ചട്ടലംഘനങ്ങളോ അക്രമങ്ങളോ ഇല്ലാതെ എറണാകുളം; വോട്ടുപാച്ചിലിൽ സ്ഥാനാര്‍ഥികള്‍

നാടിളക്കിമറിച്ച വാശിയേറിയ പ്രചാരണ കോലാഹലത്തിന് തിരശീല വീഴാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ എറണാകുളം ജില്ലയിലെ സ്ഥാനാര്‍ഥികള്‍ അവസാനവട്ട വോട്ടുപാച്ചിലില്‍. ആരോപണ പ്രത്യാരോപണങ്ങളോ തിരഞ്ഞെടുപ്പ് ചട്ടലംഘനങ്ങളോ അക്രമങ്ങളോ ഒന്നും തന്നെയില്ലാതെ തീര്‍ത്തും സമാധാനപരമായിരുന്നു എറണാകുളം മണ്ഡലത്തിലെ ഇടത് വലത് മുന്നണികളുടേയും ബിജെപിയുടേയും പ്രചാരണം.

ഈ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തിലേ വോട്ടര്‍മാര്‍ക്കിടയിലേക്ക് വോട്ട് ചോദിച്ച് ആദ്യമെത്തിയത് ഇടത് സ്ഥാനാര്‍ഥി പി. രാജീവാണ്. കൃത്യമായി പറഞ്ഞാല്‍ 23 ദിവസത്തെ പ്രചാരണം രാജീവ് മണ്ഡലത്തില്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. കഴിഞ്ഞ ഒരുമാസത്തോളം കൊടും ചൂടിന്റെ കാഠിന്യം നന്നായി അനുഭവിച്ച പി. രാജീവ് താന്‍ എറണാകുളത്തിന്റെ എംപിയായല്‍ പ്രകൃതിക്ക് തണലൊരുക്കുമെന്നൊവാഗ്ദാനം കൂടി മുന്നോട്ട് വയ്ക്കുന്നു.

കുറഞ്ഞ സമയം കൊണ്ട് പ്രചാരണത്തില്‍ ഇടത് സ്ഥാനാര്‍ഥിക്കൊപ്പം ഒാടിയെത്തിയ യുഡിഎഫിന്റെ ഹൈബി ഈഡനും ആത്മവിശ്വാസത്തില്‍ ഒട്ടും പിറകിലല്ല. പ്രചാരണം ൈവകിയെങ്കിലും പരമ്പരാഗത കോണ്‍ഗ്രസ് മണ്ഡലമായ എറണാകുളം ഇക്കുറിയും വലതിനെ കൈവിടില്ലെന്നാണ് യുഡിഎഫ് ക്യാംപിലെ ഉറച്ച വിശ്വാസം. എംഎല്‍എ എന്ന നിലയിലുള്ള തന്റെ പ്രകടനത്തിന്റെ വിലയിരുത്തല്‍ കൂടിയായിരിക്കും ഈ തിരഞ്ഞെടുപ്പെന്നും ഹൈബി ആവര്‍ത്തിക്കുന്നു.

എന്‍ഡിഎ സ്ഥാനാര്‍ഥിയായി ബിജെപി എറണാകുളം മണ്ഡലത്തിലിറക്കിയ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും ശുഭപ്രതീക്ഷയില്‍ തന്നെ. പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലും വേഗം കൂട്ടിയുള്ള പതിവ് ഒാട്ടത്തില്‍ തന്നെയാണ് അല്‍ഫോണ്‍സ് കണ്ണന്താനം

വാക്പോ‌രുകളൊന്നുമില്ലാതെ തീര്‍ത്തും സമാധാനപരമായി മുന്നേറിയ പ്രചാരണത്തിന് കൊടിയിറങ്ങും വരെയും വിശ്രമില്ലാത്ത ഒാട്ടത്തില്‍ തന്നെയാകും സ്ഥാനാര്‍ഥികളും ഒപ്പം അണികളും.