കണക്കിന്‍റെ കള്ളിയിലെ ചുവപ്പും മൂവര്‍ണവും; ആലപ്പുഴയിലെ അന്തിമചിത്രം, സാധ്യതകള്‍

ആലപ്പുഴ നീന്തിക്കയറാനുള്ള രാഷ്ട്രീയപ്പോരാട്ടത്തില്‍ മുന്നണികള്‍ക്ക് കുതിപ്പും കിതപ്പും. ആരുടെയും കെട്ടുറപ്പുള്ള കോട്ടയല്ലാത്തതിനാല്‍ പ്രതീക്ഷകളുടെ മനക്കോട്ട കെട്ടുകയാണ് പാര്‍ട്ടിപ്രവര്‍ത്തകര്‍. നിയമസഭാ തിരഞ്ഞെടുപ്പിലെ വമ്പിച്ച ഭൂരിപക്ഷമാണ് ഇടതിന്റെ ആത്മവിശ്വാസമെങ്കില്‍ പാര്‍ട്ടിയിലെയും മുന്നണിയിലെയും കെട്ടുറപ്പാണ് യുഡിഎഫിന്റെ കരുത്ത്. വോട്ടുകൂട്ടാനാണ് ഇത്തവണ എന്‍ഡിഎയുടെ മല്‍സരം. 

ആകാശക്കാഴ്ചയില്‍ ആലപ്പുഴയില്‍ പുന്നപ്രയുണ്ട് വയലാറുണ്ട് ബലികുടീരങ്ങള്‍ വേറെയുമുണ്ട്. പക്ഷേ ഭൂമിയിലേക്കിറങ്ങിയാല്‍ ചെങ്കൊടിക്കും മീതെ മൂവര്‍ണക്കൊടി പാറുന്നതും കാണാം. ഏഴുതവണമാത്രമാണ് ഈ മണ്ഡലത്തില്‍നിന്ന് കമ്മ്യൂണിസ്്റ്റ് പാര്‍ട്ടിക്ക് ജയിക്കാനായത്. എന്നാല്‍ അത്രദൂരത്തല്ലാത്ത നിയമസഭാ തിര‍ഞ്ഞെടുപ്പിന്റെ ഭൂരിപക്ഷം പറഞ്ഞ് ഇടതുപക്ഷം അതിന് തടയിടും. ഏഴുമണ്ഡലങ്ങളില്‍ ആറിടത്തും ജയം. ആകെക്കൂട്ടിയാല്‍ ഒരു ലക്ഷത്തിന്റെയടുത്ത് ഭൂരിപക്ഷം. ഈ വോട്ടുകള്‍ക്കും മീതെ എ.എംആരിഫ് ചെങ്കൊടി പറത്തുമെന്നാണ് സിപിഎം കണക്ക്.

ആരിഫിലൂടെ എല്‍ഡിഎഫ് ഉന്നമിട്ട അനുകൂല ഘടകങ്ങള്‍ ഷാനിമോള്‍ അസാധുവാക്കിയെന്നാണ് കോണ്‍ഗ്രസിന്റെ ബൂത്ത് റിപ്പോര്‍ട്ട്. കായംകുളം ഒഴികെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കെ.സി വേണുഗോപാല്‍ എല്ലായിടത്തും ലീഡ് ചെയ്തതും കണക്കിന്റെ കള്ളിയിലെ പച്ചയക്കമാണ്. 

രാഷ്ട്രീയക്കാരനല്ലെങ്കിലും അഭിമാനിക്കാനുള്ള അക്കാദമിക പശ്ചാത്തലമുണ്ട് സ്ഥാനാര്‍ഥിയെ അവതരിപ്പിക്കുമ്പോള്‍ ബിജെപിക്ക്. ഏഴില്‍ഏഴ് നിയമസഭാ മണ്ഡലങ്ങളും കടലോരം അതിര്‍ത്തി പങ്കിടുന്ന ആലപ്പുഴയില്‍ ധീവരസഭയുടെ വോട്ടിലാണ് എന്‍ഡിഎ വലയെറിയുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നാലരശതമാനം തികച്ചുകിട്ടാതിരുന്ന എന്‍ഡിഎയ്ക്ക് ഇത്തവണ കണ്ണടച്ചിരുന്നാലും വോട്ടുകൂടും. രാഷ്ട്രീയ ശക്തിയിൽ മാത്രം വിശ്വസിക്കരുതെന്ന് ഇവിടെ മൂന്നു മുന്നണിക്കുമറിയാം. അതുകൊണ്ടാണ് എല്ലാ റോഡ് ഷോകളും കണിച്ചുകളങ്ങര വരെ നീളുന്നത്.