'77ലെ 295; '80ലെ കോണ്‍ഗ്രസിന്റെ 353; 2014നെ വെട്ടിയ തരംഗം; ഈ വിജയത്തിന്റെ ചരിത്രവഴി

1977 ലെയും 1980 ലെയും ജനവിധിക്ക് സമാനമാണ് ഇത്തവണത്തെയും വിധി. '77 ൽ 295 സീറ്റുകളാണ് ജനതാപാർട്ടി നേടിയത്. വോട്ട് വിഹിതം 41.3 ശതമാനം. 1980 ൽ കോൺഗ്രസ് നേടിയത് 353 സീറ്റുകൾ. വോട്ട് വിഹിതം 42.7 ശതമാനം. ശേഷം 300 കടന്നത് 1984 ല്‍ ആണ്. ഇന്ദിരാഗാന്ധിയുടെ മരണശേഷം നടന്ന തിരഞ്ഞെടുപ്പായിരുന്നു അത്. അന്ന് കോൺഗ്രസ് നേടിയത് 400 സീറ്റ്. 

യുപിയിൽ നഷ്ടം വരുമെന്നായിരുന്നു ബിജെപിയുടെയും കണക്കുകൂട്ടൽ. യുപി ഉൾപ്പെടെ ഉത്തരേന്ത്യയിലെ സീറ്റുനഷ്ടം ദക്ഷിണേന്ത്യയിലും ബംഗാളിലും ഒഡിഷയിലുമായി നികത്തുമെന്നു ബിജെപി അധ്യക്ഷൻ അമിത് ഷാ അഭിമുഖങ്ങളിൽ ആവർത്തിച്ചു. പക്ഷേ, ബിജെപിയെപ്പോലും അമ്പരപ്പിച്ചു യുപിയിൽ പാർട്ടി ഇളകാതെ നിൽക്കുന്നു. 2014ലെ തരംഗത്തിന്റെ അത്രയില്ലെങ്കിലും അറുപതോളം സീറ്റുകളിൽ ബിജെപി മുന്നിലാണ്.

2009ൽ യുപിഎ തുടർഭരണത്തിലേറിയെങ്കിലും അഞ്ചു വർഷത്തിനപ്പുറം അതിശക്തമായ തിരിച്ചടിയായിരുന്നു കോൺഗ്രസിനെ കാത്തിരുന്നത്. 2009ൽ 262 സീറ്റ് പിടിച്ച യുപിഎക്ക് 2014ൽ ലഭിച്ചത് 60 സീറ്റുകൾ. അതിൽ 44 എണ്ണം മാത്രമായിരുന്നു കോൺഗ്രസിന്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി ഒറ്റയ്ക്കു കേവലഭൂരിപക്ഷം സ്വന്തമാക്കിയ 2014ൽ എൻഡിഎ സ്വന്തമാക്കിയത് 339 സീറ്റുകൾ– 2009ലെ 159 സീറ്റിനും ഇരട്ടിയിലേറെ.

കഴിഞ്ഞ തവണ 73 സീറ്റുകളാണ് ബിജെപി നേടിയത്. ബിഎസ്പി– എസ്പി സഖ്യം ഇത്തവണ ബിജെപിയെ മറികടക്കുമെന്നായിരുന്നു പ്രവചനം. എന്നാല്‍ സംസ്ഥാനത്ത് ഒരു ചലനവും സൃഷ്ടിക്കാന്‍ മഹാഗഡ്ബന്ധനായില്ല.

ബ്രാന്‍ഡ് മോദി മുദ്ര: ഈ വിജയം പിറന്ന വഴി

നരേന്ദ്ര മോദിയെന്ന കരുത്തുറ്റ ഭരണാധികാരിക്ക് രാജ്യത്തെ വോട്ടര്‍മാര്‍ നല്‍കിയ അംഗീകാരമാണ് ബിജെപിയുടെ തകര്‍പ്പന്‍ വിജയമെന്നാണ് നിരീക്ഷകരുടെ പക്ഷം. തിരഞ്ഞെടുപ്പ് പോരാട്ടങ്ങള്‍ നയിക്കുന്നത് ലഹരിയാക്കിയ അമിത് ഷായെന്ന രാഷ്ട്രീയ ചാണക്യന്‍റെ തന്ത്രങ്ങള്‍ എതിരാളികളെ ഒരിക്കല്‍ കൂടി നിലംപരിശാക്കി. വികസനവും ദേശീയതയും വിശ്വാസവും ബ്രാന്‍ഡ് മോദി മുദ്രയുമായി കളം നിറഞ്ഞപ്പോള്‍ ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഒരു ദിശാമാറ്റത്തിന് വഴിയൊരുങ്ങി.

