അന്ന് കല്ലട ബസിന്റെ ഡ്രൈവര്‍ മദ്യപിച്ചെത്തി; അന്ന് വളയം പിടിച്ചത് യാത്രക്കാര്‍: അനുഭവം

തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോയ കല്ലട എന്ന സ്വകാര്യ ബസിൽ യാത്രക്കാരെ അതിക്രൂരമായി മർദിച്ച സംഭവത്തിൽ വൻരോഷമാണ് ഇപ്പോൾ കേരളത്തിൽ ഉയരുന്നത്. ബസിനെ കുറിച്ചും െതാഴിലാളികളിൽ നിന്നും ഉണ്ടായ മോശം പെരുമാറ്റത്തെ കുറിച്ചും യാത്രക്കാർ ദുരനുഭവങ്ങൾ പങ്കുവയ്ക്കുകയാണ്. ഇക്കൂട്ടത്തിൽ രണ്ടുവർഷം മുൻപ് വലിയ വാർത്തയായ ഒരു സംഭവത്തിലും കല്ലട ബസും തൊഴിലാളിയുമായിരുന്നു വില്ലൻമാർ.

അന്ന് കല്ലട ബസിന്റെ ഡ്രൈവര്‍ മദ്യലഹരിയായതോടെ യാത്രക്കാരൻ ബസിന്റെ നിയന്ത്രണം ഏറ്റെടുത്ത് സഹയാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിച്ചത്. രണ്ടുവർഷം മുൻപായിരുന്നു ഇത്തരത്തിൽ ഒരു സംഭവം നടന്നത്. ബെംഗളൂരുവിൽ നിന്ന് കണ്ണൂർ പയ്യന്നൂരിലേക്ക് വന്ന കല്ലട ബസിന്റെ ഡ്രൈവറാണ് മദ്യപിച്ച് അന്ന് യാത്രക്കാരുടെ ഉറക്കംകെടുത്തിയത്.

ബെംഗളൂരുവിൽനിന്ന് പയ്യന്നൂരിലേക്ക് പതിവായി രാത്രികാല സർവീസ് നടത്തുന്ന ബസിന്റെ ഡ്രൈവർ പയ്യന്നൂര്‍ സ്വദേശി വിനയനാണ് അന്ന് പിടിയിലായത്. അന്ന് രാത്രി ഒൻപതുമണിക്കാണ് ബസ് പുറപ്പെട്ടത്. മദ്യപിച്ചെത്തിയ ഡ്രൈവർ വിനയന്റെ പെരുമാറ്റം അത്ര പന്തിയല്ലായിരുന്നു. ഇതോടെ യാത്രക്കാർ പരിഭ്രാന്തിയിലായി. ക്രിസ്മസ് അവധിയായതിനാൽ നിറയെ യാത്രക്കാരും അന്ന് ബസിൽ ഉണ്ടായിരുന്നു. യാത്രക്കാരുടെ ജീവനു പോലും അപകടമാകുന്ന തരത്തിൽ ഡ്രൈവർ പായാൻ തുടങ്ങിയതോടെ ഒരു യാത്രക്കാരൻ ബസിന്റെ നിയന്ത്രണം ഏറ്റെടുത്തത്. 

പിന്നീട് വളപട്ടണം എത്തിയപ്പോൾ പകരം ഡ്രൈവറെ പൊലീസ് ഏർപ്പെടുത്തുകയായിരുന്നു. മാക്കൂട്ടം ചുരം എത്തുന്നതിന് മുൻപ് യാത്രക്കാരൻ ഇടപെട്ടതുമൂലം വൻ ദുരന്തമാണ് ഒഴിവായതെന്ന് പൊലീസ് പറഞ്ഞു. ബസ് കസ്റ്റഡിയിലെടുത്ത പൊലീസ് മദ്യപിച്ച് വാഹനം ഓടിച്ചതിന് വിനയനെതിരെ കേസെടുത്തിരുന്നു. ഇത്തരത്തിൽ ഒട്ടേറെ ദുരനുഭവങ്ങളാണ് യാത്രക്കാർക്ക് കല്ലട സമ്മാനിച്ചിരുന്നത്. ഇൗ വിവരങ്ങൾ ഫെയ്സ്ബുക്ക് കമന്റായും പോസ്റ്റുകളായും സൈബർ ലോകത്ത് സജീവമാവുകയാണ്.