എന്‍ജിനിയറിങ്, മെഡിക്കല്‍, ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോഴ്സുകളിലേയ്ക്ക് ഒറ്റ പ്രവേശന പരീക്ഷ

രാജ്യത്ത് എന്‍ജിനിയറിങ്, മെഡിക്കല്‍, ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോഴ്സുകളിലേയ്ക്ക് ഒറ്റ പ്രവേശന പരീക്ഷ നടത്താനുള്ള നിര്‍ദേശം പരിഗണനയില്‍. വര്‍ഷത്തില്‍ രണ്ടു തവണ പൊതുപ്രവേശന പരീക്ഷ നടത്താനാണ് യുജിസി ആലോചിക്കുന്നത്. നീറ്റ്, ജെഇഇ എന്നിവ സിയുഇടിയില്‍ ലയിപ്പിച്ചേക്കും. നിര്‍ദേശത്തില്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് യുജിസി ചെയര്‍മാന്‍ എം ജഗദേഷ് കുമാര്‍ പറഞ്ഞു.

എന്‍ജിനിറയിങ് പ്രവേശനത്തിന് ജെഇഇയും മെഡിക്കല്‍ പ്രവേശനത്തിന് നീറ്റും കേന്ദ്രസര്‍വകലാശാലകളിലെ ബിരുദ പ്രവേശനത്തിന് കോമണ്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റും നടക്കുന്നുണ്ട്. മൂന്ന് വിഭാഗത്തിലേയ്ക്കുമുള്ള പ്രവേശനത്തിന് ദേശീയ തലത്തില്‍ ഒറ്റ പൊതുപ്രവേശന പരീക്ഷ നടത്താനാണ് പുതിയ നിര്‍ദേശം. ഇതുവഴി സമയം ലാഭിക്കാം. വിദ്യാര്‍ഥികള്‍ക്കുണ്ടാകുന്ന മാനസീക സംഘര്‍ഷവും കുറയ്ക്കാനാകുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ 43 ലക്ഷം വിദ്യാര്‍ഥികളാണ് മൂന്ന് പ്രവേശന പരീക്ഷകളിലുമായി പങ്കെടുക്കുന്നത്. ഇതില്‍ നല്ലൊരുശതമാനം വിദ്യാര്‍ഥികളും ഏതെങ്കിലും രണ്ട് പ്രവേശന പരീക്ഷ എഴുതുന്നുണ്ടെന്നാണ് വിലയിരുത്തല്‍. 

പുതിയ നിര്‍ദേശ പ്രകാരം പൊതുപ്രവേശന പരീക്ഷയില്‍ കണക്കിനും ഭൗതികശാസ്ത്രത്തിനും രസതന്ത്രത്തിനും ലഭിച്ച മാര്‍ക്കുകളുടെ അടിസ്ഥാനത്തില്‍ എന്‍ജിനിയറിങ് പ്രവേശനത്തിന് റാങ്ക് ലിസ്റ്റ് തയ്യാറാക്കും. കണക്കിന് പകരം ജീവശാസ്ത്രത്തിന് ലഭിച്ച മാര്‍ക്ക് ഉള്‍പ്പെടുത്തി മെഡിക്കല്‍ പ്രവേശനത്തിന് പട്ടിക തയ്യാറാക്കും. ആര്‍ട്സ് ആന്‍ഡ് സയന്‍സ് വിഷയങ്ങളില്‍ പ്രവേശനത്തിനും ഇതേ പരീക്ഷയിലെ മാര്‍ക്ക് തന്നെയാകും മാനദണ്ഡമാക്കുക. വര്‍ഷത്തില്‍ രണ്ടു തവണ പൊതു പ്രവേശന പരീക്ഷ നടത്തും. ആദ്യത്തേത് പ്ലസ് ടു ബോര്‍ഡ് പരീക്ഷ നടന്ന ശേഷവും രണ്ടാമത്തേത്് ഡിസംബറിലും.