ജാതിയും മതവുമല്ല, രാഷ്ട്രീയവോട്ട്; കോഴിക്കോട്ടെ ജനപ്രിയരുടെ സാധ്യത ഇങ്ങനെ

സിറ്റിങ്  എംപിയും  സിറ്റിങ്  എംഎല്‍എയുമാണ് കോഴിക്കോട്ടെ  അങ്കത്തട്ടില്‍.   ജനപ്രിയസ്ഥാനാര്‍ഥികളുടെ  ജയപരാജയങ്ങള്‍ അവസാനറൗണ്ടില്‍ നിര്‍ണയിക്കുന്നത് മണ്ഡലത്തിലെ രാഷ്ട്രീയവോട്ടുകളാവും. ജാതിയും മതവുമില്ലാത്തതാണ് സാമൂതിരിസദസ്സിലെ  ഇത്തവണത്തെ അങ്കം.   

2009ലാണ്  ഇടതിന്  അടി തെറ്റിയത്. കണ്ണൂരില്‍  നിന്ന്  വണ്ടിയിറങ്ങിയ  എം കെ രാഘവന്‍  കടന്നുകൂടിയത് 800ലധികം  വോട്ടിന്.  2014ല്‍  16000ത്തിന് പുറത്തേക്ക്  ഭൂരിപക്ഷം  കൂട്ടി. ജയിക്കാനായി നിന്ന രാഘവന്  ഇടതുമുന്നണി  കരുതി വെച്ച  ജനപ്രിയ സഖാവ് കോഴിക്കോട് നോര്‍ത്ത് എം എല്‍ എ എ പ്രദീപ് കുമാര്‍. സ്ഥാനാര്‍ഥി ഒപ്പത്തിനൊപ്പമായാല്‍ പിന്നെ  രാഷ്ട്രീയം  പറയാം. ഏഴില്‍  ആറു നിയമസഭാമണ്ഡലങ്ങളും  ഇടതുമുന്നണിക്ക്. കോഴിക്കോട് സൗത്തില്‍ മാത്രം  6000ത്തിന് മേല്‍  വോട്ടിന് കടന്നു കൂടിയത് എം  കെ മുനീര്‍. ലീഗ്  കോട്ട കൊടുവള്ളി പോലും ഒലിച്ചുപോയി.ഒരു  ലക്ഷത്തിനടുത്താണ്  ഇടതുമുന്നണിയുടെ മേല്‍ക്കൈ.  ഇതില്‍ നിന്ന്  17000 കുറച്ചാല്‍  അര ലക്ഷത്തിലധികം  വോട്ടിന് ഇടതുസ്ഥാനാര്‍ഥി ജയിക്കണം.  ഈ കണക്ക് പണ്ടേ പൊളിഞ്ഞതാണെന്നാണ്  യുഡിഎഫ്  വാദം.  

വോട്ട് വരുന്ന വഴിയയെല്ലാം  ഇടതുമുന്നണിക്ക് അച്ചട്ടാണ്.  എലത്തൂരിലും  കോഴിക്കോട് നോര്‍ത്ത്, സൗത്ത്, ബേപ്പൂര്‍  മണ്ഡലങ്ങളിലും  ഭേദിക്കാനാവാത്ത  ഭൂരിപക്ഷം .  ബാലുശേരിയിലും കുന്ദമംഗലത്തും  5000ത്തില്‍ താഴെ. കൊടുവള്ളി മാത്രം വിട്ടു കൊടുക്കും.   പ്രദീപ് കുമാറിന്റെ ഭൂരിപക്ഷത്തിന്റെ കണക്കില്‍ മാത്രം സംശയം.   

 കഴിഞ്ഞ രണ്ടു  തിരഞ്ഞെടുപ്പിലും  സി പി എം  വിഭാഗീയതക്ക്  ബലിയിട്ടതാണ്  കോഴിക്കോട്  .  2009ല്‍  വീരേന്ദ്രകുമാറും  ഒരു സീറ്റിന്റെ കണക്കു പറഞ്ഞു. ഒന്നെടുത്താല്‍  നൂറെന്ന് പറഞ്ഞ്  മുന്നണി വിട്ടു.  വോട്ടും  കൂട്ടുമായി വീരേന്ദ്രകുമാര്  ഇത്തവണ  എല്‍ഡിഫിനൊപ്പമുണ്ട്.  അയ്യായിരത്തിലധികം  സോഷിലിസ്റ്റ് വോട്ടുകളുണ്ടാകും മണ്ഡലത്തില്‍ .   വോട്ട്  വരുന്ന വഴികള്‍  ഇടതിന് മനപാഠമാണ്, യു ഡി എഫിന്  അത്ര ഉറപ്പു പോരാ. ഇടതിന്റെ നേട്ടം  രാഘവന്റെ കണക്കിലെ  ചോര്‍ച്ചയാണ്.  കണക്കിനെയല്ലാം  തോല്‍പ്പിക്കാന്‍  യു ഡി  എഫ്  വികസനം  പറയും എണ്ണിയെണ്ണി   ഇടതുമുന്നണി തിരിച്ച്  പറയും. തിരഞ്ഞെടുപ്പ്  തിരക്കനിടെ  കോഴിക്കോട്ട്   ഒളിക്യമറയും  സ്ഥാനാര്‍ഥിയായി.    പ്രതിഛായാനഷ്ടവും വോട്ടുന്ഷ്ടവും    തര്‍ക്കവിഷയമായപ്പോള്‍  പ്രതിരോധത്തില്‍ കുടങ്ങിയത് ഐക്യജനാധിപത്യമുന്നണിയുടെ പ്രചാരണം.     

ബി ജെപിക്ക് ഒന്നേകാല്‍  ലക്ഷത്തിലധികം വോട്ടുണ്ട് മണ്ഡലത്തില്‍ . ഇത് മുഴുവനായും   സ്ഥാനാര്‍ഥിപെട്ടിയില്‍  വീണില്ലെങ്കില്‍  ഇടതുമുന്നണി വോട്ടുകച്ചവടത്തിന്റെ കണക്ക്  പറയും.  കോലീബി സഖ്യം പണ്ടു പരീക്ഷിച്ചത് ബേപ്പൂരിലാണെന്നും  എല്‍  ഡി  എഫ്  പറഞ്ഞു നടക്കും.  

 വടകരക്കൊപ്പം  കോഴിക്കോടും  സി പി എമ്മിന്റെ ശാഠ്യമാണ്. രണ്ടും ജയിച്ചാല്‍ 20 ലും  ജയിച്ചെന്നാവും  പാര്‍ട്ടി പറയുന്ന പാഠം. പാഠഭേദം  പറയാന്‍  കോഴിക്കോട്ട്  പാര്‍ട്ടിക്ക് താതപര്യവുമില്ല .