നിഖിൽ–സുമലത ആരാധകർ ഏറ്റുമുട്ടി; കോൺഗ്രസ്–ദൾ ക്യാംപുകൾ ശോകമൂകം

കർണാടകയിൽ ചരിത്രവിജയം നേടി ബിജെപി. ആകെയുളള 28 സീറ്റുകളിൽ 24ഉം നേടിയാണ് ബിജെപിയുടെ വിജയം. വൻ തിരിച്ചടി നേരിട്ട കോൺഗ്രസ് ദൾ സഖ്യത്തിന് 2 സീറ്റിൽ ഒതുങ്ങേണ്ടി വന്നു. മണ്ഡ്യയിൽ സ്വതന്ത്ര സ്ഥാനാർഥിയായ നടി സുമലത  മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകൻ നിഖിൽ ഗൗഡയെ പരാജയപ്പെടുത്തി. ഇനിയും ഫലം വരാനുള്ള മണ്ഡലങ്ങളിലും  ബിജെപി വ്യക്തമായ ലീഡ് നിലനിർത്തുകയാണ്. 

ആഹ്ലാദത്തിമിർപ്പിൽ ബിജെപി കേന്ദ്രം. ശോകമൂകമായി കോൺഗ്രസ് ദൾ ക്യാമ്പുകൾ. കർണാടകയിലെ കാഴ്ച ഇതാണ്. വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ മുതൽ കൃത്യമായ ലീഡ് നിലനിർത്തിയ ബിജെപി 24 സീറ്റിലും വൻ ഭൂരിപക്ഷത്തോടെയാണ് വിജയം കണ്ടത്‌. കേന്ദ്രമന്ത്രി അനന്ത് കുമാർ ഹെഗ്‌ഡെയ്ക്കാണ് ഏറ്റവും  ഭൂരിപക്ഷം. നാല് ലക്ഷത്തി എഴുപത്തൊൻപതിനായിരം വോട്ടുകൾ നേടിയാണ് ജയം. സഖ്യസർക്കാരിന്റെ ഒന്നാം വാർഷികത്തിലാണ്  കോൺഗ്രസ്–ദൾ കൂട്ടുകെട്ടിന് വൻ തിരിച്ചടി നേരിടേണ്ടിവന്നത്. 

മല്ലികാർജുൻ ഖാർഗെ, വീരപ്പ മൊയ്‌ലി, കൃഷ്ണ ബൈരെ ഗൗഡ ഈശ്വർ ഖന്ദ്രെ തുടങ്ങി കോൺഗ്രസിന്റെ പ്രമുഖ സ്ഥാനാർഥികളെല്ലാം പരായമറിഞ്ഞു. ദൾ ദേശീയ അധ്യക്ഷൻ. എച്ച് ഡി ദേവഗൗഡയും നിഖിൽ ഗൗഡയും പരാജയപ്പെട്ടപ്പോൾ, ഹാസനിൽ  പ്രജ്വൽ രേവണ്ണ വിജയിച്ചത് മാത്രമാണ് ദളിന് ആകെയുള്ള നേട്ടം. ബെംഗളൂരു റൂറൽ മാത്രമാണ് കോൺഗ്രസിന് നേടാനായത്.  

വിവാദങ്ങൾ നിറഞ്ഞ മണ്ഡ്യയിൽ സ്വതന്ത്ര സ്ഥാനാർഥി സുമലത 115000 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് വിജയമുറപ്പിച്ചത്. ഫലം വന്നതിനുപിന്നാലെ നിഖിലിന്റെയും സുമലതയുടെയും ആരാധകർ തമ്മിൽ ഏറ്റുമുട്ടി. ബെംഗളൂരു സെൻട്രൽ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിച്ച നടൻ പ്രകാശ് രാജിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഉപതിരഞ്ഞെടുപ്പ് നടന്ന 2 നിയമസഭാ മണ്ഡലങ്ങളിൽ കുണ്ടുഗോൾ  നിലനിർത്തിയ കോൺഗ്രസിന് ചിഞ്ചോളി  നഷ്ടമായി. പരാജയം അംഗീകരിക്കുന്നതായി കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.