പ്രവാസികളെ ബൂത്തിലെത്തിക്കാൻ പാർട്ടികൾ; നിർണായകം ഈ വോട്ടുകൾ

പ്രചാരണം തീരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ പ്രവാസി വോട്ടര്‍മാരെ പരമാവധി ബൂത്തിലെത്തിക്കാനുള്ള കഠിനശ്രമത്തിലാണ് പാര്‍ട്ടികള്‍. ചാര്‍ട്ടേ‍ഡ് വിമാനങ്ങള്‍ ഒഴിവാക്കി ഗ്രൂപ്പ് ബുക്കിങ് വഴിയാണ് ഇത്തവണ പ്രവാസി സംഘടനകള്‍ വോട്ടര്‍മാരെ നാട്ടിലെത്തിക്കുന്നത്. ഏറ്റവും കൂടുതല്‍ പ്രവാസി വോട്ടര്‍മാരുള്ള വടകര മണ്ഡലത്തിലെ വിധി നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാണ് വോട്ടിനായി മാത്രം നാട്ടിലെത്തുന്ന  പ്രവാസികള്‍.

പ്രവാസി വോട്ട് അനുവദിച്ചതിനു ശേഷമുള്ള ആദ്യ പൊതുതിരഞ്ഞെടുപ്പാണിത്. സംസ്ഥാനത്ത് മാത്രം വോട്ടര്‍ പട്ടികയില്‍ ഇടം നേടിയത് 87,648 പേര്‍. കടുത്ത മല്‍സരം നടക്കുന്ന മണ്ഡലങ്ങളിലെ വോട്ടര്‍മാരെയെല്ലാം നാട്ടിലെത്തിക്കാനാണ് ഗള്‍ഫ് രാജ്യങ്ങളിലെ വിവിധ സംഘടനകളുടെ ശ്രമം.

പൊന്നാനി, കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ പരമാവധി വോട്ടുകള്‍ ഉറപ്പാക്കാനാണ് യു.ഡി.എഫ് അനുകൂല സംഘടനകളുടെ  ശ്രമം.  വടകരയില്‍ 31,446 പ്രവാസികളാണ് വോട്ടര്‍ പട്ടികയിലുള്ളത്.  ഇതില്‍ തന്നെ ലീഗ് സ്വാധീന കേന്ദ്രമായ കുറ്റ്യാടിയിലാണ് ഏറ്റവും കൂടുതല്‍ പേര്‍.

മുന്‍കാലങ്ങളില്‍ വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യുന്നതായിരുന്നു പതിവ്. നിരക്ക് കുത്തനെ കൂടിയതിനാല്‍ ഇത്തവണ ഗ്രൂപ്പ് ബുക്കിങ് വഴിയാണ് സംഘടനകള്‍ വോട്ടര്‍മാരെ നാട്ടിലെത്തിക്കുന്നത്. സാധാരണ വിമാനങ്ങളില്‍ ടിക്കറ്റെടുത്ത് നാട്ടിലെത്തുന്നവരുമുണ്ട്.