കീശ നിറച്ച കൂവ കൃഷി; ലാഭകഥ പറഞ്ഞ് ജുമൈലാബാനു

കഴിഞ്ഞ ആറു വര്‍ഷമായി കൂവകൃഷിയിലൂടെ വിജയം കണ്ടെത്തിയ വീട്ടമ്മയുണ്ട് മലപ്പുറം എടവണ്ണയില്‍. ചെമ്പക്കുത്ത് സ്വദേശി ജുമൈലാബാനു. കണക്കുകള്‍ നിരത്തിയാണ് കൂവകൃഷിയുടെ നേട്ടം വിവരിക്കുന്നത്.

വണ്ടൂരിനടുത്ത് എറിയാട്ടെ  അഞ്ചേക്കർ വയല്‍  പാട്ടത്തിനെടുത്താണ് ജുമൈലാ ബാനുവിന്റെ കൂവകൃഷി. കഴിഞ്ഞ മൂന്ന് വർഷമായി ഇതേ സ്ഥലത്ത് കൃഷി തുടരുന്നുണ്ട്.  മുൻപ് കോഴിക്കോട് മെഡിക്കൽ കോളേജ് ഭാഗത്തായിരുന്നു കൃഷി പരീക്ഷിച്ചത് . താമസം എടവണ്ണയിലേക്ക് മാറിയപ്പോഴും കുവകൃഷിയെ കൈവിട്ടില്ല.  പാട്ടച്ചെലവും കൂലിയും കഴിഞ്ഞ് പകുതി ലാഭം ലഭിക്കുന്ന കൃഷി എന്തിന് കൈവിടണമെന്നാണ് ഇവരുടെ ചോദ്യം . ഒരേക്കർ കൃഷിയിൽ നിന്ന് കുറഞ്ഞത് അഞ്ച് ടൺ കിഴങ്ങ് ലഭിക്കും . കിലോക്ക് കുറഞ്ഞത് 50 രൂപയെങ്കിലും കിട്ടാറുണ്ട്.  ഒാരോ സീസണിലും കൃഷിയിൽ നിന്ന് ലക്ഷങ്ങളുടെ ലാഭം  ലഭിക്കുന്നതായി ജുമൈല സാക്ഷ്യപ്പെടുത്തുന്നു. 

കഴിഞ്ഞ ആറു വർഷമായി ബിസ്ക്കറ്റ് കമ്പനിക്കാണ് കുവ്വ നൽകുന്നത് . കൃഷിയിടത്തിലെത്തി അവര്‍ നേരിട്ട് ശേഖരിക്കുകയാണ് പതിവ്. വർഷം തോറും വില വർധിക്കുന്നുണ്ട്.  ഭർത്താവും മകളും പൂർണ്ണ പിൻതുണയുമായി ഒപ്പമുണ്ട്.  അടുത്തവർഷം കൂടുതൽ ഭൂമി പാട്ടത്തിനെടുത്ത് കൃഷിയിറക്കാനാണ് ജുമൈലാ ബാനുവിന്റെ തീരുമാനം.