എൻഡോസൾഫാൻ നഷ്ടപരിഹാര പട്ടിക; ആശ്വാസമായി സുപ്രീംകോടതി ഉത്തരവ്

എന്‍ഡോസള്‍ഫാന്‍ നഷ്ടപരിഹാര പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട നാലു ദുരിതബാധിതര്‍ക്ക് അഞ്ചുലക്ഷം വീതം നല്‍കാനുള്ള  സുപ്രീം കോടതി ഉത്തരവ് ഇരകള്‍ക്കും, കുടുംബാംഗങ്ങള്‍ക്കും ഏറെ ആശ്വാസമാണ് നല്‍കുന്നത്. സര്‍ക്കാരിന്റെ ദുരിതബാധിത പട്ടികയിലുള്‍പ്പെട്ട മുഴുവന്‍പേര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കാന്‍ വിധി വഴിയൊരുക്കുമെന്നാണ് വിലയിരുത്തല്‍. അമ്മമാരാണ് സംസ്ഥാന സര്‍ക്കാരിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്.

സുപ്രിം കോടതി ഉത്തരവനുസരിച്ചുള്ള നഷ്ടപരിഹാര പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിനെത്തുടര്‍ന്നാണ് പുല്ലൂര്‍..പെരിയയിലെ ജമീല, രമ്യ, മൂളിയാറിലെ മാധവി, കോടോം ബേളൂരിലെ സിസിലി എന്നിവര്‍ സര്‍ക്കാരിനെതിരെ  സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്. ജസ്റ്റിസുമായ ഡി.വൈ.ചന്ദ്രചൂഡ്, ഇന്ദിര ബാനര്‍ജി എന്നിവരടങ്ങുന്ന ബഞ്ച് കേസ് പരിഗണിച്ചു.നാലുപേര്‍ക്കും നേരത്തെ വിധിച്ച നഷ്ട പരിഹാരതുക പൂര്‍ണമായി നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. രണ്ടുമാസത്തിനകം സംസ്ഥന സര്‍ക്കാര്‍ തുക കൈമാറണം. ഇല്ലെങ്കില്‍ ഇവര്‍ക്ക് കോടതിയെ സമീപിക്കം.

യഥാര്‍ധ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കിയെന്ന സര്‍ക്കാരിന്റെ വാദം തള്ളിയായിരുന്നു പരമോന്ന നീതിപീഠത്തിന്റെ ഉത്തരവ്. മഴുവന്‍ ഇരകള്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്ന കോടതിയുടെ ഓര്‍മപ്പെടുത്തലായാണ് ഈ വിധിയെ സമരസമിതി കാണുന്നത്. 6722 ദുരിതബാധിതര്‍ക്ക് അഞ്ചുലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാനായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. എന്നാല്‍ സര്‍ക്കാര്‍ 1350 പേര്‍ക്ക് അഞ്ചുലക്ഷവും, 1315 പേര്‍ക്ക് മൂന്നുലക്ഷം വീതവും നഷ്ടപരിഹാരം നല്‍കി. ബാക്കിയുള്ള നാലായിരത്തോളം കുടുംബങ്ങളെ വിവിധ കാരണങ്ങള്‍ നിരത്തി പട്ടികയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.