ശബരിമല വികസനം തടസപ്പെടുത്തുന്നത് വനം വകുപ്പിലെ ചിലർ; എ. പത്മകുമാർ

ശബരിമല വികസനത്തെ ചൊല്ലി ദേവസ്വംബോര്‍ഡും വനംവകുപ്പും തമ്മിലുണ്ടായിരുന്ന ഏറ്റുമുട്ടലിന് താല്ക്കാലിക പരിഹാരം .പ്രളയകാലത്ത് പമ്പയില്‍ അ‍‍ടിഞ്ഞ മണലില്‍ നിന്ന് ദേവസ്വംബോര്‍ഡിന് നിര്‍മാണത്തിനായി  ആവശ്യമുള്ളത് എടുക്കാമെന്ന് വനംവകുപ്പ് സമ്മതിച്ചു. ശബരിമലയിലുള്ള ഭൂമിയില്‍ 93 ഏക്കറിലും നിര്‍മാണത്തിന് രൂപരേഖ തയാറാക്കാനും ധാരണയായി. വനം വകുപ്പിലെ ചില ഉദ്യോഗസ്ഥരാണ് ശബരിമലക്കെതിരെ നില്‍ക്കുന്നതെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ്  എ.പത്മകുമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു  

ശബരിമലയില്‍ നിര്‍മാണം  നടത്തുന്നതിലും പമ്പയിലെ മണല്‍ എടുക്കുന്നതിലും വനംവകുപ്പിനുണ്ടായിരുന്ന എതിര്‍പ്പാണ് ദേവസ്വംബോര്‍ഡുമായി ഏറ്റുമുട്ടലിന് കാരണമായിരുന്നത്. 93 ഏക്കറില്‍ 63 ഏക്കറിലെ വികനസനത്തിനുള്ള  രൂപരേഖ തയാറാക്കാവൂ എന്ന പിടിവാശിയില്‍ നിന്ന് വനംവകുപ്പ് പിന്നോട്ട് പോയി. 93 ഏക്കറിലെ രൂപരേഖതയാറാക്കാമെന്നും 63 ഏക്കറില്‍ നിര്‍മാണം നടത്താമെന്നും വനംവകുപ്പ് സമ്മതിച്ചു. 

പമ്പയില്‍ അടിഞ്ഞ  മണല്‍ നിര്‍മാണത്തിന് എടുക്കാന്‍ ആറുകോടി രൂപയാണ് ദേവസ്വംബോര്‍ഡിനോട് വനംവകുപ്പ് ചോദിച്ചത്. ഏറ്റവുമൊടുവില്‍ ശബരിമലയോട് ചേര്‍ന്ന വശത്തെ മണല്‍ മാത്രമേ നല്‍കൂ എന്ന് വനംവകുപ്പ് വാശിപിടിച്ചു.ഒടുവില്‍ നിര്‍മാണത്തിന് അനുയോജ്യമായ മണല്‍ നല്‍കാമെന്ന് ദേവസ്വംമന്ത്രി,ദേവസ്വംബോര്‍ഡ് പ്രസിഡന്‍് എന്നിവരുമായുള്ള ചര്‍ച്ചയില്‍ വനംമന്ത്രി കെ രാജു സമ്മതിച്ചു. 

ശബരിമല വികസനത്തിനുള്ള ഹൈപ്പവര്‍ കമ്മിറ്റിയില്‍ വനംവകുപ്പ് മിണ്ടാതിരിക്കുകയും പുറത്തിറങ്ങി എതിര്‍ക്കുകയും ചെയതതോടെയാണ് ദേവസ്വംബോര്‍ഡും വനംവകുപ്പും പരസ്യമായ ഏറ്റുമുട്ടലിലേക്ക് പോയത്.