ഇരുട്ടിലാക്കിയില്ല; കെഎസ്ഇബി ജീവനക്കാർക്ക് വിദ്യാർഥികളുടെ ആദരം

പെരുമഴക്കാലത്ത് കാസര്‍കോടിനെ ഇരുട്ടിലാക്കാതെ സംരക്ഷിച്ച കെഎസ്ഇബി ജീവനക്കാര്‍ക്ക് ആദരവുമായി സ്കൂള്‍ വിദ്യാര്‍ഥികള്‍. പിലിക്കോട് സെക്ഷനിലെ ജീവനക്കാരെയാണ് പിലിക്കോട് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ നാഷണല്‍ സര്‍വ്വിസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തില്‍ ആദരിച്ചത്.  

തേജസ്വിനി പുഴ കരകവിഞ്ഞൊഴുകിയ ദിവസങ്ങളില്‍ കാര്യങ്കോട്, അച്ചാംതുരുത്തി തുടങ്ങിയ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം വലിയ പ്രതിസന്ധിയിലായിരുന്നു. 45 വൈദ്യുതത്തൂണുകൾ തകര്‍ന്നു. നിരവധി സ്ഥലങ്ങളിൽ വൈദ്യുതകമ്പികൾ പൊട്ടിവീണു. ഒരു ട്രാൻസ്‌ഫോർമർ നിലംപൊത്തി. ഏഴ് ട്രാൻസ്ഫോർമറുകൾ വെള്ളത്തിനടിയില്‍. കനത്ത മഴയെ വകവയ്ക്കാതെ പിലിക്കോട് സെക്്ഷനിലെ ഉദ്യോഗസ്ഥര്‍ അത്യധ്വാനം നടത്തിയാണ് തകരാറുകള്‍ പരിഹരിച്ച് നാട്ടില്‍ വെളിച്ചമെത്തിച്ചത്. ഇവരുടെ ആത്മസമർപ്പണത്തിനുള്ള അംഗീകാരമായിരുന്നു വിദ്യാർത്ഥികളുടെ സ്നേഹാദരം.  

അധ്യാപകരും, വിദ്യാര്‍ഥികളും ചേര്‍ന്ന് കെഎസ്ഇബി സെക്്ഷന്‍ ഓഫീസിലെത്തിയാണ് ജീവനക്കാരെ ആദരിച്ചത്. സെക്്ഷന്റെ പരിധിയില്‍ വരുന്ന സ്ഥലങ്ങളിലെ പ്രശ്നങ്ങള്‍ വെറും നാലുദിവസത്തിനുള്ളിലാണ് ജീവനക്കാര്‍ പരിഹരിച്ചത്.