കോട്ടയത്ത് പ്രചരണ ചിത്രം മാറുന്നു; രാഷ്ട്രീയം ചർച്ചയാക്കാൻ എൽഡിഎഫും എൻഡിഎയും

കെ.എം.മാണിയുടെ വിടവാങ്ങലും കോട്ടയം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ മുഖ്യ വിഷയമായി മാറിയിരിക്കുകയാണ്. മാണിയുടെ മരണത്തേതുടര്‍ന്നുണ്ടായ സഹതാപം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാംപ്. ഇത് പ്രതിരോധിക്കാന്‍ രാഷ്ട്രീയ വിഷയങ്ങള്‍ സജീവ ചര്‍ച്ചയാക്കുകയാണ് എല്‍ഡിഎഫും എന്‍ഡിഎയും. 

കോട്ടയത്ത് പ്രചാരണ രംഗത്ത് ഏറെ പിന്നിലായിരുന്നു യുഡിഎഫ്. എല്‍ഡിഎഫും എന്‍ഡിഎയും സംഘടന സംവിധാനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി പ്രചാരണ രംഗത്ത് മുന്നേറി. അപ്രതീക്ഷിതമായുണ്ടായ കെ.എം.മാണിയുടെ മരണം കോട്ടയത്തെ തിരഞ്ഞെടുപ്പ് ചിത്രം മാറ്റിവരയ്ക്കുകയാണ്. കെ.എം.മാണിയോടുള്ള ജനങ്ങളുടെ സ്നേഹവും താത്പര്യവും അനുകൂലമാകുമെന്ന് ഉറച്ച് വിശ്വസിക്കുകയാണ് യുഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍.

സഹതാപതരംഗം ഇല്ലെന്ന് വ്യക്തമാക്കുകയാണ് എല്‍ഡിഎഫ്. രാഷ്ട്രീയ വിഷയങ്ങള്‍ ഉയര്‍ത്തി പ്രചാരണം മുന്നോട്ടുകൊണ്ടുപോകാനാണ് തീരുമാനം. കെ.എം.മാണിയുമായുള്ള അടുപ്പവും കേരള കോണ്‍ഗ്രസ് പാരമ്പര്യവും അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ സ്ഥാനാര്‍ഥി പി.സി. തോമസ്. ശക്തമായ ത്രികോണ മത്സരത്തിനാണ് കോട്ടയം മണ്ഡലം ഇത്തവണ വേദിയാകുന്നത്.