കുടിവെള്ളമില്ല; തൃപ്പുണിത്തുറ ആയുർവേദ കോളജിൽ മനുഷ്യാവകാശ ചെയർമാൻ

തൃപ്പുണിത്തുറ ആയുര്‍വേദ കോളജ് ആശുപത്രിയില്‍ കുടിവെള്ള സംവിധാനങ്ങള്‍ അപര്യാപ്തമെന്ന് സംസ്ഥാന മനുഷ്യാവകാശകമ്മിഷന്‍. കുടിവെള്ളക്ഷാമം ചികിത്സയെ ബാധിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയത്. ആശുപത്രി പരിസരത്ത് കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച കുളവും കിണറും മഴവെള്ളസംഭരണിയുമെല്ലാം ഉപയോഗശൂന്യമാണ്.

രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും കുടിക്കാനോ കുളിക്കാനോ പോലും വെള്ളമില്ലാത്ത അവസ്ഥയിലാണ് തൃപ്പുണിത്തുറ ഗവണ്‍മെന്റ് ആയുര്‍വേദ കോളജ് ആശുപത്രിയുടെ നിലവിലെ അവസ്ഥ. തിരുമ്മ്, കിഴി തുടങ്ങിയ ചികിത്സ കഴിഞ്ഞവര്‍ക്ക് ശരീരം വെടുപ്പാക്കാനും നിവൃത്തിയില്ല. രോഗികള്‍ മാത്രമല്ല കോളജ് ഹോസ്റ്റലില്‍ വെള്ളമില്ലാത്തതിനാല്‍ വിദ്യാര്‍ഥികളും വലയുകയാണ്. ശുദ്ധജലം ലഭിക്കുന്നതിനായി 50 ലക്ഷം രൂപ െചലവില്‍ നിര്‍മിച്ച കുളവും, 80 ലക്ഷം മുടക്കിനിര്‍മിച്ച മഴവെള്ളസംഭരണി, കോളജ് പരിസരത്ത് നവീകരിച്ച കുളം . ഇവയെല്ലാം ഇപ്പോള്‍ ഉപയോഗശൂന്യം. ജലഅതോറിറ്റിയില്‍ നിന്ന് ലഭിക്കുന്ന വെള്ളത്തെ ആശ്രയിച്ചാണ് ആശുപത്രിയുടെ മുഴുവന്‍ പ്രവര്‍ത്തനവും. കുടിവെള്ളം ശുദ്ധീകരിക്കുന്നതിനായി നിര്‍മിച്ച പ്ലാന്റ് പ്രവര്‍ത്തിക്കാത്തത് പകര്‍ച്ചവ്യാധി ഭീഷണിക്കും ഇടയാക്കുന്നു. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് ഇതിനെല്ലാം കാരണമെന്നാണ് പരാതി. ഈ പരാതിയെകുറിച്ച് നേരിട്ട് അന്വേഷിക്കാനാണ് മനുഷ്യാവകാശകമ്മിഷന്‍ ചെയര്‍മാന്‍ ഇവിടെയത്തിയത്. അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സര്‍‍ക്കാരിന് കൈമാറും.

കുടിെവള്ളത്തിനായി മാസം തോറും ആശുപത്രി വികസന ഫണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ ചെലവാക്കുന്നതായാണ് വിവരാവകാശരേഖകള്‍ വിശദമാക്കുന്നത്. ശുദ്ധീകരണപ്ലാന്റ് പ്രവര്‍ത്തിക്കാതായതോടെ ഉദ്യോഗസ്ഥര്‍ എച്ച്്ഡിഎസ് ഫണ്ടിലെ പണം ഉപയോഗിച്ചാണ് മിനറല്‍ വാട്ടര്‍ വാങ്ങുന്നത്. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് സുതാര്യമായ നടപടികള്‍ ഇനിയെങ്കിലും ഉണ്ടായില്ലെങ്ില്‍ ആശുപത്രിയുടെ പ്രവര്‍ത്തനം തന്നെ നിലച്ചേക്കുമെന്ന ആശങ്കയിലാണ് രോഗികളും കൂട്ടിരിപ്പുകാരും.