പ്രളയാനന്തരം ആലപ്പുഴയിൽ ആയിരം കോടി നൽകിയെന്ന് സർക്കാർ; അർഹതപ്പെട്ടവർക്ക് ഇനിയും നൽകും

പ്രളയാനന്തര ദുരിതാശ്വാസമായി ആലപ്പുഴ ജില്ലയില്‍ ആയിരംകോടി രൂപ വിതരണംചെയ്തതായി സംസ്ഥാനസര്‍ക്കാര്‍. നാനൂറുകോടി രൂപകൂടി അര്‍ഹതപ്പെട്ടവര്‍ക്ക് ഇനിയും വിതരണം െചയ്യും.  പ്രളയത്തില്‍ പൂര്‍ണമായും തകര്‍ന്ന മൂന്നിലൊന്ന് വീടുകള്‍ പുനര്‍നിര്‍മിച്ചതായി ജില്ലാഭരണകൂടവും അറിയിച്ചു. പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ ജനകീയം ഈ അതിജീവനം പരിപാടി ജില്ലയില്‍ പൂര്‍ത്തിയായി.

ആലപ്പുഴ ജില്ലയില്‍ പ്രളയാനന്തര ദുരിതാശ്വാസമായി 10 ലക്ഷം പേര്‍ക്ക് 1000 കോടി രൂപ ഇതുവരെ വിതരണം ചെയ്തെന്നാണ് കണക്ക്. അര്‍ഹരായവര്‍ക്ക് ഇനിയും അപേക്ഷകള്‍ക്ക് അവസരം നല്‍കും. അതിനായി അദാലത്തുകള്‍ നടത്തും. ജില്ലയില്‍ പൂര്‍ണ്ണമായി തകര്‍ന്ന 2516 വീടുകളില്‍ 837 വീടുകള്‍ പുനര്‍നിര്‍മിച്ചു. ഭാഗികമായി തകര്‍ന്ന വീടുകള്‍ക്ക് അറ്റകുറ്റപ്പണിക്ക് ധനസഹായം അനുവദിച്ചു. 430  കിലോമീറ്റര്‍ റോഡുകളും 20 പാലങ്ങളും പ്രളയനന്തരം പുനര്‍നിര്‍മ്മിച്ചു. കൃഷിനാശം സംഭവിച്ചവരില്‍ 69, 726 കര്‍ഷകര്‍ക്ക് സഹായധനം നല്‍കി. ആരോഗ്യമേഖലയില്‍ 60 ലക്ഷം രൂപ ചെലവില്‍ 6 ആശുപത്രികള്‍ക്ക് പുതുമോടി നല്‍കി. 

സഹകരണ വകുപ്പിന്റെ കെയര്‍ ഹോം പദ്ധതിയില്‍ പൂര്‍ത്തീകരിച്ച 25 വീടുകളുടെ താക്കോല്‍ ദാനം മന്ത്രി ജി. സുധാകരന്‍ നിര്‍വ്വഹിച്ചു. 201 വീടുകളാണ് കെയര്‍ ഹോം പദ്ധതി പ്രകാരം ജില്ലയില്‍ നിര്‍മ്മിക്കുന്നത്. റീബില്‍ഡ് കേരള, ആം ഫോര്‍ ആലപ്പി പദ്ധതികള്‍ വഴി നിര്‍മിച്ച വീടുകളുടെ  താക്കോലും കൈമാറി