പാര്‍ലമെന്റിലെ ആ ‘കൂള്‍’ പ്രസംഗം; ഞാറു നടല്‍; വിവാഹം; ഉള്ളുതുറന്ന് രമ്യ: അഭിമുഖം

സോഷ്യൽ മീഡിയയിലെ പ്രിയതാരമാണ് എം.പി. രമ്യ ഹരിദാസ്. പരിചയ സമ്പന്നരായ രാഷ്ട്രീയക്കാർ വരെ പാർലമെന്റിൽ പ്രസംഗിക്കുമ്പോൾ ചെറിയ ആശങ്കയൊക്കെ പ്രകടിപ്പിക്കാറുണ്ട്. എന്നാൽ, പാർലമെന്റിൽ കൂളായി നിന്നു പ്രസംഗിക്കുകയാണ് ആലത്തൂരിന്റെ പ്രിയപ്പെട്ട ഈ ജനപ്രതിനിധി. പേര് തെറ്റി സ്പീക്കർ രമ്യയെ വിളിച്ചതും പിന്നീട് വലിയ ആളാണെന്നു സ്പീക്കർ രമ്യയെക്കുറിച്ച് പറഞ്ഞതുമെല്ലാം വാർത്തയായി. ഡൽഹിയിൽ നിന്ന് തന്റെ പാർലമെന്റ് അനുഭവങ്ങൾ ആദ്യമായി മനോരമന്യൂസ് ഡോട്ട് കോമിനോട് പങ്കുവയ്ക്കുകയാണ് രമ്യ ഹരിദാസ്.

പാർലമെന്റ് ആശ്ചര്യപ്പെടുത്തിയോ?

പാർലമെന്റ് ശരിക്കും ഒരനുഭവമാണ്. രാജ്യത്തിന്റെ നയപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കുന്ന സ്ഥലം. അതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷവും അഭിമാനവുമുണ്ട്. ഇന്ദിരാ ഗാന്ധി മുതൽ ജയിച്ച് എത്തിയ സ്ഥലത്ത് നമ്മളും നിൽക്കുന്നു എന്നൊക്കെ ഒാർക്കുമ്പോൾ സ്വയം ആവേശം കൊള്ളും. നമ്മളെ വിശ്വസിച്ച പാർട്ടിക്ക് കൊടുക്കാൻ കഴിയുന്ന വലിയൊരു സമ്മാനമാണ് ഇൗ എംപി സ്ഥാനം. ഒപ്പം ജനങ്ങൾക്കും.

സ്വപ്നത്തില്‍ ഉണ്ട‍ായിരുന്നോ ഇങ്ങനെയൊരു ജീവിതം..?

പാർലമന്റ് സ്വപ്നം കണ്ടിട്ടില്ല. തികച്ചും അപ്രതീക്ഷിതമാണ്. പാർട്ടിയിൽ പ്രവർത്തിക്കുക എന്നതിനായിരുന്നു പ്രാധാന്യം. പാർട്ടി ഇപ്പോൾ യുവാക്കൾക്ക് പ്രാധാന്യം നൽകുന്നുണ്ട്. അതുകൊണ്ട് നമ്മളെ എപ്പോഴെങ്കിലും പരിഗണിക്കുമെന്നൊക്കെ കരുതിയിരുന്നു. എങ്കിലും ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പ്രാധാന്യം നൽകുക എന്നതിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്. ഞാൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായതും അങ്ങനെയാണ്. തികച്ചും അവിചിരിതമായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ പ്രവർത്തിച്ച് പരിചയമില്ലാതിരുന്നപ്പോഴാണ് അവിടെ മത്സരിക്കാൻ പാർട്ടി പറയുന്നത്. ഇതെല്ലാം ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനുള്ള നിയോഗമായി കരുതുന്നു.

ആലത്തൂരിലെ പ്രശ്ന്ങ്ങൾ?

