ഒലിച്ചുപോയ വാഗ്ദാനങ്ങൾ; ചെല്ലാനം പ്രതിഷേധത്തിലേക്ക്

കടലാക്രമണം രൂക്ഷമായ ചെല്ലാനത്ത് ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറി താമസിക്കാന്‍ കൂട്ടാക്കാതെ പ്രതിഷേധവുമായി നാട്ടുകാര്‍. ഒാഖി ദുരന്തത്തിനുപിന്നാലെ സര്‍ക്കാര്‍ പ്രഖ്യാപിച്ച വാഗ്ദാനങ്ങളൊന്നും നടപ്പാക്കാത്തതാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പരിഹാരമുണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികളിലേക്ക് കടക്കുമെന്നും നാട്ടുകാര്‍ പറഞ്ഞു

ദുരിതമാണ്. തീരാത്ത ദുരിതം. ഇതേകാര്യം ഒരുപാട് ഉച്ചത്തില്‍ മാധ്യമങ്ങള്‍ പല തവണ പറഞ്ഞതുമാണ്. കാലവര്‍ഷമെത്തിയതിനുപിന്നാലെ കടലാക്രമണത്തിന്റെ ദുരിതനാളുകള്‍ക്ക് ചെല്ലാനത്ത് തുടക്കമായികഴിഞ്ഞു. വേളാങ്കണി പള്ളി പ്രദേശത്തെ എണ്‍പത് വീട്ടുകാരും ആലുങ്കല്‍ കടപ്പുറത്തുള്ള നൂറ്റിയിരുപത് വീട്ടുകാരുമാണ് തീര്‍ത്തും ദുരവസ്ഥയിലുള്ളത്. കടല്‍വെള്ളം കയറി നശിക്കുന്നയിടത്ത് കടല്‍ഭിത്തിക്ക് പുറമെ ജിയോ ട്യൂബുകളും സ്ഥാപിച്ച് പ്രതിരോധം തീര്‍ക്കുമെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപനം. എട്ടരക്കോടി രുപ ഇതിന് അനുവദിച്ചെങ്കിലും പദ്ധതി നടപ്പാക്കേണ്ട ജലസേചനവകുപ്പ് അനങ്ങിയില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. അതിന്റെ പരിണിതഫലമാണ് ചെല്ലാനത്തുകാര്‍ ഈ കാലവര്‍ഷത്തിലും അനുഭവിക്കുന്നത്. ചെല്ലാനം സെന്റ് േമരീസ് സ്കൂളില്‍ അധിക‍ൃതര്‍ ദുരിതാശ്വാസ ക്യാംപ് തുറന്നെങ്കിലും അവിടേക്ക് പോകില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. അടിയന്തര നടപടിയുണ്ടായില്ലെങ്കില്‍ സമരത്തിനിറങ്ങുെമന്ന മുന്നറിയിപ്പും.  

അഞ്ച് സ്ഥലങ്ങളിലായി 145  ജിയോ ട്യൂബുകള്‍ സ്ഥാപിക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും ഇതുവരെ രണ്ടെണ്ണം ഭാഗികമായി സ്ഥാപിച്ചതൊഴിച്ചാല്‍ മറ്റ് നടപടികള്‍ ഉണ്ടായിട്ടില്ല.