രാഹുലിന്റെ പ്രസംഗം ഉള്ളിലേറ്റി, നെഞ്ചില്‍ കൈതൊട്ട് തര്‍ജമ; കേരളം തിരഞ്ഞ വനിത ഇതാ

രണ്ട് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ രാഹുൽ ഗാന്ധിയുടെ പ്രസംഗങ്ങൾ സസൂക്ഷ്മം വീക്ഷിക്കുകയാണ് രാഷ്ട്രീയകേരളം. രാഹുലിന്‍റെ പത്തനാപുരത്തെ പ്രസംഗം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത വനിതയെ പലരും ശ്രദ്ധിച്ചിരുന്നു. സോഷ്യല്‍ മീ‍ഡിയയിൽ നിറകയ്യടിയാണ് ജ്യോതി വിജയകുമാർ എന്ന പരിഭാഷകയ്ക്ക്.

രാഷ്ട്രീയപശ്ചാത്തലമുള്ള കുടുംബത്തിൽ നിന്നുമാണ് ജ്യോതിയുടെ വരവ്.  ചെങ്ങന്നൂരില്‍ മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയകുമാറിന്‍റെ മകളാണ് ജ്യോതി വിജയകുമാർ. ദേശീയ വിഷയങ്ങള്‍ ആഴത്തില്‍ പ്രതിപാദിച്ച രാഹുലിന്റെ പ്രസംഗത്തിന് മലയാള ശബ്ദപരിഭാഷ നല്‍കിയ വനിത ആരെന്ന് പലരും അന്വേഷിച്ചിരുന്നു. 

തിരുവനന്തപുരം സിവില്‍ സര്‍വീസ് അക്കാദമിയിലെ സോഷ്യോളജി വിഭാഗം സഫാക്കല്‍റ്റിയായി ജോലി ചെയ്യുന്ന ജ്യോതി മുൻപ് രാഹുല്‍ ഗാന്ധി പങ്കെടുത്ത മത്സ്യതൊഴിലാളി സംഗമത്തിലും പരിഭാഷകയുടെ റോളിലെത്തിയിരുന്നു.  2016ല്‍ സോണിയാ ഗാന്ധി കേരളത്തിലെത്തിയപ്പോൾ സോണിയയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയതും ജ്യോതിയായിരുന്നു. രാഷ്ട്രീയത്തില്‍ രാഹുലിന്‍റെ ആശയത്തോട് പലവട്ടം ചേര്‍ന്ന് പ്രവൃത്തിച്ച പരിചയവും അവര്‍ക്കുണ്ട്.  

പ്രസംഗത്തില്‍ നിന്നുള്ള പ്രധാന ഭാഗങ്ങള്‍: ആര്‍എസ്എസിന്റെ വിദ്വേഷരാഷ്ട്രീയത്തെ സ്നേഹം കൊണ്ട് നേരിടുമെന്ന് രാഹുല്‍ ഗാന്ധി. ഇന്ത്യ ഒരുപാട് ആശയങ്ങളുടെ സമന്വയമാണെന്ന് രാജ്യത്തെ ബോധ്യപ്പെടുത്താനാണ് കേരളത്തില്‍ മല്‍സരിക്കുന്നതെന്നും അദ്ദേഹം പത്തനാപുരത്ത് തിരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു. ന്യായ് പദ്ധതി നടപ്പാക്കാനുള്ള പണം മധ്യവര്‍ഗത്തില്‍ നിന്ന് പിടിച്ചുവാങ്ങുമെന്ന നരേന്ദ്രമോദിയുടെ ആരോപണം കളവാണെന്നും രാഹുല്‍ തിരിച്ചടിച്ചു.

വയനാട്ടില്‍ പത്രിക നല്‍കിയശേഷം ആദ്യമായാണ് രാഹുല്‍ ഗാന്ധി കേരളത്തില്‍ പ്രചാരണത്തിനിറങ്ങിയത്. സിപിഎമ്മിനെതിരെ ഒരു വാക്കുപോലും പറയില്ലെന്ന ഉറപ്പ് പത്തനാപുരത്തെ യോഗത്തില്‍ അദ്ദേഹം അക്ഷരാ‍ര്‍ഥത്തില്‍ പാലിച്ചു. പോര്‍മുന മുഴുവന്‍ ആര്‍എസ്എസിനും ബിജെപിക്കുമെതിരെ. 

ആര്‍എസ്എസ് എതിര്‍ശബ്ദങ്ങളെയെല്ലാം അടിച്ചമര്‍ത്തുന്നു. അതിനെ കോണ്‍ഗ്രസ് സ്നേഹം കൊണ്ടും അഹിംസ കൊണ്ടും നേരിടും. കേരളത്തില്‍ മല്‍സരിക്കുന്നതിന് കാരണവും ആര്‍എസ്എസിന്റെ തെറ്റായ ശൈലി തുറന്നുകാട്ടാനാണ്.

കേരളത്തില്‍ മല്‍സരിക്കുന്നത് രാജ്യത്തിനുള്ള സന്ദേശമാണ്. ഇന്ത്യ ഒരു കാഴ്ചപ്പാടല്ല ഒരുപാട് ചിന്തകളുടെ സമന്വയമാണെന്ന സന്ദേശമാണ് നല്‍കുന്നത്. സാമൂഹ്യസമന്വയത്തിന്റെ മികച്ച ഉദാഹരണമായതിനാലാണ് കേരളം തിരഞ്ഞെടുത്തത്. ന്യായ് പദ്ധതി നടപ്പാക്കാന്‍ മധ്യവര്‍ഗത്തെ ബലിയാടാക്കുമെന്ന മോദിയുടെ ആരോപണം രാഹുല്‍ തള്ളി.  ആദായനികുതി കൂട്ടില്ല. അനില്‍ അംബാനിയെപ്പോലുള്ള അതിസമ്പന്നരില്‍ നിന്ന് പണം ഈടാക്കും.