ആനമാറാട്ടം; പിടിയാനയെ കൊമ്പനാക്കി എഴുന്നള്ളിച്ചു; ദേശകമ്മിറ്റിക്കെതിരെ നടപടി

പാലക്കാട്‌ ചെർപ്പുളശ്ശേരി തൂതപ്പൂരത്തിന് ഫൈബർ കൊമ്പുകൾ ഘടിപ്പിച്ച് പിടിയാനയെ കൊമ്പനാക്കി എഴുന്നള്ളിച്ച ദേശകമ്മിറ്റിക്കെതിരെ നടപടിയെടുക്കാൻ തീരുമാനം. ആചാര ലംഘനം നടന്നിട്ടുണ്ടോയെന്നു പരിശോധിക്കാൻ തന്ത്രിയെ ചുമതലപ്പെടുത്തിയതായി തൂത ക്ഷേത്ര കമ്മിറ്റി അറിയിച്ചു 

തൂതഭഗവതി ക്ഷേത്രത്തിൽ കഴിഞ്ഞ 14 ന് നടന്ന പൂരത്തിലാണ് ലക്കിടി ഇന്ദിര എന്ന പിടിയാനയെ കൊല്ലങ്കോട് കേശവനാക്കി എഴുന്നള്ളത്തിന് ഉപയോഗിച്ചത്. കാറല്‍മണ്ണ അമ്പലവട്ടം ദേശ കമ്മിറ്റിയാണ് പിടിയാനയ്ക്ക് ഫൈബർ കൊമ്പുകൾ ഘടിപ്പിച്ച്  ആനമാറാട്ടം നടത്തിയത്. സംഭവം പുറത്തായതോടെ അടിയന്തര ക്ഷേത്ര കമ്മിറ്റി വിളിച്ചുചേർത്തു.

വീഴ്ച വരുത്തിയ കാറൽമണ്ണ കമ്മിറ്റിയെ അടുത്ത വർഷത്തെ പൂരത്തിന്റെ കൂട്ടിയെഴുന്നള്ളിപ്പിൽ നിന്ന് ഒഴിവാക്കി. എന്നാൽ രാവിലെയുള്ള വഴിപാട് പൂരങ്ങളുടെ എഴുന്നള്ളിപ്പിൽ പങ്കെടുക്കാം. പിടിയാനയെ എഴുന്നള്ളിച്ചതിലൂടെ ആചാര ലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കും. ഉണ്ടെങ്കിൽ പരിഹാരം എന്തെന്ന് ക്ഷേത്രം തന്ത്രിയും സ്ഥലത്തെ മുതിർന്ന കാരണവൻമാരുമായി ആലോചിച്ച് തീരുമാനമെടുക്കാനും ക്ഷേത്ര കമ്മിറ്റി തീരുമാനിച്ചു. 

തെറ്റ് സംഭവിച്ചെന്നും ഖേദമുണ്ടെന്നുമാണ് കാറൽമണ്ണ അമ്പലവട്ടം കമ്മിറ്റിയുടെ വിശദീകരണം. വള്ളുവനാടൻ ഉത്സവങ്ങൾക്ക് സമാപനം കുറിക്കുന്ന തൂതപ്പൂരം ഒരിക്കലും വിവാദങ്ങളിൽപ്പെടരുതെന്ന് ക്ഷേത്ര വിശ്വാസികളും അഭിപ്രായപ്പെടുന്നു.