പരിമിതികളോട് പടവെട്ടി: സുകന്യയുടെ ഒന്നാം റാങ്കിന് പൊൻതിളക്കം

പരാധിനതളോട് പടവെട്ടിയാണ് കാസര്‍കോട്, പാണത്തൂര്‍ സ്വദേശിനി സുകന്യ, എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷയുടെ എസ് ടി വിഭാഗത്തില്‍ ഒന്നാം റാങ്ക് സ്വന്തമാക്കിയത്. പ്രത്യേക പരിശീലനമൊന്നുമില്ലാതെയാണ് സുകന്യ മിന്നുന്ന വിജയം നേടിയത്. അതേസമയം ആദ്യ പത്ത് റാങ്കില്‍ ഇടം പിടിച്ചതിന്റെ സന്തോഷത്തിലാണ് കാട്ടുകുളങ്ങരയിലെ ഇരട്ടസഹോദരങ്ങളായ സഞ്ജയും,സൗരവും.

കാസര്‍കോടിന്റെ അതിര്‍ത്തി പ്രദേശമായ പണത്തൂര്‍ കുണ്ടുപ്പള്ളിയിലെ സുകന്യ പരിമിതമായ സൗകര്യങ്ങളില്‍ നിന്ന് പഠിച്ചാണ് ഒന്നാം റാങ്കിന്റെ തിളക്കത്തിലെത്തിയത്. പതിമൂന്ന് വര്‍ഷം മുമ്പ് അച്ഛന്‍ മരിച്ചതോടെ തൊഴിലുറപ്പ് തൊഴിലാളിയായ അമ്മ പത്മാവതിയുടെ ഏകവരുമാനത്തിലായിരുന്നു പഠനം. നല്ലൊരു മഴപെയ്താല്‍ ചോര്‍ന്നൊലിക്കുന്ന ഈ വീട്ടില്‍, അമ്മയെക്കൂടാതെ സുകന്യയ്ക്ക് രണ്ട‌ു സഹോദരിമാരും, ഒരനുജനുമുണ്ട്.

നാലും, എട്ടും റാങ്കുകളാണ് ഇരട്ടസഹോരങ്ങളായ സജ്ഞയും,സൗരവും ചേര്‍ന്ന് കാട്ടുകുളങ്ങരയിലെ സൗപര്‍ണക വീട്ടില്‍ എത്തിച്ചത്.

മിനിറ്റുകളുടെ വ്യത്യാസം കൊണ്ട് സജ്ഞയാണ് ചേട്ടന്‍. എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷയുടെ റാങ്ക് പട്ടികയിലും 960ല്‍ 870 മാര്‍ക്ക് നേടി നാലാം റാങ്കോടെ സജ്ഞയ് മുന്നിലെത്തി. മികച്ച റാങ്കിനായി പരിശ്രമിച്ചിരുന്നെങ്കിലും പരസ്പരം മല്‍സരിച്ചില്ലെന്ന് ഈ സഹോദരങ്ങള്‍ പറയുന്നു.

ചെന്നൈ ഐഐടിയില്‍ ഇലക്ട്രോണിക്സ് എഞ്ചിനിയറിങിനു ചേര്‍ന്നു പഠിക്കാനാണ് ഇരുവര്‍ക്കും താല്‍പര്യം. 

മൂത്തസഹോദരി സ്നേഹ ചെന്നൈ കേന്ദ്രീയ സര്‍വകലാശാലയില്‍ ബിരുദവിദ്യാര്‍ഥിനിയാണ്.