'പരാന്നജീവികളുടെ അടിമക്കൂട്ടം; അദ്ഭുതമില്ല'; പേരടിയെ പിന്തുണച്ച് ബൽറാം; കുറിപ്പ്

പു.ക.സ.യുടെ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലേക്ക് ക്ഷണിച്ചിട്ട് അവസാന നിമിഷം ഒഴിവാക്കിയെന്ന നടൻ ഹരീഷ് പേരടിയുടെ ആരോപണം വിവാദമായിരിക്കുകയാണ്.  സർക്കാരിനെ വിമർശിച്ച് ഹരീഷ് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതാണ് കാരണമെന്നാണ് വാദം. പേരടിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന് പിന്നാലെ വിമർശനങ്ങളും ഉയരുന്നു. കേരളം ഭരിക്കുന്ന സർവ്വാധിപതിക്ക് മംഗളപത്രം സമർപ്പിക്കാൻ മാത്രമറിയാവുന്ന പരാന്നജീവികളുടെ അടിമക്കൂട്ടം മാത്രമാണ് ആ സംഘടനയെന്നും ഇതിൽ അദ്ഭുതമില്ലെന്നുമാണ് കോൺഗ്രസ് നേതാവ് വി.ടി ബൽറാം ഫെയ്സ്ബുക്കില്‍ കുറിച്ചത്. 

കുറിപ്പ് ഇങ്ങനെ

'തനിക്കേറ്റവും പ്രിയപ്പെട്ട ഒരു സുഹൃത്തുകൂടിയായ അന്തരിച്ച പ്രശസ്ത നാടകകൃത്ത് എ. ശാന്തകുമാറിന്റെ അനുസ്മരണ പരിപാടിയിൽ ഔപചാരികമായി ക്ഷണിക്കപ്പെട്ട് പരിപാടിസ്ഥലത്തേക്കെത്തിച്ചേരുന്നതിന്റെ പാതിവഴിയിലാണ് ഹരീഷ് പേരടിയെ പരിപാടിയിൽ നിന്ന് ഒഴിവാക്കിയതായിപ്പറഞ്ഞ് അപമാനിച്ച് തിരിച്ചയച്ചിരിക്കുന്നത്. തന്നെ ഒഴിവാക്കാനായി സംഘാടകർ പറഞ്ഞതായി അദ്ദേഹം തന്നെ സൂചിപ്പിക്കുന്നത് "പ്രത്യേക രാഷ്ട്രീയ സാഹചര്യ"ങ്ങളാണ്.

കേരളം ഭരിക്കുന്ന സർവ്വാധിപതിക്ക് മംഗളപത്രം സമർപ്പിക്കാൻ മാത്രമറിയാവുന്ന പരാന്നജീവികളുടെ അടിമക്കൂട്ടം മാത്രമാണ് ആ സംഘടന എന്നറിയാവുന്നതുകൊണ്ട് ഇക്കാര്യത്തിൽ സാംസ്ക്കാരിക കേരളത്തിന് അത്ഭുതമൊന്നും തോന്നേണ്ട കാര്യമില്ല. അവരുടെ പരിപാടികളിൽ പങ്കെടുക്കുന്ന മറ്റ് സാംസ്ക്കാരിക പ്രവർത്തകരാണ് ഇനി സ്വന്തം ക്രഡിബിലിറ്റി വീണ്ടെടുക്കേണ്ടത്. സ്വതന്ത്രമായും നിഷ്പക്ഷമായും അഭിപ്രായങ്ങൾ വച്ചുപുലർത്തുന്നവരാണോ അതോ വെറും പാദസേവകരാണോ എന്ന് അവരോരുത്തരുമാണ് ഇനി തെളിയിച്ചു കാണിക്കേണ്ടത്'.

ഹരീഷ് പേരടിയായിരുന്നു പരിപാടിയുടെ ഉദ്ഘാടകൻ. സർക്കാരിനെ വിമർശിച്ച് ഹരീഷ് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. നാടക സംവിധായകൻ എ.ശാന്തൻ അനുസ്മരണ പരിപാടിയിലാണ് ഹരീഷ് പേരടിക്ക് വിലക്ക്. സർക്കാരിനെ വിമർശിച്ച് പോസ്റ്റിട്ടതുകൊണ്ട് തന്നെ ഈ പരിപാടി ഉദ്ഘാടനം ചെയ്യേണ്ടതില്ലെന്ന സ്‌നേഹത്തിൽ പൊതിഞ്ഞ വാക്കുകളോടെയാണ് തന്നെ ഒഴിവാക്കിയതെന്ന് ഹരീഷ് പേരടി ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.