'ചെകുത്താന്മാരെ ചോരയൂട്ടി വളര്‍ത്തിയ നമ്പൂതിരിപ്പാട്'; ‌ഇഎംഎസിനെതിരെ ബൽറാം

നാൽപ്പത് വർഷത്തെ സിപിഎം ഭരണം തകർത്ത് ഏലംകുളം പഞ്ചായത്തിന്റെ പ്രസിഡന്റായി കോൺഗ്രസ് പ്രവർത്തകൻ സുകുമാരന്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ വിവരം പങ്കിട്ട് കെ.പി.സി.സി ഉപാധ്യക്ഷൻ പങ്കുവച്ച ഫെയ്സ്ബുക്ക് പോസ്റ്റിൽ മുൻ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിനെതിരെയും വിമർശനം. ഒരുപാട് ചെകുത്താന്മാരെ കാലാകാലങ്ങളിൽ പാലൂട്ടി/ചോരയൂട്ടി വളർത്തിയ നമ്പൂതിരിപ്പാടിന്റെ മണ്ണിൽ പ്രസിഡന്റായി ജനങ്ങൾ തിരഞ്ഞെടുത്ത അടിസ്ഥാന വർഗക്കാരൻ എന്നാണ് ബൽറാമിന്റെ വിശേഷണം. 

കുറിപ്പ് ഇങ്ങനെ: 

സുഹൃത്തും സഹപ്രവർത്തകനുമായ ഒരാളെ ഒന്ന് പരിചയപ്പെടുത്താം, പേര് സി. സുകുമാരൻ. ഞങ്ങളുടെ കാലത്ത് യൂത്ത് കോൺഗ്രസിന്റെ ജില്ലാ പ്രസിഡണ്ടും ഇപ്പോൾ മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയുമാണ്. ഒന്നുകൂടി ഉണ്ട്,ഏലംകുളം ഗ്രാമപഞ്ചായത്തിന്റെ പ്രസിഡണ്ടാണ് സുകുമാരൻ.

നാൽപ്പത് വർഷത്തെ സിപിഎം കുത്തക തകർത്ത് ഏലംകുളം പഞ്ചായത്തിന്റെ ഭരണത്തലപ്പത്തേക്ക് കടന്നുവന്നിരിക്കുന്ന കോൺഗ്രസുകാരൻ.

കോൺഗ്രസിനെ തകർക്കാൻ ഏത് ചെകുത്താനുമായും കൂട്ടുകൂടുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് ഒരുപാട് ചെകുത്താന്മാരെ കാലാകാലങ്ങളിൽ പാലൂട്ടി/ചോരയൂട്ടി വളർത്തിയ നമ്പൂതിരിപ്പാടിന്റെ മണ്ണിൽ പ്രസിഡണ്ടായി ജനങ്ങൾ തെരഞ്ഞെടുത്ത അടിസ്ഥാന വർഗ്ഗക്കാരൻ!