സീറ്റ് കിട്ടാത്തതിന്റെ പേരിൽ ബിജെപി വിടില്ല: അൽഫോൺസ് കണന്താനം

പാർലമെന്റിൽ ബിജെപിക്ക് മുസ്‌ലിം പ്രാതിനിധ്യം ഇല്ലാതായേക്കും. രാജ്യസഭാ സീറ്റ് നിഷേധിക്കപ്പെട്ട കേന്ദ്രമന്ത്രി മുക്താർ അബാസ് നഖ്‌വി ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ മൽസരിക്കുമെന്ന് സൂചനയുണ്ട്. സീറ്റ് കിട്ടാത്തതിന്റെ പേരിൽ ബിജെപി വിടില്ലെന്ന് അൽഫോൺസ് കണ്ണന്താനം പറഞ്ഞു. രാജസ്ഥാനിലും ഹരിയാനയിലും മഹാരാഷ്ട്രയിലും എതിരാളികളുടെ ജയസാധ്യത ബിജെപി പ്രതിസന്ധിയിലാക്കി.

ബിജെപിയുടെ രാജ്യസഭാംഗങ്ങളായ ന്യൂനപക്ഷകാര്യമന്ത്രി മുക്താർ അബാസ് നഖ്‌വി, എം.ജെ അക്ബർ, സയ്ദ് സഫർ ഇസ്‌ലാം എന്നിവരുടെ കാലാവധി തീരുകയാണ്. പുതിയ സ്ഥാനാർഥികളിൽ മുസ്ലിം വിഭാഗത്തിൽ നിന്ന് ആരുമില്ല. ലോക്സഭയിലും രാജ്യസഭയിലും മുസ്ലിം പ്രാതിനിധ്യം ഇല്ലാതായേക്കും. നഖ്‌വി യുപിയിലെ റാംപുർ ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ മൽസരിച്ചേക്കും. സമാജ്‌വാദിയുടെ മുതിർന്ന നേതാവ് അസം ഖാൻ രാജിവച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ്. മൂന്ന് ടേം പൂർത്തിയാക്കിയവർക്ക് സീറ്റ് നൽകില്ലെന്ന നയത്തിന്റെ ഭാഗമായാണ് നഖ്‌വിയെ പരിഗണിക്കാത്തതെന്ന് ബിജെപി വൃത്തങ്ങൾ പറയുന്നു. രാജ്യസഭാ സ്ഥാനാർഥി നിർണയത്തിൽ പാർട്ടി നേതൃത്വം ന്യൂനപക്ഷങ്ങളോട് വിവേചനം കാണിച്ചിട്ടില്ലെന്നും ബിജെപി വിടില്ലെന്നും അൽഫോൺസ് കണ്ണന്താനം പറഞ്ഞു.

മാധ്യമരംഗത്തുനിന്നുള്ള സുഭാഷ് ചന്ദ്രയെ രാജസ്ഥാനിലും കാർത്തികേയ ശർമയെ ഹരിയാനയിലും സ്വതന്ത്രസ്ഥാനാർഥികളാക്കി കോൺഗ്രസിന്റെ ജയസാധ്യത ബിജെപി പ്രതിസന്ധിയിലാക്കി. മഹാരാഷ്ട്രയിൽ ധനഞ്ജയ് മാധിക്കിനെ മൂന്നാം സ്ഥാനാർഥിയാക്കി ശിവസേന നേതാവ് സഞ്ജയ് പവാറിന് ബിജെപി വെല്ലുവിളി ഉയർത്തി.