എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ നാളെ മുതൽ ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സംസ്ഥാനത്തെ എന്‍ജിനീയറിങ് , ഫാര്‍മസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ നാളെ ആരംഭിക്കും. ഒരുലക്ഷത്തി പന്ത്രണ്ടായിരം വിദ്യാര്‍ഥികളാണ് പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുള്ളത്. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി പ്രവേശന പരീക്ഷ കമ്മിഷണര്‍ അറിയിച്ചു. 

സംസ്ഥാനത്ത് 14 ജില്ലകളിലായി 325 കേന്ദ്രങ്ങളിലും മുബൈ, ഡെല്‍ഹി, ദുബായ് എന്നിവിടങ്ങളിലുമാണ് പ്രവേശന പരീക്ഷ എഴുതാനാവുക 11,21,63 പേര്‍ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്വാശ്രയ എന്‍ജിനീയറിംങ് , ഫാര്‍മസി കോഴ്സുകളിലേക്കുള്ള പ്രവേശമാണ് ഈ പരീക്ഷയിലൂടെ തീരുമാനിക്കുക. പ്രവേശന പരീക്ഷക്ക് ലഭിച്ച മാര്‍ക്ക്, പ്ലസ് ടൂവിന് കണക്ക്, ഫിസിക്സ്, കെമിസ്ട്രി എന്നിവക്ക് കിട്ടിയ മാര്‍ക്ക് ഇവ തുല്യമായി പരിഗണിച്ചാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. ബിഫാമിന് അപേക്ഷിച്ചിരിക്കുന്നവര്‍ കെമിസ്ട്രി, ഫിസിക്സ് എന്നിവ മാത്രം എഴുതിയാല്‍ മതി.

എന്‍ജിനീയറിംങിന് തൊണ്ണൂറ്റി ഒന്നായിരം പേരും ബിഫാമിന് അറുപത്തി മൂവായിരം പേരുമാണ് അപേക്ഷിച്ചിട്ടുള്ളത്. പരീക്ഷനടത്തിപ്പിനുള്ള ഒരുക്കള്‍പൂര്‍ത്തിയായതായി പ്രവേശന പരീക്ഷാ കമ്മിഷണറേറ്റ് വാര്‍ത്താക്കുറിപ്പിലറിയിച്ചു. സര്‍ക്കാര്‍, എയ്ഡഡ് കോളജുകളും സ്്കൂളുകളുമാണ് പരീക്ഷാ കേന്ദ്രങ്ങളായി തീരുമാനിച്ചിട്ടുള്ളത്. 7000 അധ്യാപകരയും മറ്റ് ജീവനക്കാരെും പരീക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. നാളെ ഫിസിക്സും കെമിസ്ട്രിയും മറ്റന്നാള്‍ കണക്കും പരീക്ഷയാണ്. 

രാവിലെ 9.30 ന് തന്നെ വിദ്യാര്‍ഥികള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിച്ചേരണം. ഒാണ്‍ലൈനായി ലഭിച്ച അഡ്മിറ്റ് കാര്‍ഡിന്റെ കളർ പ്രിന്റ് ഔട്ട് കൈവശമുണ്ടായിരിക്കണമെന്നും പരീക്ഷാ കമ്മിഷണര്‍ അറിയിച്ചു. സ്വാശ്രയ എന്‍ജിനിയറിംങ് കോളജുകളുമായി ഫീസ് സംബന്ധിച്ച് സര്‍ക്കാര്‍ ഇതുവരെ ചര്‍ച്ച ആരംഭിച്ചിട്ടില്ല. പല സ്വാശ്രയ എന്‍ജിനീയറിംങ് കോളജുകളിലും ചേരാന്‍ കുട്ടികളില്ലാത്തത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.