പ്രളയസെസ് നടപ്പാക്കുന്നത് ഓഗസ്റ്റിലേക്ക് മാറ്റും: കാലതാമസം ഒഴിവാക്കാന്‍ ശ്രമം: ധനമന്ത്രി പറയുന്നു

പ്രളയസെസ് നടപ്പാക്കുന്നത് ഓഗസ്റ്റിലേക്ക് മാറ്റും. സെസിന് കേരളം നിര്‍ദേശിച്ച ഭേദഗതി അംഗീകരിച്ചുകിട്ടാത്തതാണ് കാരണം. ഇതോടെ ജൂലൈ ഒന്നുമുതല്‍ സെസ് ഈടാക്കാനാവില്ലെന്ന് ഉറപ്പായി. കാലതാമസം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ധനമന്ത്രി തോമസ് ഐസക് മനോരമ ന്യൂസിനോട് പറഞ്ഞു.

പ്രളയാനന്തര പുനര്‍നിര്‍മാണത്തിനുള്ള ധനസമാഹരണം നടത്തുന്നതിനാണ് ഒരു ശതമാനം പ്രളയസെസ് ചുമത്താന്‍ കേരളത്തിന് അനുമതി ലഭിച്ചത്. എന്നാല്‍ ജി.എസ്.ടിക്ക് മുകളില്‍ സെസ് ചുമത്താനായിരുന്നു ആദ്യവിജ്ഞാപനം. പിരിക്കുന്ന തുകയില്‍ പകുതി കേന്ദ്രത്തിനു പോകുന്ന സാഹചര്യം ഒഴിവാക്കുന്നതിന് ഇതില്‍ ഭേദഗതി വരുത്താന്‍ സംസ്ഥാനം അനുമതി തേടി. ഇതുവരെ അനുമതി ലഭിക്കാത്ത സാഹചര്യത്തിലാണ് സെസ് ഈടാക്കുന്നത് ഓഗസ്റ്റിലേക്ക് മാറ്റുന്നത്.

സെസ് ഭേദഗതിക്ക് ഇതുവരെ അനുമതി ലഭിക്കാത്തതല്‍ രാഷ്ട്രീയമുണ്ടെന്ന് കരുതുന്നില്ലെന്നും സര്‍ക്കാര്‍ കാര്യം മുറപോലെയായതാകും കാരണമെന്നും തോമസ് ഐസക് പറ‍ഞ്ഞു. വരുംദിവസങ്ങളില്‍ ജി.എസ്.ടി കൗണ്‍സിലിന്റെ അനുമതി ലഭിച്ചാലും സോഫ്റ്റ് വെയറില്‍ മാറ്റങ്ങള്‍ വരുത്താന്‍ പിന്നെയും കാലതാമസമെടുക്കും. 

ഇത് രണ്ടാം തവണയാണ് സെസ് നടപ്പാക്കുന്നത് മാറ്റിവയ്ക്കുന്നത്.  പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് പണം കണ്ടെത്താന്‍ നെട്ടോട്ടമോടുമ്പോഴാണ് സംസ്ഥാനത്തിന് അനുമതികിട്ടിയ പണം പോലും പിരിച്ചെടുക്കാന്‍ നടപടിയാകാത്തത്. സെസ് വിജ്ഞാപനം തയ്യാറാക്കിയതിലെ ജാഗ്രതക്കുറവും വേണ്ടത്ര ഗൃഹപാഠം ചെയ്യാത്തതുമാണ് ഈ സ്ഥിതിക്കുകാരണം.