മരട് വിധിയില്‍ സുപ്രീംകോടതി പറഞ്ഞതും പറയാത്തതും

കൊച്ചി മരടില്‍ തീരദേശപരിപാലനചട്ടം ലംഘിച്ച് നിര്‍മിച്ച ഫ്ളാറ്റുകള്‍ പൊളിക്കുന്ന പ്രശ്നത്തില്‍ ഉയരുന്ന വാദപ്രതിവാദങ്ങളില്‍ നേരും നുണയും ഇടകലര്‍ന്നിരിക്കുന്നു. ചില തെറ്റുകള്‍ അറിഞ്ഞുകൊണ്ടും ചിലത് അജ്ഞതകൊണ്ടും പ്രചരിപ്പിക്കുന്നവയാണ്. വിഷയം സങ്കീര്‍ണമായതുകൊണ്ട് മനപൂര്‍വമല്ലാതെ സംഭവിക്കുന്ന പിശകുകളെ കുറ്റപ്പെടുത്താനാകില്ല. എന്നാല്‍  മനപൂര്‍വം പറയുന്ന തെറ്റുകള്‍ക്ക് ഈ ന്യായീകരണമില്ല. വാദങ്ങളിലെയും വിവരങ്ങളിലെയും ശരിതെറ്റുകള്‍ ഇഴപിരിക്കാനുള്ള ശ്രമമാണ് ഈ കുറിപ്പുകള്‍. 

എന്താണ് സുപ്രീംകോടതി വിധി? 

2019 മേയ് 8ന് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവാണ് എല്ലാവരെയും ഞെട്ടിച്ചതും വലിയ വിവാദമായി കത്തിക്കയറിയതും. കോടതി വിധിയുടെ നിര്‍ണായകവാചകങ്ങള്‍ ഇങ്ങനെയാണ്.

In view of the findings of the Enquiry Committee , let all the structures be removed forthwith within a period of one month from today and compliance be reported to this Court.

അന്വേഷണസമിതിയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍,  ഫ്ലാറ്റുകള്‍ പൊളിച്ചുനീക്കി ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം– ഈ വാചകങ്ങളില്‍നിന്നുമാത്രം മൂന്നുകാര്യങ്ങള്‍ സുവ്യക്തമാണ്.

1) മുന്നൂറ്റിയന്‍പതോളം കുടുംബങ്ങള്‍ താമസിക്കുന്ന, ശരാശരി 50 മീറ്ററോളം ഉയരമുള്ള നാല് കെട്ടിടസമുച്ചയങ്ങളും ഒരുമാസത്തിനകം പൊളിച്ചുനീക്കാനാകുമെന്ന് രാജ്യത്തെ ഉന്നതനീതിപീഠം തെറ്റിദ്ധരിച്ചു. താമസക്കാര്‍ക്ക് ഒഴിഞ്ഞുപോകാന്‍ നിയമാനുസൃതം അനുവദിക്കേണ്ട സമയപരിധി, ഇത്രയും വലിയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ ആവശ്യമായ സമയം, അതിന്‍റെ പരിസ്ഥിതി ആഘാതം ഇത്തരം അടിസ്ഥാനകാര്യങ്ങളെക്കുറിച്ച് ജസ്റ്റിസുമാരായ അരുണ്‍ മിശ്രയും നവീന്‍ സിന്‍ഹയും ആലോചിച്ചിട്ടേയില്ല. വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നതനുസരിച്ച് ഒരു കെട്ടിടം പൊളിച്ചുമാറ്റാനുള്ള തയ്യാറെടുപ്പിനുമാത്രം ഒരുമാസത്തെ സമയംവേണം. പൊളിക്കണമെങ്കില്‍ രണ്ടുമാസം. നാലും ഒരുമിച്ചാണ്  പൊളിക്കുന്നതെങ്കില്‍ കുറഞ്ഞത് മൂന്നുമാസം. ഒരോന്നോരോന്നായി പൊളിക്കണമെങ്കില്‍ ഒരുവര്‍ഷമെടുക്കുമെന്നര്‍ഥം. പരിസ്ഥിതി പ്രശ്നങ്ങള്‍ വേറെയും.

2) ആരാണ് ഈ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കേണ്ടതെന്ന് കോടതി വ്യക്തമാക്കിയിരുന്നില്ല. സംസ്ഥാന സര്‍ക്കാരാണോ? കേന്ദ്രസര്‍ക്കാരാണോ? നഗരസഭയാണോ? കെട്ടിട നിര്‍മാതാക്കളാണോ? ഉത്തരവില്‍ ഒരു വ്യക്തതയുമില്ല. ചീഫ് സെക്രട്ടറി നടപടിയെടുത്ത് റിപ്പോര്‍ട്ടു നല്‍കണം, ഇല്ലെങ്കില്‍ സെപ്റ്റംബര്‍ 23ന് കോടതിയില്‍ ഹാജരാകണം എന്ന് കോടതി പിന്നീട് പറഞ്ഞപ്പോള്‍ മാത്രമാണ് ഇത് സര്‍ക്കാര്‍ സ്വന്തംചെലവില്‍ നടത്തേണ്ട പണിയാണ് എന്ന് വ്യക്തമാകുന്നത്.

3) സുപ്രീം കോടതി നിയോഗിച്ച അന്വേഷണസമിതിയുടെ കണ്ടെത്തലുകളാണ് ഈ ഉത്തരവിന് ആധാരമായി കോടതി സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തം. അതുകൊണ്ടുതന്നെ എന്താണ് സമിതിയുടെ റിപ്പോര്‍ട്ട് എന്നതിന് വലിയ പ്രധാന്യമുണ്ട്. 

