കർദ്ദിനാളിനെതിരെ വ്യാജരേഖ; കേസിൽ തെളിവുകളുടെ പകർപ്പ് പുറത്ത്

കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസിൽ പൊലീസ് കോടതിയിൽ നൽകിയ തെളിവുകളുടെ പകർപ്പ് മനോരമ ന്യൂസിന് ലഭിച്ചു. അറസ്റ്റിലായ മൂന്നാംപ്രതി ആദിത്യ സക്കറിയ ഉണ്ടാക്കിയതെന്ന് പൊലീസ് പറയുന്ന ഒൻപത് പേജ് രേഖകളാണ് ലഭിച്ചത്. കർദ്ദിനാൾ ആലഞ്ചേരി കൊച്ചിയിലെ ലുലു ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിലേക്ക് ലക്ഷങ്ങൾ കൈമാറിയെന്നും  മറ്റു ചില മെത്രാന്മാര്‍ക്കൊപ്പം  ലുലു മാളിൽ യോഗം ചേർന്നു എന്നുമാണ്  രേഖകളിലുള്ളത്. 

ലുലു ഗ്രൂപ്പിന്റെ സ്ഥാപനങ്ങളുമായി സാമ്പത്തിക ഇടപാട്, വൻകിട ക്ലബ്ബുകളിൽ അംഗത്വം . ഇങ്ങനെ പ്രത്യക്ഷത്തിൽ തന്നെ സഭാനേതൃത്വത്തെ സംബന്ധിച്ച് അധാർമികമെന്നോ അസ്വാഭികമെന്നോ തോന്നാവുന്ന കാര്യങ്ങളാണ് ഈ രേഖകളിലൂടെ ചിത്രീകരിക്കാൻ ശ്രമിച്ചിരിക്കുന്നത്. 2016 സെപ്തംബർ 21നാണ് ആദ്യത്തേത്, കർദ്ദിനാൾ ആലഞ്ചേരിയുടെ അക്കൗണ്ടിൽ നിന്ന് 8.93 ലക്ഷം രൂപ ലുലു മാളിന്റെ അക്കൗണ്ടിലേക്ക് അയച്ചു എന്നാണ് കാണിച്ചിരിക്കുന്നത്. പിന്നിട് രണ്ടു തവണ കൂടി ഈ വിധത്തിൽ  പണം കൈമാറ്റം. കൂടാതെ ലുലു മാരിയറ്റ് വെക്കേഷൻ ക്ലബിൽ കർദ്ദിനാളിന് അംഗത്വം. മാർ ആലഞ്ചേരിയുടെ നേതത്വത്തിൽ 15 പേർ ലുലുമാളിൽ യോഗം ചേർന്നു. പങ്കെടുത്തവരുടെ പട്ടികയിൽ മറ്റ് ചില മെത്രാന്മാരുടെ പേരുകളും. 

ഇങ്ങനെയെല്ലാം സഭാനേതൃത്വത്തെ കരുതിക്കൂട്ടി അപമാനിക്കാൻ ഈ രേഖകൾ വ്യാജമായി ഉണ്ടാക്കി എന്നാണ് പൊലീസ് കേസ്. കഴിഞ്ഞ വർഷം ആഗസ്റ്റ് മുതലാണ് ഇതിനുള്ള നീക്കങ്ങൾ തുടങ്ങിയത്. ആദിത്യ സക്കറിയയുടെ ഇ മെയിലിൽ നിന്ന് ഇവ രണ്ടു പേർക്കാണ് അയച്ചുവെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചത്, ഫാദർ പോൾ തേലക്കാടിനും ഫാ ആൻറണി കല്ലൂക്കാരനും. എന്നാൽ ഇവരുടെ രണ്ടു പേരുടെയും കംപ്യൂട്ടറുകളും അനുബന്ധ രേഖകളും ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയ ശേഷം മാത്രം തുടർ നടപടികളിലേക്ക് കടകാനാണ് തീരുമാനം. അതിനിടെ കൂടുതൽ തെളിവെടുപ്പുകൾക്കായി ആദിത്യ സക്കറിയയെ പത്തു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ  വിട്ടുകൊണ്ട് കോടതി ഉത്തരവായി.