സർക്കാർ പകരം നൽകിയ ഭൂമിയിലെ മരംമുറി തടഞ്ഞു; കർഷകർ പ്രതിസന്ധിയിൽ

സര്‍ക്കാര്‍ പദ്ധതിക്കായി ഏറ്റെടുത്ത ഭൂമിക്ക് പകരം നല്‍കിയ മണ്ണിലെ മരംമുറി തടസപ്പെടുത്തി വനംവകുപ്പ്. സര്‍ക്കാര്‍ നല്‍കിയ അനുമതിപത്രം പട്ടയരേഖയായി അംഗീകരിക്കാനാകില്ല എന്നാണ് നിലപാട്. ഇരുന്നൂറ്റി അന്‍പതിലധികം കുടുംബങ്ങളുെട മണ്ണില്‍ വനംവകുപ്പ് കണ്ണുവയ്ക്കുമ്പോള്‍ പലര്‍ക്കും വര്‍ഷങ്ങളായുള്ള അധ്വാനമാണ് നഷ്ടമാകുന്നത്.

കര്‍ഷകരുടെ മണ്ണേത് വനംവകുപ്പിന്റെ ഭൂമിയേതെന്ന കാര്യത്തില്‍ മലയോരമേഖലയില്‍ ഇപ്പോഴും തര്‍ക്കമുണ്ട്. ഇത് പരിഹരിക്കുന്നതിന് സംയുക്ത സര്‍വേയെന്ന പ്രഖ്യാപനം എങ്ങുമെത്തിയില്ല. എന്നാല്‍ മുതുകാട് മേഖലയിലെ ഭൂമി പ്രശ്നം ഈ പട്ടികയില്‍പ്പെടില്ല. വേണ്ടത്ര മണ്ണുണ്ട്. അതും സര്‍ക്കാര്‍ അളന്ന് നല്‍കിയ ഭൂമി. എന്നാല്‍ പട്ടയം നല്‍കാന്‍ കാലതാമസം വരുത്തിയതിലൂടെ ദുരിതതത്തിലായത് ഇരുന്നൂറ്റി അന്‍പതിലധികം കുടുംബങ്ങളാണ്. കാലങ്ങളായി സ്വന്തം മണ്ണില്‍ പൊന്നുവിളയിക്കുന്നവര്‍ക്കും ആവശ്യഘട്ടത്തില്‍ അവകാശമില്ലാത്ത മട്ടിലേക്കാണ് കാര്യങ്ങളെത്തിയിരിക്കുന്നത്. കര്‍ഷക പ്രതിസന്ധി പരിഹരിക്കാന്‍ റവന്യൂ വനം വകുപ്പുകള്‍ തമ്മില്‍ തര്‍ക്കമാണ്.  

മണ്ണ് കൈമാറ്റത്തിന് കഴിയാത്തതിനാല്‍ മക്കളുടെ വിവാഹം വരെ മുടങ്ങിയവരുണ്ട്. മുറിച്ച തേക്ക് മരം നീക്കം ചെയ്യാന്‍ അനുമതിയില്ലാത്തതിന്റെ പേരില്‍ ഡി.എഫ്.ഒ ഓഫിസിലെത്തി ആത്മഹത്യാശ്രമം നടത്തിയ കൊമ്മറ്റത്തില്‍ ജോസഫ് ഉദാഹരണം. കുറ്റ്യാടി ഡാം നിര്‍മാണത്തിനായി കൈമാറിയ ഭൂമിയാണിത്. റിസര്‍വോയറായി മാറിയ ഭൂമിയില്‍ പലയിടത്തും പണ്ട് വീടുണ്ടായിരുന്നതിന്റെ അടയാളവും വ്യക്തം. ഇവര്‍ക്ക് ആധാരവും കൈവശാവകാശ രേഖകളുമെല്ലാം കൃത്യമായി കൈമാറിയിരുന്നതാണ്. കരം വാങ്ങുന്ന അധികാരികള്‍ കൈമലര്‍ത്തുന്നത് കര്‍ഷകര്‍ക്ക് ശീലമായി.