ഇനി സുപ്രീംകോടതി വിധിയുടെ ഉള്‍പേജുകളിലേക്ക്് പോകാം. കേരള തീരദേശപരിപാലന അതോറിറ്റിയാണ് സുപ്രീംകോടതിയിലെ ഹര്‍ജിക്കാരന്‍. മരട് നഗരസഭ, സംസ്ഥാന സര്‍ക്കാര്‍, കെട്ടിടനിര്‍മാതാക്കള്‍ എന്നിവരാണ്  എതിര്‍കക്ഷികള്‍. ഫ്ലാറ്റ് ഉടമകള്‍ ഒരു ഘട്ടത്തിലും കക്ഷികളായില്ല. തീരദേശപരിപാലന അതോറിറ്റിക്കായി വാദിച്ചത് മലയാളിയായ അഡ്വ.റോമി ചാക്കോ. നിര്‍മാതാക്കള്‍ക്കായി ഹാജരായത് മറ്റൊരു മലയാളിയായ അഡ്വ. വി.ഗിരി. എന്താണ് കേരള തീരദേശപരിപാലന അതോറിറ്റി ? സംസ്ഥാനത്ത് തീരദേശപരിപാലനനിയമം നടപ്പാക്കാന്‍ നിയമപരമായ ബാധ്യതയുള്ള സംവിധാനമാണ് തീരദേശപരിപാലന അതോറിറ്റി.

നിലവില്‍ ഇതിന്‍റെ അധ്യക്ഷ സംസ്ഥാന പരിസ്ഥിതിവകുപ്പിന്‍റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ഡോ.ഉഷ ടൈറ്റസ് ആണ്. പരിസ്ഥിതി–കാലാവസ്ഥാ വിഭാഗം ഡയറക്ടറായ ഡോ.വീണ മാധവന്‍ ഐഎഎസ് ആണ് മെംബര്‍ സെക്രട്ടറി. കേന്ദ്രനിയമത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് എങ്കിലും സംസ്ഥാനസര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് ഇരുവരും എന്ന് ചുരുക്കം. 

ചട്ടം ലംഘിച്ച ഫ്ളാറ്റുകള്‍ പൊളിക്കണമെന്ന് തീരദേശപരിപാലന അതോറിറ്റി സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ടോ? ഇല്ല . 

തീരദേശപരിപാലനചട്ടം ലംഘിച്ച് നിര്‍മിച്ച ഫ്ലാറ്റുകള്‍ക്കെതിരെ നടപടിയൊന്നും വേണ്ടെന്ന് തീരുമാനിച്ച ഹൈക്കോടതിവിധി റദ്ദാക്കണമെന്നും അനുബന്ധമായി സുപ്രീംകോടതിക്ക് ഉചിതമെന്നുതോന്നുന്ന ഉത്തരവുകള്‍ പുറപ്പെടുവിക്കണം എന്നുമാണ് തീരദേശപരിപാലന അതോറിറ്റി ആവശ്യപ്പെട്ടത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ വിധിയിലെ ഒരു വാചകമാണ് അതോറിറ്റി ഏറ്റവും ഗൗരവത്തോടെ ചോദ്യം ചെയ്തത് . അത് ഇങ്ങനെയാണ്–തദ്ദേശഭരണസ്ഥാപനമായ നഗരസഭയുടെ വീഴ്ചയുടെ ഭാരം പെര്‍മിറ്റ് ലഭിച്ച കെട്ടിട നിര്‍മാതാക്കളില്‍ ചുമത്താനാകില്ല– തീരദേശപരിപാലനചട്ടലംഘനത്തിനെതിരെ തദ്ദേശസ്ഥാപനം നടപടിയെടുത്തില്ലെങ്കില്‍ സംരക്ഷണം ലഭിക്കുമെന്നുവരുന്നത് നിയമലംഘകര്‍ക്ക് കുടപിടിക്കുന്നതാണ് എന്ന്   തീരദേശപരിപാലന അതോറിറ്റി വാദിച്ചു. സുപ്രീം കോടതിയാകട്ടെ ഹൈക്കോടതി വിധി റദ്ദാക്കുക മാത്രമല്ല ഫ്ലാറ്റ് പൊളിക്കുകതന്നെ വേണം എന്ന ഉത്തരവാണ് പുറപ്പെടുവിച്ചത്. 

സുപ്രീംകോടതിവിധി അപ്രതീക്ഷിതമായിരുന്നെങ്കിലും പെട്ടെന്നുണ്ടായ ഒന്നല്ല. 2015 ഡിസംബറിലാണ് തീരദേശപരിപാലന അതോറിറ്റി സുപ്രീം കോടതിയെ സമീപിക്കുന്നത്. മൂന്നര വര്‍ഷത്തിനുശേഷമാണ് അന്തിമവിധി. ഇതിനിടെ 2018 നവംബറില്‍ ഇടക്കാല ഉത്തരവിലൂടെ സുപ്രീംകോടതി മൂന്നംഗ അന്വേഷണസമിതിയെ നിയോഗിച്ചു. ആ സമിതിയുടെ  റിപ്പോര്‍ട്ടാണ് നിര്‍ണായകമായത്. ഇപ്പോള്‍ ഏറെ വിവാദമായതും. സമിതിയുടെ പ്രവര്‍ത്തനരീതികളെക്കുറിച്ചും കണ്ടെത്തലുകളെക്കുറിച്ചും രൂക്ഷമായ വിമര്‍ശനമാണ്  ഫ്ലാറ്റ് ഉടമകള്‍ ഉയര്‍ത്തുന്നത്. എന്താണ് സുപ്രീംകോടതി സമിതിയോട് ആവശ്യപ്പെട്ടത്? അവര്‍ കണ്ടെത്തിയത് എന്താണ്? പ്രവര്‍ത്തനരീതി ശരിയായിരുന്നോ? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നാളെ.