ഓണത്തിരക്കിൽ കുതിച്ചു പാഞ്ഞ് മെട്രോ; വരുമാനം റെക്കോർഡിലേക്ക്

ഓണമൊരുക്കാൻ റോഡിൽ തിരക്ക് കൂട്ടേണ്ടെന്ന് കൊച്ചിക്കാർ തീരുമാനിച്ചതോടെ മെട്രോ നിറഞ്ഞ് കവിയുകയാണ്. മെട്രോ തൈക്കൂടം വരെ നീട്ടിയതോടെ അധികൃതരെ പോലും ഞെട്ടിച്ചാണ് ആളുകൾ ഉഷാറായി മെട്രോയെ ആശ്രയിക്കാൻ തുടങ്ങിയത്. ഈ മാസം 18 വരെ പ്രഖ്യാപിച്ചിരിക്കുന്ന 50 ശതമാനം നിരക്കിളവും റോഡിലെ തിരക്കുമാണ് യാത്രക്കാരെ ആകർഷിക്കുന്നത്.

നഗരത്തിലെ പ്രധാന സ്ഥലങ്ങളിലേക്ക് പൊടിയടിക്കാതെ സമയം നഷ്ടപ്പെടാതെ, പാർക്കിങിന് സ്ഥലം അന്വേഷിക്കാതെ എത്തിച്ചേരാമെന്നതാണ് മെട്രോയെ ഉത്സവ കാലത്ത് ജനപ്രിയമാക്കുന്നത്. മണിക്കൂറിൽ ശരാശരി 8000 പേർ കൊച്ചി മെട്രോ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ഒരു ലക്ഷത്തിനടുത്ത് വരെ യാത്രക്കാരുടെ എണ്ണമെത്തിയ ദിവസങ്ങളുണ്ടെന്നാണ് മെട്രോ അധികൃതർ പറയുന്നത്. 

തൈക്കൂടത്തേക്ക് 14 മിനിറ്റ് ഇടവേളയിലും ആലുവയിലേക്ക് ഏഴ് മിനിറ്റ് ഇടവേളയിലുമാണ് ട്രെയിൻ സർവീസ്. തിരുവോണത്തിന് മെട്രോയാത്രക്കാരുടെ എണ്ണം റെക്കോർഡിലേക്ക് എത്തുമെന്നാണ് കെഎംആർഎല്ലിന്റെ പ്രതീക്ഷ.