ആ മാപ്പ് ഗാന്ധി പറഞ്ഞിട്ടോ? സവർക്കറെ വെള്ളപൂശുന്നത് ആർക്ക് വേണ്ടി?

ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കൊടുക്കാന്‍ സത്യത്തില്‍ ഗാന്ധിജി സവര്‍ക്കറെ ഉപദേശിച്ചോ? രാജ്നാഥ് സിങ് അതെയെന്ന് ആവര്‍ത്തിച്ച് പറയും. പക്ഷേ അതൊരു ഗീബല്‍സിയന്‍ നുണയാണെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തും.  ഗാന്ധിജിയ്ക്കും സവര്‍ക്കര്‍ക്കുമിടയില്‍ പുതിയ ബന്ധുത്വം കൊണ്ടുവരാനുള്ള ആര്‍എസ്എസിന്‍റെയും ബിജെപിയുടെയും നീക്കം എന്തിന്‍റെ സൂചനയാണ്? ചരിത്രം പറയുന്നതെന്താണ്?

ജാക്സണ്‍ വധക്കേസില്‍ ഇരട്ട ജീവപര്യന്തം തടവിന് വിധിക്കപ്പെട്ടാണ് വി.ഡി സവര്‍ക്കര്‍ പോര്‍ട്ട് ബ്ലെയറിലെ സെല്ലുലാര്‍ ജയിലില്‍ എത്തപ്പെടുന്നത്. അതും 28-ാം വയസില്‍. എത്രയൊക്കെ കൂട്ടിക്കിഴിച്ചിട്ടും ശിക്ഷ പൂര്‍ത്തിയാക്കാന്‍ അരനൂറ്റാണ്ടെടുക്കുമെന്ന തിരിച്ചറിവാണ് സവര്‍ക്കറെ നിരുപാധിക മാപ്പ് അപേക്ഷ നല്‍കാന്‍ പ്രേരിപ്പിച്ചതെന്ന് മാപ്പപേക്ഷകളില്‍ നിന്ന് വ്യക്തമാണ്. 

ബന്ധുക്കൾ നൽകിയ രണ്ടെണ്ണത്തിന് പുറമേ അഞ്ച് മാപ്പപേക്ഷകളാണ് സവർക്കർ സ്വന്തം നിലയിൽ ബ്രിട്ടീഷ് സർക്കാരിന് നൽകിയത്. ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ആറാം മാസം സവര്‍ക്കറുടെ ആദ്യ മാപ്പപേക്ഷ 1911 ൽ ബ്രിട്ടീഷ് സര്‍ക്കാരിന് ലഭിച്ചു.

1913 ല്‍  ആന്‍ഡമാന്‍ ജയില്‍ സന്ദര്‍ശിച്ച ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ റെയ്നാള്‍ഡ് ക്രഡോകിനും സവര്‍ക്കര്‍ മാപ്പപേക്ഷ നല്‍കി. അതില്‍ പറയുന്നത് ഇങ്ങനെയാണ്. ബ്രിട്ടീഷ് സര്‍ക്കാരിന് കരുണ തോന്നി എന്നെ വിട്ടയയ്ക്കുകയാണെങ്കില്‍ സര്‍ക്കാരിന്‍റെ ഏറ്റവും വിശ്വസ്തനും ഭരണഘടനാ പുരോഗതിയുടെ വക്താവുമായി ഞാന്‍ പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ ആവശ്യപ്പെടുന്ന ഏത് നിലയിലും സര്‍ക്കാരിനെ സേവിക്കാന്‍ ഞാന്‍ തയ്യാറാണ്. കരുണാമയനായ പിതാവിന്‍റെ അടുത്തേക്ക് മുടിയനായ പുത്രന്‍ മാനസാന്തരപ്പെട്ട് മടങ്ങി വന്ന് മാപ്പപേക്ഷിച്ചത് പോലെ ധൂര്‍ത്തനായ ഈ പുത്രന്‍ ഭരണകൂടത്തിന്‍റെ ദയയല്ലാതെ മറ്റെന്താണ് പ്രതീക്ഷിക്കേണ്ടത്? 

ബൈബിളിലെ കഥയൊക്കെ കൂട്ടുപിടിച്ചാണ് സവര്‍ക്കര്‍ മാപ്പപേക്ഷ നടത്തിയതെങ്കിലും സംഭവം ഏറ്റില്ല. ബ്രിട്ടീഷ് ഇന്ത്യയിലെ ഏറ്റവും വിനാശകാരിയായ മനുഷ്യന്‍ എന്നായിരുന്നു സവര്‍ക്കര്‍ക്ക് ബ്രിട്ടീഷുകാര്‍ മാര്‍ക്കിട്ടത്. രണ്ടാം മാപ്പപേക്ഷയും തള്ളിപ്പോയി. ഇത് 1913ലാണ് നടക്കുന്നത്. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിലേക്ക് എത്തിയതാവട്ടെ 1914 ലും. രാജ്നാഥ് സിങിന്റെ വാദം ഇവിടെ പൊളിയുന്നു. 1920 ൽ മാത്രമാണ് ഗാന്ധിജി ഈ ചിത്രത്തിലേക്ക് വരുന്നത്. 

