മേല്‍മുണ്ടുകളും പൊന്നാടയും സഞ്ചിയും തൊപ്പിയുമാക്കും; 'പുനര്‍നവയുമായി കുമ്മനം'

തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരന് തിരഞ്ഞെടുപ്പുപ്രചാരണത്തിനിടെ കിട്ടിയ മേല്‍മുണ്ടുകളും പൊന്നാടകളും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റുന്നു. പ്രചാരണ പോസ്റ്ററുകള്‍ നടീല്‍സഞ്ചികളാക്കും. പുനര്‍നവ എന്ന പേരിലാണ് ഈ വേറിട്ട പദ്ധതി.

വോട്ടുതേടിയുള്ള പര്യടനത്തില്‍ കുമ്മനം രാജശേഖരന് ഒരുലക്ഷത്തിലേറെ മേല്‍മുണ്ടുകളും പൊന്നാടകളുമാണ് കിട്ടിയത് . ഒന്നും ഉപേക്ഷിച്ചില്ല. മേല്‍മുണ്ടുകള്‍ സഞ്ചികളായും തലയിണഉറകളായും  രൂപാന്തരപ്പെടുന്നു. തോര്‍ത്തുകള്‍ തൊപ്പിയായും തൂവാലയായും മാറും. പൊന്നാടകളും നേര്യതും കുട്ടികളുടെ വസ്ത്രങ്ങളായും.

ബി.എം.എസിന്റെ നേതൃത്വത്തില്‍ സന്നദ്ധപ്രവര്‍ത്തകരാണ് ഇവ നിര്‍മിക്കുന്നത്. പ്രചാരണ ബോര്‍ഡുകളുപയോഗിച്ച് നടീല്‍ സഞ്ചികളു ഫയലുകളും നിര്‍മിക്കും.കരമന ശാസ്ത്രിനഗറിലെ  വാടകവീടിന്റെ മുറ്റം ചെറുകിട തൊഴില്‍ശാലയായി മാറി. പുനര്‍നവ എന്നപേരിലുള്ള പദ്ധതി മുന്‍ഡിജിപി സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഹരിത രാഷ്ട്രീയം പ്രാവര്‍ത്തികമാക്കുകയാണ് ലക്ഷ്യമെന്ന് കുമ്മനം പറഞ്ഞു.

വെട്ടുതുണിയും പാഴാക്കില്ല. ഇവ ഉപയോഗിച്ച് പിന്നീട് തലയിണ ഉണ്ടാക്കും. ഈ ഉല്‍പ്പന്നങ്ങള്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യും. തുണിസഞ്ചിയും ഫയലും ഏറ്റെടുക്കാന്‍ ഐ.എം.എ മുന്നോട്ടുവന്നിട്ടുണ്ട്.