എംപാനലുകാരെ തിരിച്ചെടുക്കരുത്; വീണ്ടും കടുപ്പിച്ച് കോടതി

കെ.എസ്.ആര്‍.ടി.സിയില്‍ എംപാനല്‍ ജീവനക്കാരുടെ ഭാവി വീണ്ടും പ്രതിസന്ധിയില്‍. പിരിച്ചുവിടുന്ന എംപാനലുകാരെ വളഞ്ഞവഴിയിലൂടെ തിരിച്ചെടുക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടതോടെ മാനുഷിക പരിഗണനയുടെ പേരില്‍ തിരിച്ചെടുത്തവരെപ്പോലും ഇറക്കിവിടേണ്ട അവസ്ഥയിലാണ് കെ.എസ്.ആര്‍.ടി.സി. ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.   

തൊണ്ണൂറ് താല്‍ക്കാലിക  പെയിന്റര്‍മാരെ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി നിലപാട് കടുപ്പിച്ചത്. പിരിച്ചുവിടുന്നവരെ ഒരു കാരണവശാലും വളഞ്ഞവഴിയിലൂടെ തിരിച്ചെടുക്കരുതെന്നാണ് ഉത്തരവ്. ഇതോടെ ദിവസവേതന അടിസ്ഥാനത്തില്‍ പോലും ഇവരെ നിലനിര്‍ത്താന്‍ ആകില്ല. നേരത്തെ പിരിച്ചുവിടാന്‍ ഉത്തരവിട്ട ഡ്രൈവര്‍മാരുടേയും കണ്ടക്ടര്‍മാരുടേയും കാര്യത്തിലും ഈ വിധി തിരിച്ചടിയാകും.1565 ഡ്രൈവര്‍മാരെ ഈ മാസം മുപ്പതിന് മുമ്പ് പിരിച്ചുവിടണമെന്നാണ് ഉത്തരവ്. പുതിയ ഉത്തരവിന്റ അടിസ്ഥാനത്തില്‍ മാനുഷിക പരിഗണനയുടെ പേരില്‍ പോലും ഇവരെ ദിവസവേതനക്കാരായി നിലനിര്‍ത്താന്‍ ആകില്ല. ഹൈക്കോടതിയുടെ ഈ നിര്‍ദേശത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് കെ.എസ്.ആര്‍.ടി.സിയുടെ തീരുമാനം 

കണ്ടക്ടകര്‍മാരെ പിരിച്ചുവിട്ടെങ്കിലും സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ നിരാഹാരസമരത്തെത്തുടര്‍ന്ന് ഇവരെ ദിവസവേതനക്കാരായി  തിരിച്ചെടുത്തിരുന്നു. പിരിച്ചുവിടപ്പെട്ട 2861 പേരില്‍  1400 പേര്‍ മാത്രമേ തിരികെ ജോലിക്കെത്തിയുള്ളു. ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ഇല്ലാത്തതിനാല്‍ പലയിടത്തും സര്‍വീസുകള്‍ മുടങ്ങാന്‍ തുടങ്ങിയതോടെ എംപാനലുകാരെ പെട്ടെന്ന് ഒഴിവാക്കാന്‍ കെ.എസ്.ആര്‍.ടി.സിക്കുമാകില്ല.