1920 ൽ സവർക്കർ സഹോദരൻമാരിൽ മൂന്നാമനായ എൻ ഡി സവർക്കറാണ് ജയിൽ മോചനത്തിനായി ഗാന്ധിയുടെ ഉപദേശം തേടി കത്തയയ്ക്കുന്നത്. രാഷ്ട്രീയ തടവുകാരെ വിട്ടയ്ക്കുന്ന കൂട്ടത്തിൽ സവർക്കറെ കൂടി ഉൾപ്പെടുത്താനുള്ള ആവശ്യം മുന്നോട്ട് വച്ചാലോ എന്നതായിരുന്നു അത്. ഇക്കാര്യത്തിൽ ഉപദേശം നൽകുക കഠിനമാണെന്ന് എഴുതിയ ഗാന്ധിജി വേണമെങ്കിൽ താനൊരു പരാതിയുടെ മാതൃക തയ്യാറാക്കി നൽകാമെന്ന് അറിയിക്കുന്നുണ്ട്. സവർക്കർ സഹോദരൻമാരെ രാഷ്ട്രീയ തടവുകാരായാണ് ഗാന്ധിജി കരുതിയിരുന്നതെന്ന് 'ദ് കലക്ടഡ് വർക്സ് ഓഫ് മഹാത്മാഗാന്ധി'യങ് ഇന്ത്യയിൽ വന്ന ലേഖനത്തെ അടിസ്ഥാനമാക്കി പറയുന്നു. ഇതേതുടർന്ന് വീണ്ടും എൻ ഡി സവർക്കർ അയച്ച കത്തിന് മറുപടിയായി സവർക്കർ സഹോദരൻമാരുടേത് തികച്ചും രാഷ്ട്രീയ തടവാണെന്നും അത്തരത്തിൽ പൊതുജന ശ്രദ്ധ ആകർഷിക്കേണ്ടതുണ്ടെന്നുമാണ് ഗാന്ധിജി ആവർത്തിക്കുന്നത്. പക്ഷേ ബ്രിട്ടീഷുകാരുടെ കയ്യിലാണ് ഇന്ത്യയുടെ ഭാവി ശോഭനമായിരിക്കുക എന്ന് വിശ്വസിച്ചിരുന്ന സവർക്കർ സഹോദരൻമാർ രാഷ്ട്രീയ തടവുകാരായി അറിയപ്പെടാൻ വിമുഖത കാട്ടിയെന്നതാണ് വാസ്തവം.  

വി ഡി സവർക്കറെ ജയിലിൽ നിന്ന് വിട്ടയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച മാപ്പപേക്ഷയിൽ ഒപ്പിടാൻ ഗാന്ധിജി തയ്യാറായില്ലെന്നും ചരിത്രം പറയുന്നു. മഹാരാഷ്ട്ര പിസിസി പ്രസിഡന്റായിരുന്ന ശങ്കർ റാവു ദിയോയ്ക്ക് എഴുതിയ കത്തിൽ ഗാന്ധി ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഒപ്പിടണം എന്ന് ആവശ്യപ്പെട്ട് തന്നെ സമീപിച്ചവരോട് നിയമപ്രകാരം വിട്ടയയ്ക്കപ്പെടുന്നതിന് സവർക്കർ അർഹനാണെന്ന് പറഞ്ഞാണ് താൻ നിരസിച്ചതെന്ന് ഗാന്ധി വിശദീകരിക്കുന്നു. ആശയപരമായും പ്രവർത്തന രീതികളിലും ഭിന്നതയുണ്ടെങ്കിലും സവർക്കറുെട ജയിൽ വാസം അവസാനിക്കുന്നതിൽ തനിക്ക് യാതൊരു എതിർപ്പുമില്ലെന്നും ഗാന്ധി കൂട്ടിച്ചേർത്തിട്ടുണ്ട്.

ആശയപരമായ ഭിന്നത സവർക്കറുമായുണ്ടെന്നാണ് ഗാന്ധിജി പറഞ്ഞിരുന്നതെങ്കിൽ വ്യക്തിപരമായ വിരോധം ഗാന്ധിയോട് സവർക്കർക്ക് ഉണ്ടായിരുന്നതായി ചരിത്രകാരനായ രാമചന്ദ്രഗുഹ വ്യക്തമാക്കുന്നു. സവർക്കർ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷവും ആശയപരമായി ഗാന്ധി സവർക്കറെ രൂക്ഷമായി വിമർശിക്കുന്നുണ്ട്. സവർക്കറുടെ നയങ്ങളോട് കോൺഗ്രസിന് സന്ധി ചെയ്യാനാവില്ലെന്നും ഗാന്ധി വ്യക്തമാക്കിയതിന്റെ രേഖകൾ ലഭ്യമാണ്. 

മാറിയ രാഷ്ട്രീയ കാലാവസ്ഥയിൽ ഗാന്ധിജിയെ കൂടി സവർക്കർ അനുകൂലിയാക്കാൻ തീവ്ര ഹിന്ദുത്വശക്തികൾ നടത്തുന്ന നീക്കങ്ങൾ ചെറുക്കപ്പെടേണ്ടതാണ്. മാപ്പ് പറയാൻ പ്രേരിപ്പിച്ചത് ഗാന്ധിയാണെന്ന പെരുനുണയിലൂടെ സവർക്കറെ വെള്ളപൂശാനാണ് ഈ ശ്രമം. ആയിരം തവണ ആവർത്തിച്ചാലും നുണ പറയുന്നത് ഗാന്ധിജിയെ കുറിച്ചാവുമ്പോൾ രാജ്യം അത് തള്ളിക്കളയുക തന്നെ ചെയ്യും.