പ്രളയാനന്തര പുനർനിർമാണം; സർക്കാർ നടത്തിയ കോൺക്ലേവിന് തണുപ്പൻ പ്രതികരണം

പ്രളയാനന്തര പുനര്‍നിര്‍മാണത്തിനുള്ള ധനസമാഹരണത്തിന് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ കോണ്‍ക്ലേവിന് തണുപ്പന്‍ പ്രതികരണം. പുതുതായി ഒരു വായ്പാ വാഗ്ദാനമോ പദ്ധതിയോ കോണ്‍ക്ലേവ് വഴി നേടാനായില്ല. കേരളത്തിന്റെ വികസനപങ്കാളിയാകാമെന്ന് ലോകബാങ്ക് അറിയിച്ചെങ്കിലും ഇത് എങ്ങനെയെന്നും വ്യക്തമല്ല.

ലോകബാങ്ക്, എഡിബി, ജെയ്ക്ക തുടങ്ങിയ വിദേശ ഏജന്‍സികളും നബാര്‍ഡ്, ഹഡ്കോ തുടങ്ങിയ ആഭ്യന്തര ഏജന്‍സികളും ടാറ്റ ട്രസ്റ്റും കോണ്‍ക്ലേവില്‍ പങ്കെടുത്തു. സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ കോണ്‍ക്ലേവില്‍ അവതരിപ്പിച്ചെങ്കിലും പുതുതായി വായ്പയോ സാമ്പത്തിക സഹായമോ ഉറപ്പ് ലഭിച്ചില്ല. സംസ്ഥാനത്തെ വികസനപങ്കാളിയാക്കാമെന്ന് ലോകബാങ്ക് വാഗ്ദാനം ചെയ്തെങ്കിലും എങ്ങനെയെന്നും പ്രയോജനമെന്തെന്നും സര്‍ക്കാരിനും വിശദീകരിക്കാനാവുന്നില്ല.

കോണ്‍ക്ലേവില്‍ പങ്കെടുത്ത ഏജന്‍സികളെല്ലാം കേരള പുനര്‍നിര്‍മാണത്തിന് സഹായിക്കാനുള്ള സന്നദ്ധത അറിയിച്ചു. റോഡുകളുടെ പുനര്‍നിര്‍മാണത്തിലും നഗരജലവിതരണത്തിനും നബാര്‍ഡ് സഹായിക്കും. പ്രകൃതിദുരന്ത സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സ്ഥിരം സംവിധാനം രൂപീകരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ജലവിതരണം, മാലിന്യസംസ്കരണം, കൃഷി, തൊഴില്‍, മൃഗസംരക്ഷണം എന്നീ മേഖലകളിലെ വിവിധ പദ്ധതികളും കോണ്‍ക്ലേവ് ചര്‍ച്ച ചെയ്തു. പുനര്‍നിര്‍മാണത്തിനുള്ള സാമ്പത്തിക–സാങ്കേതിക സഹായം നേടുന്നതിനായിരുന്നു കോണ്‍ക്ലേവ് സംഘടിപ്പിച്ചത്. ചികില്‍സയിലായതിനാല്‍ ധനമന്ത്രി തോമസ് ഐസക്ക് കോണ്‍ക്ലേവില്‍ പങ്കെടുത്തുമില്ല.