ഗവർണർക്കെതിരെ ഇടതുമുന്നണി തെരുവിലേക്ക്; പ്രത്യക്ഷസമരത്തിന് ഇന്ന് തുടക്കം

ഗവര്‍ണര്‍ക്കെതിരായ ഇടതുമുന്നണിയുടെ പ്രത്യക്ഷസമരം ഇന്നു തുടങ്ങുന്നു. വൈകിട്ട് സംസ്ഥാന വ്യാപകമായി ലോക്കല്‍ തലങ്ങളില്‍ പ്രതിഷേധപ്രകടനം നടത്തും. വരുംദിവസങ്ങളില്‍ പ്രതിഷേധം കടുപ്പിക്കാനാണ് ഇടതുമുന്നണി തീരുമാനം. 

ഇന്നു മുതല്‍ ഇടതുമുന്നണി ഗവര്‍ണര്‍ക്കെതിരെ തെരുവിലിറങ്ങുകയാണ്. പ്രത്യക്ഷസമരത്തില്‍ മുഖ്യമന്ത്രിയുടെ പങ്കാളിത്തം സംബന്ധിച്ച് തീരുമാനമായിട്ടില്ലെങ്കിലും ഗവര്‍ണറോടുള്ള നിലപാട് വ്യക്തമാക്കിയ മുഖ്യമന്ത്രി തന്നെയാണ് നേതൃത്വത്തില്‍. ഇന്നും നാളെയും സംസ്ഥാന വ്യാപകമായി ഇടതുമുന്നണി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തും. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് വൈകിട്ട് അഞ്ചിന് തുടങ്ങുന്ന പ്രതിഷേധ പ്രകടനം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. മറ്റിടങ്ങളില്‍ ഇടതുമുന്നണിയുടെ വിവിധ നേതാക്കള്‍ പ്രതിഷേധത്തില്‍ പങ്കാളികളാകും. നാളെയും പ്രതിഷേധം തുടരും. 

പ്രതിഷേധ പ്രകടനങ്ങളില്‍ ഭാഗമാകുന്ന നേതാക്കള്‍ ഗവര്‍ണറെ കടന്നാക്രമിക്കണമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. ഉന്നതവിദ്യാഭ്യാസ രംഗത്ത് ഗവര്‍ണര്‍ ഇടപെടുന്നത് സംഘപരിവാര്‍ അജണ്ട നടപ്പിലാക്കുന്നതിനാണ് എന്ന ആരോപണം ശക്തമായി ഉന്നയിക്കുകയാണ് ലക്ഷ്യം. ഇതുവഴി ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധങ്ങളില്‍ രാഷ്ട്രീയാതീതമായ ബഹുജന പിന്തുണ ഉറപ്പാക്കും. നവംബര്‍ 2ന് തിരുവനന്തപുരത്ത് വിദ്യാഭ്യാസവിദഗ്ധരെ ഉള്‍പ്പടെ പങ്കെടുപ്പിച്ച് സംസ്ഥാനതല കണ്‍വന്‍ഷനും 15ന് രാജ്ഭവന് മുന്നില്‍ പ്രതിഷേധ ധര്‍ണയും നടത്താന്‍ കഴിഞ്ഞ ദിവസം ഇടതുമുന്നണി തീരുമാനിച്ചിരുന്നു. അതിനു പിന്നാലെയാണ് 9 വി.സിമാരോട് രാജിവയ്ക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. ഇതോടെയാണ് ഇടതുമുന്നണി അടിയന്തര സമരപരിപാടികളിലേക്ക് കടന്നത്.

The LDF protest against the governor begins today