പാലക്കാടിന്‍റെ മലയോരത്ത് സങ്കടക്കാഴ്ചകൾ മാത്രം; ഇനിയിവിടം വാസയോഗ്യമോ?

ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും പാലക്കാടിന്റെ മലയോരങ്ങളിലുളളവരെ ആശങ്കയിലാക്കുന്നു. കല്ലടിക്കോട്, പാലക്കയം, ശിരുവാണി മലകളിലെ പത്തിലധികം അപകടങ്ങളാണ് ജനജീവിതത്തിന് ഭീഷണിയായത്. 

പരിസ്ഥിതിലോലമെന്ന് മാധവ് ഗാഡ്ഗിലും, കസ്തൂരി രംഗനും എഴുതിവച്ചയിടങ്ങളും അതിനോട് ചേര്‍ന്നുവരുന്ന പ്രദേശങ്ങളിലുമാണ് വലിയരീതിയില്‍ മലയിളകിയത്. പാലക്കയം, കരിമ്പ പഞ്ചായത്തിലെ പുതുക്കാട്, ശിരുവാണി, കല്ലടിക്കോട് മൂന്നേക്കര്‍ തുടങ്ങി മിക്കയിടങ്ങളിലും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായി.ഏത് നിമിഷവും താഴേക്ക് പതിക്കാവുന്ന നിലയില്‍ ഭൂമിയില്‍ വിളളലുകള്‍ രൂപപ്പെട്ടു. ഇനിയിവിടം താമസത്തിന് യോഗ്യമാണോയെന്ന് സംശയിക്കുകയാണ് ജനങ്ങള്‍.

ഒരു കിലോമീറ്റര്‍ ദൂരത്തിലേക്ക് വരെയാണ് കൂറ്റന്‍കല്ലുകളും മണ്ണും ഒഴുകിയെത്തി കൃഷിയിടങ്ങള്‍ ഇല്ലാതായത്. അഞ്ചടി വരെ ഉയരത്തിലാണ് ചെളി നിറഞ്ഞിരിക്കുന്നത്. കാലുകുത്തിയാല്‍ താഴ്ന്നുപോകും. താമസവും കൃഷിയുമൊക്കെ എങ്ങനെയാകും.ഭൂമിയില്‍ മനുഷ്യന്‍ സൃഷ്ടിച്ച അതിരുകള്‍ മാറി, മലകള്‍ നീങ്ങി, നീര്‍ച്ചാലുകള്‍ രൂപപ്പെട്ടു. സങ്കടക്കാഴ്ചകളാണ് എല്ലായിടത്തും.