കഞ്ചിക്കോട്ട് തർക്ക ഭൂമി നൽകി ഉദ്യോഗസ്ഥരുടെ തട്ടിപ്പ്; വളരാതെ വ്യാവസായിക മേഖല

പാലക്കാട്ടെ കഞ്ചിക്കോട് വ്യവസായമേഖലയില്‍ സംരംഭകര്‍ക്ക് ഭൂമി അനുവദിക്കുന്നതില്‍ ഉദ്യോഗസ്ഥരുടെ തട്ടിപ്പ്. തര്‍ക്കത്തിലും േകസിലുമുളള ഭൂമി കൈമാറിയാണ് ജില്ലാ വ്യവസായ കേന്ദ്രം നിക്ഷേപകരെ ചതിക്കുന്നത്. കേസുളള ഭൂമി ഒഴിവാക്കി പകരം മറ്റൊന്ന് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകാത്തത് ചെറുകിട സംരംഭകരെ വെട്ടിലാക്കുന്നു.

കോഴിപ്പാറ സ്വദേശി ആരോഗ്യസ്വാമിയെപ്പോലെ പാലക്കാട് ജില്ലാ വ്യവസായ കേന്ദ്രം ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയില്‍, ചതിക്കപ്പെട്ടവര്‍ നിരവധിയാണ്. 2018 ഫെബ്രുവരിയില്‍ 25 സെന്റ് സ്ഥലമാണ് ആരോഗ്യസ്വാമിക്ക് ,കഞ്ചിക്കോട് വ്യവസായ മേഖലയില്‍ ഇഷ്ടികനിര്മാണ യൂണിറ്റ് തുടങ്ങാന്‍ ലഭിച്ചത്.

രണ്ടുലക്ഷം രൂപയും അടച്ചു. ‌ലക്ഷങ്ങള്‍ വിലയുളള യന്ത്രങ്ങളും മറ്റും വാങ്ങി സ്ഥാപനം തുടങ്ങാനിരിക്കെ , ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ഭൂമി ഇടപാട് ഹൈക്കോടതി തടഞ്ഞു. ഭൂമി കൈമാറ്റം ചോദ്യം ചെയ്ത് ഇവിടെ പ്രവര്‍ത്തിച്ച മറ്റൊരു കമ്പനി കേസിന് പോയി. കേസും തര്‍ക്കവും എന്ന് തീരുമെന്ന് ഉറപ്പില്ലാത്തതിനാല്‍ , തര്‍ക്കമില്ലാത്ത മറ്റൊരു സ്ഥലം ആരോഗ്യസ്വാമിക്ക് കൊടുക്കേണ്ടതാണ്. പക്ഷേ കേസ് തീരട്ടെയെന്നാണ് ഉദ്യോഗസ്ഥരുടെ വിചിത്രമായ മറുപടി. 

വന്‍കിട കമ്പനികള്‍ മിക്കതും കഞ്ചിക്കോടിനെ വിട്ടൊഴിഞ്ഞു. ഇതിനിടെയാണ് ചെറുകിട സംരംഭകരെയും ഉദ്യോഗസ്ഥര്‍ വെറുപ്പിക്കുന്നത്. കഞ്ചിക്കോട് വ്യവസായ മേഖലയിലെ അടിസ്ഥാനസൗകര്യങ്ങളുടെ കുറവ് മാത്രമല്ല പ്രതിസന്ധി. അടിസ്ഥാനപരമായി ഉദ്യോഗസ്ഥരുടെ വീഴ്ചകള്‍ മാത്രം പരിഹരിച്ചാല്‍ വ്യവസായനിക്ഷേപ സൗഹൃദമാകും.