തല വേർപെട്ട നിലയിൽ ഷുഗര്‍ ഫാക്ടറി കവാടത്തിലെ ഗാന്ധി പ്രതിമ; അന്വേഷണം

പാലക്കാട് മേനോന്‍പാറ ഷുഗര്‍ ഫാക്ടറി കവാടത്തിലെ ഗാന്ധി പ്രതിമ അ‍ഞ്ജാതര്‍ തകര്‍ത്തു. ഐ.എന്‍.ടി.യു.സിയുെട കൊടിമരത്തിനോട് ചേര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിച്ചിരുന്ന പ്രതിമയാണ്  തലയുടെ ഭാഗം അറ്റനിലയില്‍ സമീപത്തായി കണ്ടെത്തിയത്. കൊഴിഞ്ഞാമ്പാറ പൊലീസ് അന്വേഷണം തുടങ്ങി. 

കൊടിമരം സ്ഥാപിച്ചിട്ടുള്ള കോണ്‍ക്രീറ്റ് സ്തൂപത്തിലാണ് ഗാന്ധി പ്രതിമയുമുണ്ടായിരുന്നത്. ഇരുപതിലേറെ വര്‍ഷം മുന്‍പ് തൊഴിലാളികള്‍ സ്ഥാപിച്ചത്. ഈ പ്രതിമയാണ് തല വേര്‍പെട്ട നിലയില്‍ സമീപത്തായി കണ്ടത്. പ്രദേശത്ത് സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമാണ്. രാത്രിയുടെ മറവില്‍ പ്രതിമ തകര്‍ത്തതായിരിക്കുമെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണം ആവശ്യപ്പെട്ട് തൊഴിലാളികള്‍ കൊഴിഞ്ഞാമ്പാറ പൊലീസില്‍ പരാതി നല്‍കി.

ഷുഗര്‍ ഫാക്ടറിയോട് ചേര്‍ന്നാണ് ബവ്റിജസ് ചില്ലറ വില്‍പന കേന്ദ്രമുള്ളത്. തമിഴ്നാട്ടില്‍ നിന്നുള്‍പ്പെടെ നിരവധിയാളുകള്‍ മദ്യം വാങ്ങാനെത്തുന്ന സ്ഥലം. പലരും റോഡരികില്‍ വാഹനം നിര്‍ത്തി മദ്യപിക്കുന്നതും പതിവ്. ഇതാണ് സാമൂഹ്യവിരുദ്ധ ശല്യമെന്ന സംശയം ബലപ്പെടുത്തുന്നത്. ആക്രമണത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ടോ എന്നതുള്‍പ്പെടെ പരിശോധിക്കുമെന്ന് കൊഴിഞ്ഞാമ്പാറ പൊലീസ് അറിയിച്ചു.