്റെ ചിത്രവും; ഇനി സ്ഥിരമാക്കാം: ബല്‍റാം

രാജ്യം മഹാത്മജിയുടെ ചോര വീണ ഓര്‍മകളിലൂടെ നടന്ന ദിനം. രാജ്യമെങ്ങും അദ്ദേഹത്തിന്റെ ഓര്‍മകളിലൂടെ സഞ്ചരിച്ചു. ഇക്കുറി കേരളത്തില്‍ വൈറലാകുന്ന ഒരു ഗാന്ധി ചിത്രം കൂടിയുണ്ട്. യുവ കോണ്‍ഗ്രസ് നേതാവും കെ.പി.സി.സി. ഉപാധ്യക്ഷനുമായ വി.ടി.ബല്‍റാം വരച്ച ഗാന്ധിജിയുടെ ജീവന്‍ തുടിക്കുന്ന ഒരു പെന്‍സില്‍‌ ഡ്രോയിങ്ങാണത്. പത്രം വായിച്ചുകൊണ്ട് നിലത്തിരിക്കുന്ന ഗാന്ധിജി. ബല്‍റാമിന്റെ ഉള്ളിലെ ചിത്രകാരനെ പലര്‍ക്കും മുന്നില്‍ അനാവൃതമാക്കി ചിത്രം. ചിത്രം വരയ്ക്കാനുള്ള സാഹചര്യവും ഇന്നത്തെ ദിവസം ഈ ചിത്രത്തിന് ലഭിച്ച പ്രചാരത്തിന്റെ സന്തോഷവും മനോരമ ന്യൂസ് ഡോട് കോമിനോട് വ്യക്തമാക്കുകയാണ് ബല്‍റാം.

വി.ടി.ബല്‍റാമിന്റെ വാക്കുകള്‍: സ്കൂളിലും കോളജിലും പഠിക്കുന്ന സമയത്ത് സ്ഥിരമായി വരയ്ക്കുമായിരുന്നു. മല്‍സരങ്ങളിലൊക്കെ പങ്കെടുത്തിട്ടുണ്ട്. കാര്‍ട്ടൂണിലേക്ക് പിന്നീട് തിരിഞ്ഞു. പക്ഷേ പിന്നീട് വര അങ്ങ് നിന്ന് പോയി. ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസിന്റെ മണ്ണാര്‍കാട് അസംബ്ലി കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയാണ് 'ഗാന്ധിവരയും അടിക്കുറിപ്പും’. കുട്ടികള്‍ക്കും യുവാക്കള്‍ക്കും വേണ്ടി ഗാന്ധിജിയെ വരച്ച് കുറിപ്പെഴുതി അയക്കുക. കൂട്ടത്തില്‍ വരയ്ക്കുന്നതിന്റെ വിഡിയോയും. അതിന്റെ ഉദ്ഘാടനത്തിന് എന്നോട് വരയ്ക്കാന്‍ പറ്റുമോ എന്ന് ചോദിച്ചപ്പോള്‍ വരച്ചതാണ്.

ഗാന്ധിജിയെ ഓര്‍ത്തെടുക്കുന്നതിന്റെയും ഇന്നത്തെ ദിവസത്തിന്റെയും പ്രാധാന്യവും രാഷ്ട്രീയ സന്ദേശവും കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ എന്റെ വര കാരണമായിട്ടുണ്ടെങ്കില്‍ സന്തോഷം. പലതരം അനുസ്മരണ പരിപാടികള്‍ക്കൊപ്പം ഇങ്ങനൊന്ന് കൗതുകം എന്ന തരത്തില്‍ ആളുകള്‍ കൂടുതലായി പങ്കുവെയ്ക്കുന്നു എന്നതിലും സന്തോഷം.

പണ്ട് വരച്ചതൊന്നും ഇപ്പോള്‍ എന്റെ കയ്യിലില്ല. പെട്ടിയില്‍ തപ്പി നോക്കണം. കാര്‍ട്ടൂണ്‍ അക്കാദമിയുടെ പരിപാടിയില്‍ വിഎസ് അച്യുതാനന്ദന്റെ കാര്‍ട്ടൂണ്‍ വരച്ചിരുന്നു. അദ്ദേഹത്തെ ഇരുത്തിക്കൊണ്ടാണ് അന്ന് വിഎസിന്റെ കാര്‍ട്ടൂണ്‍ വരച്ചത്. അത് 5 മിനിറ്റ് കൊണ്ട് വരച്ചാണ്. വരയ്ക്കാന്‍ ഇഷ്ടമാണ്. അതുകൊണ്ട് തന്നെ ഇനി സ്ഥിരമാക്കാവുന്നതില്‍ കുഴപ്പമില്ല. പെന്‍സില്‍‌ ഡ്രോയിങ്ങിന് പുറമേ വാട്ടര്‍ കളറും ക്രയോണും ആണ് മുന്‍പ് ചെയ്തിരുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇതൊന്നുമില്ലായിരുന്നു– വര വൈറലായതിന്‍റെ സന്തോഷം ബല്‍റാം ഇങ്ങനെ പറഞ്ഞ് നിര്‍ത്തുന്നു.