സിപിഎമ്മിനെ ഇക്കുറി ലക്ഷം ഭൂരിപക്ഷത്തിന് ജയിപ്പിച്ച മണ്ഡലം !

കേരളത്തില്‍ വൻതകര്‍ച്ച നേരിട്ട ഇടതുപാർ‌ട്ടിക്ക് മികച്ച ജയം സമ്മാനിച്ച ഒരിടമുണ്ട്. തിരിച്ചടികൾ‌ക്കിടയിലും ലക്ഷം ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച മണ്ഡലം. 

കേരളത്തിൽ തകർച്ച നേരിട്ട സിപിഎമ്മിന് ആശ്വാസമായി കോയമ്പത്തൂരിലെ ജയം. ലോക്സഭാ മണ്ഡലത്തിൽ ഡിഎംകെ മുന്നണിയിൽ ഉൾപ്പെടുന്ന സിപിഎമ്മിലെ പി.ആർ.നടരാജൻ 1,79,009 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചു. നടരാജന് 5,70,514 വോട്ട് ലഭിച്ചപ്പോൾ  ബിജെപിയിലെ സി.പി.രാധാകൃഷ്ണൻ നേടിയത് 3,91,505 വോട്ടുകളാണ്. 

കോയമ്പത്തൂർ ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള നടരാജന്റെ നാലാമത്തെ മത്സരമായിരുന്നു ഇത്തവണത്തേത്. ഡിഎംകെയും അണ്ണാ ഡിഎംകെയും മത്സരത്തിനിറങ്ങാതെ മുന്നണിയിലെ സിപിഎമ്മിനും ബിജെപിക്കും അവർ സീറ്റ് നൽകുകയായിരുന്നു. മുന്നണിയിലുണ്ടായിരുന്ന കോൺഗ്രസിന്റെ കൂടി പിന്തുണയോടെയാണു സിപിഎം വിജയം.  

കഴിഞ്ഞ തവണ ആദ്യമായാണ് ഈ മണ്ഡലത്തിൽ നിന്ന് അണ്ണാ ഡിഎംകെ ജയിച്ചത്. രണ്ടാമത് ബിജെപി ആയിരുന്നു. 2014ൽ  ഡിഎംകെ പിന്തുണയോടെ മത്സരിച്ച സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരുന്നു.