കെഎസ്ആർടിസി ബസുകൾക്ക് നേരെ കർണാടകയിൽ ആക്രമണം; ചില്ല് തകർന്നു

കര്‍ണാടകയിലെ വിട്​ലയിൽ രണ്ടു കെ എസ് ആർ ടി സി ബസുകൾക്ക് നേരെ ആക്രമണം. ബൈക്കിലെത്തിയ സംഘം ബസുകള്‍ക്ക് നേരെ കല്ലെറിയുകയായിരുന്നു.  കാസര്‍കോട് ഡിപ്പോയിലെ ഡ്രൈവര്‍ സുരേഷ് കുമാറിന്റെ കൈയ്ക്ക് പരുക്കേറ്റു. ബജറംഗദൾ പ്രവർത്തകർക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ചാണ് അക്രമമെന്നാണ് സൂചന.

രാവിലെ ഏഴുമണിയോടെയാണ് സംഭവം. കാസർകോട് നിന്ന് പുത്തൂരിലേയ്ക്കും, പുത്തൂര് നിന്ന് കാസർകോട്ടേയ്ക്കും വരികയായിരുന്ന ബസുകളാണ് ആക്രമിച്ചത്. കല്ലേറിൽ രണ്ടു ബസിന്റെയും മുന്‍വശത്തെ ചില്ല് തകര്‍ന്നു. സംഭവത്തെ തുടർന്ന് കാസര്‍കോട് – പുത്തൂര്‍ സര്‍വീസുകള്‍ സംസ്ഥാന അതിര്‍ത്തിയായ ആടുക്കസ്ഥലയില്‍ യാത്ര അവസാനിപ്പിക്കും. താൽക്കാലിക നിയന്ത്രഞമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കര്‍ണാടകയിലെ പുത്തൂരില്‍ നിന്ന് പശുക്കളുമായി വന്നവരെ വഴിയില്‍ തടഞ്ഞ് ഒരു സംഘം ആക്രമിച്ചിരുന്നു. പശുക്കളെ കശാപ്പിന് കൊണ്ടുപോവുകയാണെന്നാരോപിച്ചായിരുന്നു ആക്രമണം.  ഇതുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന ആറുപേര്‍ക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു. 

ഇതിലുള്ള പ്രതിഷേധമാണ് ബസുകള്‍ക്ക് നേരെയുള്ള ആക്രമണമെന്നാണ് സൂചന. ബജറംഗ്ദൾ പ്രവർത്തകരാണ് ഈ അക്രമത്തിന് പിന്നിലെന്ന് പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ബസുകൾക്ക് നേരെയുണ്ടായ ആക്രമത്തിൽ വിട്​ല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബദിയടുക്ക ഉൾപ്പെടെ സത്ഥാന അതിർത്തിയോട് ചേർന്ന പൊലീസ് സ്റ്റേഷനുൾ കൂടുതൽ ജാഗ്രത പുലർത്തുന്നുണ്ട്.