‘കേവലഭൂരിപക്ഷമുള്ള ഒരു സര്‍ക്കാര്‍ ഭരണകാലം പൂര്‍ത്തിയാക്കി വീണ്ടും അധികാരത്തിലെത്തും’. അവസാനഘട്ട വോട്ടെടുപ്പിന് രണ്ടുനാള്‍ മുന്‍പ്, മേയ് 17ന് നരേന്ദ്ര മോദി ബിജെപി ആസ്ഥാനത്ത് വെച്ചു പറഞ്ഞ ഈ വാക്കുകള്‍ അമിത ആത്മവിശ്വാസമായി കരുതിയവരുണ്ട്. ഒടുവില്‍ വിധിയെഴുത്ത് പുറത്തുവന്നപ്പോള്‍ രാജ്യം പറഞ്ഞു നമോ, നമ. 2014ലിലേതിനേക്കാള്‍ തിളക്കമാര്‍ന്ന വിജയം. 

ബിജെപിയുടെ ഭാഷയില്‍ പറഞ്ഞാല്‍ മോദി സുനാമി. മോദിയും മറ്റുള്ളവരും തമ്മില്‍ എന്ന നിലയിലാണ് പോരാട്ട ചിത്രം തെളിഞ്ഞത്. അവിടെ മോദിയുടെ അടുത്തെങ്ങുമെത്താന്‍ കഴിയുന്ന നേതാക്കളാരും എതിര്‍പാളയത്തിലുണ്ടായിരുന്നില്ല. ഒാരോ മണ്ഡത്തിലെയും സ്ഥാനാര്‍ഥിക്കല്ല, മോദിക്കാണ് ബിജെപി വോട്ട് ചോദിച്ചത്. സംസ്ഥാനസര്‍ക്കാരുകളോടും സിറ്റിങ് എം.പിമാരോടുമുള്ള ജനവികാരത്തെ മോദി മാജിക്കിലൂടെ മറികടന്നു. മിന്നലാക്രമണവും പുല്‍വാമയും ബാലക്കോട്ട് വ്യോമാക്രമണവും പ്രചാരണവേദികളില്‍ ദേശീയത ആളിക്കത്തിച്ചു. പ്രചാരണരംഗത്ത് മോദി തെളിച്ചവഴിയെ പ്രതിപക്ഷത്തിന് പോകേണ്ടിവന്നു. 

ഹിന്ദുത്വത്തിലൂടെ സാധികാത്ത ഏകീകരണം ദേശീയത പറഞ്ഞ് സാധ്യമാക്കി. സര്‍ക്കാരിന്‍റെ സാമൂഹികക്ഷേമപദ്ധതികള്‍ നിര്‍ണായകമായി. ഗ്യാസ് കണക്ഷനും ശുചിമുറികളും അങ്ങിനെ വോട്ടുകൊണ്ടുവന്നു. യുവാക്കളെയും കന്നിവോട്ടര്‍മാരെയും പ്രചാരണവേദികളിലും പോളിങ് ബൂത്തുകളിലും ലക്ഷ്യമിട്ടു. ത്രിപുരിയെ കാവി പുതപ്പിക്കാന്‍ മുന്‍കൈയെടുത്ത സുനില്‍ ദേവ്ദര്‍ ബംഗാളിലും ഹിമന്ദ ബിസ്വസര്‍മ്മ വടക്കുകിഴക്കും ബിജെപി മുന്നേറ്റത്തിന്‍റെ ആസൂത്രകരായി. യുപിയിലെ ജാതിസമവാക്യത്തെ മോദിത്വം മറികടന്നു. നവീന്‍ പട്നായിക്കിന്‍റെ ഒഡീഷയില്‍ നടത്തിയ മുന്നേറ്റം ബോണസായി. ഈ പ്രചാരണ കാലത്ത് 142 റാലിയാണ് മോദി നടത്തിയത്. 

ഒന്നരകോടി ജനങ്ങളുമായി ആശവിനിമയം നടത്തി. ഒരു ലക്ഷത്തി അയ്യായിരം കിലോമീറ്ററാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി സഞ്ചരിച്ചത്. പ്രജ്ഞാ ഠാക്കൂറിന്‍റെ വരവ് ഹിന്ദുത്വരാഷ്ട്രീയം പൂര്‍ണമാക്കി. മോദി കാവി പുതച്ച് കേദാര്‍നാഥില്‍ ധ്യാനലീനനായപ്പോള്‍ കഴിക്കന്‍ യുപിയിലടക്കം ആടിനിന്ന ഹിന്ദുത്വവോട്ടുകള്‍ കൂടി ബിജെപിക്ക് വീണു. മോദി അമിത് ഷാ ദ്വയത്തിന്‍റെ അപ്രമാദിത്വം അങ്ങിനെ അരക്കിട്ടുറപ്പിച്ചു കഴിഞ്ഞു.