പൊലീസുകാര്‍ക്കെതിരെ നടപടി വൈകുന്നു; ഓമശ്ശേരിയിലെ സ്വകാര്യ ബസുകള്‍ പണിമുടക്കും.

സ്വകാര്യ ബസ് ഡ്രൈവറെ മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടി വൈകുന്നുവെന്ന് ആരോപിച്ച് കോഴിക്കോട് ഓമശ്ശേരിയിലെ സ്വകാര്യ ബസുകള്‍ നാളെ പണിമുടക്കും. സ്വകാര്യ ബസ് ഡ്രൈവറായ സുബൈറിനെ കസബ എ.എസ്.ഐയും പൊലീസുകാരനും ചേര്‍ന്ന് മര്‍ദിച്ചുവെന്ന് പരാതി. 

ഈമാസം പതിനേഴിന് കസബ സ്റ്റേഷനില്‍ വച്ച് സുബൈറിന് മര്‍ദനമേറ്റെന്നാണ് ആക്ഷേപം. എ.എസ്.ഐയും സിവില്‍ പൊലീസ് ഓഫിസറുമാണ് ആക്രമിച്ചതെന്നും പരാതിയുമായി മുന്നോട്ട് പോകരുതെന്ന് ഭീഷണിപ്പെടുത്തിയതായും പറയുന്നു. കഴുത്തിനും വയറിനും സാരമായി പരുക്കേറ്റ സുബൈര്‍ ചികില്‍സയിലാണ്. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സുബൈറിന്റെ കുടുംബം കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. അന്വേഷണത്തിന് കാലതാമസമുണ്ടാകുന്നതിനാലാണ് ബസുടമകളും ജീവനക്കാരും സൂചന പണിമുടക്ക് പ്രഖ്യാപിച്ചത്. താമരശ്ശേരി, കൊടുവള്ളി, കുന്ദമംഗലം, മുക്കം, നരിക്കുനി, ഓമശ്ശേരി മേഖലയിലെ സര്‍വീസുകള്‍ ചൊവ്വാഴ്ച മുടങ്ങും. 

ബസോടിക്കുന്നതിനിടെ സുബൈര്‍ കൈകൊണ്ട് മോശമായ ആംഗ്യം കാണിച്ചുവെന്നായിരുന്നു ബൈക്ക് യാത്രികയുടെ പരാതി. വാഹനത്തെ മറികടക്കുന്നതിനെച്ചൊല്ലി തര്‍ക്കമുണ്ടായെന്ന് മാത്രമാണ് ബസ് ജീവനക്കാര്‍ പറയുന്നത്. ഡ്രൈവര്‍ക്കെതിരെ കേസേടുക്കുന്നതിന് പകരം മര്‍ദിച്ച് മടക്കി അയക്കുകയായിരുന്നു പൊലീസുകാരുടെ ലക്ഷ്യമെന്ന് ബസുടമകള്‍ സംശയിക്കുന്നു. പണിമുടക്കില്‍ ഫലമുണ്ടായില്ലെങ്കില്‍ നിയമനടപടിക്കൊപ്പം ബസ് സമരം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനാണ് തീരുമാനം.