ബി.ജെ.പിക്ക് ബദല്‍ കോണ്‍ഗ്രസ് മാത്രം; തിരിച്ചു വരും: എം.പിമാര്‍

ദേശീയതലത്തില്‍ ബി.ജെ.പിക്ക് ബദല്‍ കോണ്‍ഗ്രസ് മാത്രമാണെന്ന് യു.ഡി.എഫ് ഘടകകക്ഷികള്‍. മോദിയെ നേരിടാന്‍ രാഹുല്‍ഗാന്ധി അല്ലാതെ മറ്റൊരു നേതാവില്ലെന്ന് മുസ്‍ലിം ലീഗും ആര്‍.എസ്.പിയും. രാഹുല്‍ ലോക്സഭാ കക്ഷി നേതാവാകണമായിരുന്നുവെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍. അതേസമയം, ദേശീയതലത്തില്‍ സംഘടനാദൗര്‍ബല്യങ്ങളുണ്ടെന്ന് എം.പിമാര്‍ സമ്മതിച്ചു. മനോരമന്യൂസ് ഡല്‍ഹിയില്‍ സംഘടിപ്പിച്ച കേരളസഭയിലായിരുന്നു എം.പിമാരുടെ അഭിപ്രായപ്രകടനം.  

കോണ്‍ഗ്രസിന്റെ തകര്‍ച്ച താല്‍ക്കാലിക പ്രതിഭാസമാണെന്നാണ് ലോക്സഭയിലെ കോണ്‍ഗ്രസിന്റെ ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷിന്റെ നിലപാട്. ഇതിനായി ചരിത്രത്തെ കൂട്ടുപിടിച്ച കൊടിക്കുന്നില്‍ 1977ലും 1989ലുമൊക്കെ കോണ്‍ഗ്രസ് തിരിച്ചുവന്നത് ചൂണ്ടിക്കാട്ടി. ദേശീയതലത്തിലെ സംഘടനാദൗര്‍ബല്യങ്ങളും എം.പിമാര്‍ മറച്ചുവച്ചില്ല.

 കോണ്‍ഗ്രസിനെ തിരിച്ചുകൊണ്ടുവരാന്‍ രാഹുലിന് കഴിയുമെന്ന് എന്‍.കെ.പ്രേമചന്ദ്രനും ആത്മവിശ്വാസം പ്രകടിപ്പിച്ചു. ബി.ജെ.പിക്ക് ബദല്‍ കോണ്‍ഗ്രസ് മാത്രമാണെന്ന് മുസ്ലിംലീഗും വ്യക്തമാക്കി.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജനം വോട്ട് ചെയ്തത് പ്രസിഡന്‍ഷ്യല്‍ രീതിയിലാണെന്ന് ശശി തരൂരും ചൂണ്ടിക്കാട്ടി.