എഴുന്നള്ളിപ്പിനിടെ ആന വിരണ്ടു, 3 മണിക്കൂറോളം കീഴ്ശാന്തി ആനപ്പുറത്ത്

കഴക്കൂട്ടം: ത‍പ്പാപ്പൂർ തൃപ്പാദപുരം മഹാദേവക്ഷേത്രത്തിലെ ആറാട്ടുകലശ ചടങ്ങിന്റെ ഭാഗമായി എഴുന്നള്ളിച്ച ആന വിരണ്ടത് മണിക്കൂറുകളോളം ഭീതി പരത്തി. ആനപ്പുറത്ത് വിഗ്രഹം എഴുന്നള്ളിച്ച ക്ഷേത്ര കീഴ്ശാന്തി കഴക്കൂട്ടം സ്വദേശി വിനോദി(27)നെ മൂന്നു മണിക്കൂറിനു ശേഷമാണ് ആനപ്പുറത്തുനിന്നു താഴെ ഇറക്കാനായത്. ഇന്നലെ രാത്രി 7.30ന് ഉള്ളൂർ സ്വദേശിയായ അനിലിന്റെ വക പാർവതി(പാറു) എന്ന ആനയാണ് ഭീതി പരത്തിയത്

ക്ഷേത്രത്തിൽ നടക്കുന്ന ഉത്സവചടങ്ങുകളുടെ സമാപനചടങ്ങായ ആറാട്ടുകലശപൂജയ്ക്ക് എഴുന്നള്ളിച്ച ആന ക്ഷേത്രത്തെ മൂന്നാമത്തെ തവണ വലം വെയ്ക്കുമ്പോഴാണ് വിരണ്ടത്. ആന ആദ്യം പടിഞ്ഞാറേ നടയിലെ പടിക്കെട്ടുകളും കൈവരിയും തകർത്തു. പാപ്പൻമാരും സഹായികളും ചേർന്ന് ശാന്തമാക്കാൻ ശ്രമിക്കുന്നതിനിടയിൽ ക്ഷേത്രത്തിലെ മേൽക്കൂര പല ഭാഗത്തും ഇടിച്ചു തകർത്തു.

നടയിലെ ആനക്കൊട്ടിലിലെത്തിച്ച് ചങ്ങലകൊണ്ട് ബന്ധിച്ച ആന ക്ഷേത്രത്തിനു മുന്നിലുണ്ടായിരുന്ന ഏഴു തട്ടുള്ള നിലവിളക്കും കൊടിമരത്തിന്റെ ചുവട്ടിലെ ഇരുമ്പുവേലിയും ക്ഷേത്രമേൽക്കൂരയുടെ ഒരു ഭാഗവും തകർത്തു. ഈ സമയമെല്ലാം ക്ഷേത്രമേൽശാന്തി ആനപ്പുറത്തായിരുന്നു. അദ്ദേഹത്തെ താഴെ ഇറക്കാനുള്ള പാപ്പാൻമാരുടെ ശ്രമം ആനയെ കൂടുതൽ ക്ഷുഭിതയാക്കി. ഒൻപതുമണിയോടെ ഉടമ അനിലും ഭാര്യയുമെത്തി ആനയെ അനുനയിപ്പിച്ചതിനെതുടർന്നാണ് ശാന്തിയെ താഴെയിറക്കിയത്. പിന്നീട് ആനയെ ക്ഷേത്രവളപ്പിലെ തെങ്ങിൽ തളച്ചു.