അമ്മ വോട്ട് ചെയ്യുന്നു; കുഞ്ഞിന് പൊലീസിന്റെ കരുതലില്‍ ഉറക്കം; ഹൃദ്യകാഴ്ച

കേരളം മൽസരിച്ച് വിധിയെഴുതുന്ന കാഴ്ചയാണ് എല്ലാ ജില്ലകളിലും. ഇതുവരെ പോളിങ് 50 ശതമാനം കടന്നതും ഇൗ ആവേശത്തിന്റെ സൂചനയാണ്. ഇക്കൂട്ടത്തിൽ ഏറെ ഹൃദ്യമായ ഒരു കാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കുഞ്ഞുമായി വോട്ടുചെയ്യാനെത്തിയ യുവതിയുടെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി കാത്തുനിൽക്കുകയാണ് ഇൗ പൊലീസുകാരൻ. അമ്മ വോട്ട് ചെയ്ത് തിരികെ വരുന്നത് വരെ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് നിൽക്കുന്ന ഉദ്യോഗസ്ഥന്റെ ചിത്രം ആരോ മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതാണ്.  

കണ്ണൂർ വടകര വള്ള്യാട് പോളിംങ് ബൂത്തിലെ ഒരു തിരെഞ്ഞെടുപ്പ് കാഴ്ച്ച എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. കരുതലിന്റെ കരങ്ങളിൽ കരയാതെ കിടക്കുന്ന കുഞ്ഞിന്റെ ഇൗ കാഴ്ച തിരഞ്ഞെടുപ്പിന്റെ ചൂടിലും മനസ് നിറയ്ക്കുന്നു എന്നാണ് ലഭിക്കുന്ന കമന്റുകൾ. 

ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പകുതി സമയം പിന്നിടുമ്പോള്‍ സംസ്ഥാനത്ത് കനത്ത പോളിങ് തുടരുകയാണ്. രണ്ടു മണിവരെ 50 ശതമാനത്തോളം പോളിങ് രേഖപ്പെടുത്തി.  കോട്ടയം, വയനാട് ജില്ലകളിലാണ് കൂടുതല്‍പേര്‍ വോട്ടു രേഖപ്പെടുത്തിയത്. കണ്ണൂരാണ് കൂടുതല്‍. 47 ശതമാനംപേര്‍ വോട്ടുചെയ്തു. കുറവ് ആലത്തൂര്‍ മണ്ഡലത്താണ്. 37 ശതമാനം. പത്തനംതിട്ട ഇലന്തൂരില്‍ വോട്ടിങ് മെഷീനെതിരെ ഉയര്‍ന്ന പരാതി വ്യാജമെന്ന് കലക്ടര്‍. ഏത് സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്താലും ലഭിക്കുന്നത് എല്‍ഡിഎഫിന് എന്നായിരുന്നു പരാതി. പരാതിക്കാരനെതിരെ നടപടിയെടുക്കുമെന്ന് കലക്ടര്‍ പി.ബി. നൂഹ് അറിയിച്ചു.