ആന്തൂർ നഗരസഭയ്ക്കെതിരെ വീണ്ടും മനുഷ്യാവകാശ കമ്മിഷൻ; സെക്രട്ടറിക്കും കലക്ടർക്കും നോട്ടിസ്

ആന്തൂര്‍ നഗരസഭയ്ക്കെതിരെ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. തളിപ്പറമ്പ് വെള്ളിക്കീല്‍ ഇക്കോ പാര്‍ക്കില്‍ തുടങ്ങിയ സംരംഭത്തിന് പ്രവര്‍ത്തനാനുമതി നല്‍കാത്തതുമായി ബന്ധപ്പെട്ട പരാതിയിലാണ് കേസ്. പദ്ധതി മുടങ്ങിയതുമായി ബന്ധപ്പെട്ട് നഗരസഭയ്ക്ക് വീഴ്ചപറ്റിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടെന്ന് കമ്മിഷന്‍ അംഗം പി.മോഹനദാസ് വ്യക്തമാക്കി.

കലക്ടര്‍ ചെയര്‍മാനായ ജില്ല ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്‍റെ അനുമതിയോടെയാണ് ഇക്കോ പാര്‍ക്കില്‍ ഫുഡ് കോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ള സംരംഭം തുടങ്ങിയത്. എന്നാല്‍ നിര്‍മാണം അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടി  ആന്തൂര്‍ നഗരസഭ ഇത് അടപ്പിച്ചിരുന്നു. പലതവണ അപേക്ഷ നല്‍കിയിട്ടും തുറന്ന് പ്രവര്‍ത്തിക്കാന്‍ നഗരസഭ അനുമതി നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സംരഭക സുഗിലയും ഭര്‍ത്താവും മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്

പരാതി സ്വീകരിച്ച കമ്മിഷന്‍ നഗരസഭ സെക്രട്ടറിക്കും കലക്ടര്‍ക്കും നോട്ടിസ് അയച്ചു. നാലാഴ്ചക്കുള്ളില്‍ മറുപടി നല്‍കണം. പി.കെ.ശ്യാമള പറയുന്നതും കമ്മിഷന്‍ കേള്‍ക്കും.

പ്രവാസി സാജന്‍ പാറയില്‍ അത്മഹത്യ ചെയ്ത സംഭവത്തിലും നേരത്തെ മനുഷ്യാവകാശ കമ്മിഷന്‍ ആന്തൂര്‍ നഗരസഭയ്ക്ക് നോട്ടിസ് അയച്ചിട്ടുണ്ട്.

MORE IN KERALA