ആലത്തൂരിൽ കർഷകരുടെ പ്രശ്നങ്ങൾക്ക് ഉൗന്നൽ നൽകും. അവിടെ ധാരാളം കൃഷി നടക്കുന്നുണ്ട്. എന്നാൽ അവ സംഭരിക്കാനോ സൂക്ഷിക്കാനോ സൗകര്യമില്ല. വെണ്ടയ്ക്കയൊക്കെ കിലോ അമ്പത് പൈസയ്ക്ക് വിറ്റുപോകുന്ന സാഹചര്യമുണ്ട്. ആലത്തൂരിനൊരു കോൾഡ് സ്റ്റോറേജ് സൗകര്യം വേണം. പിന്നെ ബൈപ്പാസ്, ട്രെയിൻ  സ്റ്റോപ്പുകൾ അങ്ങനെ പലവിധകാര്യങ്ങളിൽ ജനം ബുദ്ധിമുട്ടുന്നു.

 

സ്പീക്കർ പേര് തെറ്റി വിളിച്ചതും താങ്കൾ അത് തിരുത്തിയതുമെല്ലാം വാർത്തയായല്ലോ? 

അയ്യോ, വാർത്തയായ വിവരമൊന്നും ഞാനറിഞ്ഞില്ല. സ്പീക്കറുമായി നേരത്തെ സംസാരിച്ചിട്ടുണ്ട്. അദ്ദേഹത്തിന് എന്റെ പേരും അറിയാം. പക്ഷെ ഉച്ഛാരണത്തിൽ രമ്യ എന്നുള്ളതിന് പകരം രാമയ്യ എന്നോ മറ്റോ ആയിപ്പോയി. അത് ഇംഗ്ലീഷ് സ്പെല്ലിങ് വായിച്ചപ്പോഴുണ്ടായ പ്രശ്നമാണ്. അപ്പോഴേക്കും സഹപ്രവർത്തകരെല്ലാം ചേർന്നാണ് രമ്യ എന്ന് തിരുത്തിയത്. അപ്പോൾ സ്പീക്കർ പറഞ്ഞു എന്നെ അറിയാമെന്ന്, വലിയ ആളാണെന്ന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു എന്ന്. അദ്ദേഹം എന്നെ ഒാർത്തിരിക്കുന്നത് വലിയ കാര്യമാണ്. 

 

എംപിയായ ശേഷമുള്ള ഞാറ് നടൽ വൈറലാണല്ലോ? 

അതും ശരിക്കും അപ്രതീക്ഷിതമായിരുന്നു. മഴയ്ക്ക് മുമ്പ് ഞാറു നടന്നതാണ് ആലത്തൂരിലെ പതിവ്. അവിടത്തേത് വിരിപ്പ് കൃഷിയാണ്. അവിടുത്തെ ചേച്ചിമാർ കർഷകരുടെ പ്രശ്നങ്ങൾ പറയാൻ വന്നതാണ്. നെല്ല് നട്ടിട്ടും വളർന്ന് നിൽക്കുന്നത് കളയാണ്. ഇതിനെന്തെങ്കിലുമൊരു പരിഹാരം കാണണമെന്ന് അവർ പറഞ്ഞു. അങ്ങനെ പോയതാണ്. അപ്പോൾ ചേച്ചിമാർ ഞാറു നടുന്നു. എന്നോട് കൂടുന്നോ എന്ന് ചോദിച്ചു. 

എനിക്ക് ഞാറ് നടാൻ അറിയുമെന്നും ഞാൻ അവരോടൊപ്പം കൂടുമെന്നും പ്രതീക്ഷിച്ചില്ല. എനിക്ക് ഞ​ാറു നടാനൊക്കെ അറിയാം. സ്കൂളിൽ പഠിക്കുന്ന കാലത്തൊക്കെ ചെയ്തിട്ടുമുണ്ട്. അമ്മവീട് മാവൂരാണ്. അവിടെവച്ച് ഞാറ് നടാറുണ്ട്.  ആ ഒരു ധൈര്യത്തിലാണ് അന്നും ഞാറ് നടാനിറങ്ങിയത്. പക്ഷെ അത് ഫെയ്സ്ബുക്ക് ലൈവാണെന്നൊന്നും അറിയില്ലായിരുന്നു.  

