‘അയാളെയൊക്കെ ആശാനെന്ന് വിളിച്ചവർ അനുഭവിക്കട്ടെ’: വീണ്ടും വിമര്‍ശിച്ച് ബല്‍റാം

ഇ.പി.ജയരാജന്റെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ അതിജീവിതയായ നടിയുടെ ഹര്‍ജി ദുരൂഹമെന്ന് കോടിയേരി ബാലകൃഷ്ണനും ഇപ്പോൾ പറഞ്ഞിരിക്കുകയാണ്. നടി ആക്രമിക്കപ്പെട്ട കേസ് നാണംകെട്ടതെന്ന പരാമർശവുമായി എംഎം മണിയും രംഗത്തെത്തി. സർക്കാരിന്റെയും ഇടതുപക്ഷത്തിന്റെയും നിലപാടിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായി വി.ടി ബൽറാം രംഗത്ത്. ജയരാജന്റെ പരാമർശം നാക്കുപിഴയാകുമെന്നാണ് കരുതിയത്. എന്നാൽ കോടിയേരി ബാലകൃഷ്ണനും ആന്‍റണി രാജുവും ആവർത്തിക്കുന്നു. 

'കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ അശ്ലീലമായ എംഎം മണിയുടെ പരാമർശങ്ങളേക്കുറിച്ച് ഇവിടെ പറയാനേ ഉദ്ദേശിക്കുന്നില്ല. അയാളെയൊക്കെ ആശാനെന്നും സഖാവെന്നുമൊക്കെ പൊലിപ്പിച്ച് തോളത്തെടുത്തു വയ്ക്കുന്നവർ തന്നെ അനുഭവിക്കട്ടെ. കൃത്യമായ ഡോഗ് വിസിൽ തന്നെയാണല്ലോ നേതാക്കൾ ഒന്നിനുപുറകെ ഒന്നായി നൽകിയിട്ടുള്ളത്. അതായത് കേരളത്തിലെ സിപിഎം ഇനി മുതൽ ഈ കേസിലെ അതിജീവിതക്കൊപ്പമല്ല എന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞിരിക്കുന്നു, പുറമേയ്ക്ക് അവർ എന്തൊക്കെ മറിച്ച് പറഞ്ഞാലും.'. ബല്‍റാം ഫെയ്സ്ബുക്കിൽ കുറിച്ചത് ഇങ്ങനെ. 

കുറിപ്പിന്റെ പൂർണരൂപം: 

ഇന്നു രാവിലെ അതിജീവിതക്കെതിരായ എൽഡിഎഫ് കൺവീനർ ഇപി ജയരാജന്റെ അധിക്ഷേപത്തിന്റെ വാർത്ത വായിച്ച അമ്പരപ്പിൽ അതിനെ വിമർശിച്ച് പോസ്റ്റിട്ടപ്പോഴും അതൊരു ഒറ്റപ്പെട്ട പരാമർശമോ ഒരുവേള ജയരാജന്റെ പതിവ് നാക്കുപിഴയോ ആയിരിക്കുമെന്നാണ് വിചാരിച്ചത്. അദ്ദേഹമത് തിരുത്തുമെന്നും പ്രതീക്ഷിച്ചിരുന്നു.എന്നാൽ മണിക്കൂറുകൾക്കുള്ളിൽ അതിജീവിതക്കെതിരായി കൂടുതൽ രൂക്ഷമായ വിമർശനവുമായി കടന്നുവന്നത് സിപിഎമ്മിന്റെ സാക്ഷാൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ! അതിജീവിതയുടെ പരാതിയിൽ ദുരൂഹതയുണ്ടത്രേ!പിന്നീട് സംസ്ഥാനം ഭരിക്കുന്ന മന്ത്രിയായ ആന്റണി രാജുവും അതേ ആരോപണങ്ങൾ ആവർത്തിക്കുന്നു.

കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ അശ്ലീലമായ എംഎം മണിയുടെ പരാമർശങ്ങളേക്കുറിച്ച് ഇവിടെ പറയാനേ ഉദ്ദേശിക്കുന്നില്ല. അയാളെയൊക്കെ ആശാനെന്നും സഖാവെന്നുമൊക്കെ പൊലിപ്പിച്ച് തോളത്തെടുത്തു വയ്ക്കുന്നവർ തന്നെ അനുഭവിക്കട്ടെ.സോഷ്യൽ മീഡിയ വെട്ടുകിളികൾ ഇനി നിരത്താനിരിക്കുന്ന ന്യായീകരണങ്ങളും വിതറാനൊരുങ്ങുന്ന ക്യാപ്സ്യൂളുകളും എന്തൊക്കെയായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. കൃത്യമായ ഡോഗ് വിസിൽ തന്നെയാണല്ലോ നേതാക്കൾ ഒന്നിനുപുറകെ ഒന്നായി നൽകിയിട്ടുള്ളത്. അതായത് കേരളത്തിലെ സിപിഎം ഇനി മുതൽ ഈ കേസിലെ അതിജീവിതക്കൊപ്പമല്ല എന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞിരിക്കുന്നു, പുറമേയ്ക്ക് അവർ എന്തൊക്കെ മറിച്ച് പറഞ്ഞാലും.

തൃക്കാക്കരയിൽ പി.ടി.തോമസ് എന്ന ആർജവമുള്ള ജനപ്രതിനിധി ഉണ്ടായിരുന്നത് കൊണ്ട് മാത്രം ഭരണകൂടത്തിന് തുടക്കം മുതൽ ഒതുക്കിത്തീർക്കാനാവാതെ പോയ കേസാണ് ഇത് എങ്കിലും, ഇപ്പോഴത്തെ ചോദ്യം തൃക്കാക്കരക്കാരോട് മാത്രമല്ല, കേരളത്തോട് മുഴുവനുമായിട്ടാണ്: നിങ്ങൾ ഇപ്പോൾ ആർക്കൊപ്പമാണ്? അതിജീവിതയ്ക്കൊപ്പമോ അതോ അവർക്ക് വിശ്വാസമില്ല എന്ന് അവർ തന്നെ പ്രഖ്യാപിച്ച സർക്കാരിനൊപ്പമോ?