പ്രതിസന്ധിയിലായി അപ്പോളോ ടയേഴ്സ്; തന്ത്രമെന്ന് യൂണിയനുകൾ

വാഹനവിപണിയിലെ മാന്ദ്യം കളമശേരി അപ്പോളോ ടയേഴ്സിനെ പ്രതിസന്ധിയിലാക്കുന്നതായി ആശങ്ക. ഇക്കാര്യം കാണിച്ച് അഞ്ചുദിവസത്തേക്ക് പ്രവര്‍ത്തനം നിര്‍ത്തിവച്ച കമ്പനി ഇന്നു അര്‍ധരാത്രിയോടെ വീണ്ടും തുറക്കും. അതേസമയം കരാര്‍ തൊഴിലാളികള്‍ക്ക് ബോണസ് അനുവദിക്കാതിരിക്കാനുള്ള തന്ത്രമാണ് ഇപ്പോഴത്തെ നടപടിയെന്ന് ഒരുവിഭാഗം തൊഴിലാളി യൂണിയനുകള്‍ ആരോപിക്കുന്നു.  

പ്രതിദിനം 110 ടണ്‍ ആണ് കളമശേരി അപ്പോളോ ടയേഴ്സിന്റെ ഉല്‍പാദനശേഷി. ഇതുപക്ഷെ കഴിഞ്ഞ കുറെ മാസങ്ങളായി എഴുപത് ടണ്ണിലേക്ക് കുറച്ചിരിക്കുകയാണ്. വാഹനവില്‍പനയിലെ മാന്ദ്യമാണ് കാരണം പറയുന്നത്. പ്രമുഖ കമ്പനികള്‍ ടയര്‍ എടുക്കുന്നത് കുറച്ചതോടെ കമ്പനിയുടെ കളമശേരി യൂണിറ്റില്‍ മാത്രം അന്‍പത്തി അയ്യായിരം ടയറുകള്‍ കെട്ടിക്കിടക്കുകയാണ്. ഇതും കാരണമായി കാണിച്ചാണ് ചെലവ് വെട്ടിക്കുറയ്ക്കാനെന്ന പേരില്‍ ഓണത്തിനോട് അടുപ്പിച്ച് അ‍ഞ്ചുദിവസം പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്. ചൊവ്വാഴ്ച തുടങ്ങിയ ലേ ഓഫ് ഇന്ന് അര്‍ധരാത്രി വരെയാണ്. ചാലക്കുടി അടക്കം മറ്റ് യൂണിറ്റുകള്‍ക്കും സമാനമായ പ്രതിസന്ധി ഉണ്ടെന്നാണ് അനൗപചാരിക വിശദീകരണം. എന്നാല്‍ കമ്പനി പ്രതിസന്ധിയിലാണെന്ന് വരുത്തിതീര്‍ത്ത് ബോണസ് വിഷയത്തില്‍ പുകമറ സൃഷ്ടിക്കാനാണ് ശ്രമമെന്ന് കരാര്‍ തൊഴിലാളികളുടെ സംഘടനകള്‍ പറയുന്നു. ഇത് സംബന്ധിച്ച തൊഴില്‍വകുപ്പിന് നല്‍കിയ പരാതിയില്‍ വരുന്ന വ്യാഴാഴ്ച ജില്ലാ ലേബര്‍ ഓഫിസറുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടക്കാനിരിക്കുകയാണ്. 

ഉല്‍പാദന നിയന്ത്രണത്തിന്‍റെ ഭാഗമായി മുന്‍പും ഫാക്ടറി അടച്ചിട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തെ സാമ്പത്തിക മാന്ദ്യവുമായി കൂട്ടിക്കെട്ടി മുതലെടുക്കാന്‍ ശ്രമം നടക്കുന്നു എന്നാണ് ആരോപണം.