വനിത കവർ ഗേളായ അനുഭവം?

വനിതയുടെ ആളുകൾ ഫോട്ടോ എടുത്തു എന്നല്ലാതെ കവറായി വരാനാണെന്നൊന്നും അറിയില്ലായിരുന്നു. എതെങ്കിലും പേജിൽ വരുമെന്ന് കരുതി. പക്ഷെ കവർ പേജ് കണ്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയി. വനിതയിൽ ലക്ഷ്മി ഗോപാല സ്വാമിയുടേയും മഞ്ജു വാര്യരുടേയുമൊക്കെ ചിത്രങ്ങൾ കാണുമ്പോൾ സ്കൂളിൽ പഠിക്കുമ്പോൾ ആഗ്രഹിച്ചിട്ടുണ്ട് നമ്മുടെ പടമൊക്കെ ഇങ്ങനെ വരുമോ എന്ന്. വനിതയുടെ ആളുകൾ എനിക്ക് വനിത കൊണ്ടുത്തന്നതും സർപ്രൈസായിരുന്നു, കുറെ ചേച്ചിമാരൊക്കെ ചേർന്നാണ് തന്നത്. ഇപ്പോഴും ചേച്ചിമാർ‌ വിളിക്കും, ആ വനിത ആലത്തൂരിൽ കിട്ടാനില്ല, എങ്ങനെയെങ്കിലും സംഘടിപ്പിച്ചു തരാമോ എന്ന്. അവരുടെ വിചാരം എന്റെ സ്വന്തമാണ് വനിത എന്നാണ്. 

വിവാഹം?

വിവാഹത്തെക്കുറിച്ച് ആശങ്കയൊന്നുമില്ല. നമ്മളെ മനസിലാക്കുന്ന ഒാരാൾ വേണം. എപ്പോൾ വേണമെങ്കിലും ആളുകൾ സഹായം ചോദിച്ചുവരാം. അവരോടൊപ്പം പോകാനും നമ്മുടെ ജോലി ഇതാണെന്നു മനസിലാക്കാനും കഴിയുന്ന ഒരാൾ വരണമെന്നാണ് ആഗ്രഹം. 

 

ആരിഫ് എംപിയുടെ പ്രസംഗത്തിന് ട്രോളുകൾ വന്നത് കണ്ടിരുന്നോ?

അത് എന്ത് സംഭവിച്ചതാണെന്നറിയില്ല. എല്ലാവരും എഴുതിത്തയ്യാറാക്കിയ പേപ്പർ കൊണ്ടു പോകും. പേപ്പർ മറിഞ്ഞുപോയതുകൊണ്ടുണ്ടായ ആശയക്കുഴപ്പമാകും എന്ന് കരുതുന്നു. അദ്ദേഹം ഭാഷ കൈകാര്യം ചെയ്തു പരിയമുള്ള ആളാണ്. 

ഹിന്ദി പ്രശന്മായോ?

ഇല്ല, കുറച്ചൊക്കെ ഹിന്ദി അറിയാം. പിന്നെ ഇപ്പോൾ എല്ലാത്തിനും ഇംഗ്ലീഷ് തർജ്മ ഉണ്ട്.

 

രാഹുൽ ഗാന്ധിയുമായുള്ള ആശയവിനിമയം..?

വിജയത്തിന് ശേഷം രാഹുൽ ജി അഭിനന്ദിച്ചു. അദ്ദേഹത്തിന്റെ ടീമിൽ പ്രവർത്തിച്ച് പരിചമുണ്ടല്ലോ. പക്ഷെ എന്നെ ഞെട്ടിച്ചത് പ്രിയങ്കാജിയുടെ പ്രതികരണമാണ്. നമ്മുടെ ഇലക്ഷൻ പ്രചാരണമെൊക്കെ അവർ സസൂക്ഷ്മം വീക്ഷിക്കുന്നുണ്ടായിരുന്നു. ഒാരോ സ്ഥലത്തേയും പ്രചാരണം ഒാർത്തു പറയുമ്പോൾ ഞാൻ ശരിക്കും അതിശയിച്ചു പോയി.